X
    Categories: keralaNews

കാപ്പിറ്റോളിലേയും കേരള നിയമസഭയിലെയും അക്രമം താരതമ്യപ്പെടുത്തി സമൂഹമാധ്യമങ്ങള്‍

കോഴിക്കോട്: അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ യു.എസിലെ കാപ്പിറ്റോളില്‍ അരങ്ങേറിയ അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ കേരള നിയമസഭയില്‍ നടന്ന അക്രമസംഭവങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന കെ.എം മാണി ബജറ്റ് അവതരിപ്പിക്കവെ സ്പീക്കറുടെ കസേരയടക്കം തള്ളിതാഴെയിടുകയും അതിക്രമം നടത്തുകയും ചെയ്ത പ്രതിപക്ഷ നേതാക്കളുടെ പ്രവര്‍ത്തനമാണ് ചോദ്യം ചെയ്യപ്പെടുന്നത്. കേരള നിയമസഭാ ചരിത്രത്തിലെ കറുത്ത അധ്യായമായ അന്നത്തെ സംഭവങ്ങളും യു.എസിലെ ട്രംപ് അനുകൂലികള്‍ പാര്‍ലിമെന്റ് ഹൗസ് കൈയേറി ഇന്ന് നടത്തിയ പ്രതിഷേധങ്ങളും താരതമ്യപ്പെടുത്തി നിരവധിപേരാണ് സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയത്. നിയമസഭാ അതിക്രമത്തില്‍ മന്ത്രി കെ.ടി ജലീല്‍ ഉള്‍പ്പെടെയുള്ള എല്‍.ഡി.എഫ് നേതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു. അന്ന് അക്രമത്തില്‍ പങ്കെടുത്ത ഇന്നത്തെ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ പില്‍കാലത്ത് ആ സംഭവം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പറയുകയും ചെയ്തിരുന്നു.
ജനാധിപത്യത്തിനെതിരായ എല്ലാ അക്രമങ്ങളും അപലപിക്കപ്പെടേണ്ടതാണ്. അമേരിക്കയിലായാലും കേരളത്തിലായാലും- കോണ്‍ഗ്രസ് എം.പി കൊടിക്കുന്നില്‍ സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: