യുഎസ്-ചൈന പോര് കടുക്കുന്നു. യുഎസ് കമ്പനിയായ ബോയിങ്ങില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത വിമാനങ്ങളും, വിമാനവുമായി ബന്ധപ്പെട്ട ഉപകരണങ്ങളും ഭാഗങ്ങളും വാങ്ങുന്നത് നിര്‍ത്തിവെയ്ക്കാന്‍ ചൈനീസ് എയര്‍ലൈന്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ബ്ലൂംബര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ചൈന ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അമേരിക്കന്‍ പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് അധികാരമേറ്റതിനുശേഷമാണ് അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകിയത്. അമേരിക്ക തുടങ്ങിവെച്ച ‘യുദ്ധത്തിന്’ ചൈനയും അതേ നാണയത്തിലാണ് തിരിച്ചടിക്കുകയായിരുന്നു.145 ശതമാനം വരെ തീരുവയാണിപ്പോള്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക ചുമത്തുന്നത്. ചൈനയാകട്ടെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 125 ശതമാനം വരെ തീരുവയും ചുമത്തുന്നു.
ലോകത്തെ തന്നെ ഏറ്റവും വലിയ വിമാന വിപണികളിലൊന്നാണ് ചൈന. ചൈനയിലെ ഏറ്റവും മികച്ച മൂന്ന് എയര്‍ലൈനുകളായ എയര്‍ ചൈന, ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ്, ചൈന സതേണ്‍ എയര്‍ലൈന്‍സ് എന്നിവക്ക് 2025-2027 കാലയളവില്‍ യഥാക്രമം 45, 53, 81 ബോയിംഗ് വിമാനങ്ങള്‍ വാങ്ങാനായി പദ്ധതിയുണ്ടായിരുന്നു. ഇതിനാല്‍ ബോയിങ്ങിന് ഉപരോധം ഏര്‍പ്പെടുത്തുന്നത് യുഎസ് കമ്പനിയെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.