X

ട്രംപിനെ മറികടന്ന് റഷ്യക്കെതിരെ ഉപരോധം; ബില്‍ യു.എസ് കോണ്‍ഗ്രസ് പാസാക്കി

 
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എതിര്‍പ്പുകളെ മറികടന്ന് റഷ്യക്കെതിരെ പുതിയ ഉപരോധങ്ങളേര്‍പ്പെടുത്തുന്ന ബില്ലിന് യു.എസ് കോണ്‍ഗ്രസ് അംഗീകാരം നല്‍കി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടതിന് ശിക്ഷാനടപടിയെന്ന നിലയ്ക്കാണ് റഷ്യക്കെതിരെ ഉപരോധങ്ങള്‍ കൊണ്ടുവരുന്നത്. റഷ്യയുമായി സുഹൃദ്ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള ട്രംപിന്റെ സ്വപ്‌നങ്ങള്‍ക്ക് ഉപരോധങ്ങള്‍ തിരിച്ചടിയാകും.
സെനറ്റിന്റെ അംഗീകാരവും ട്രംപിന്റെ ഒപ്പും ലഭിച്ചാല്‍ മാത്രമേ ബില്‍ പ്രാബല്യത്തില്‍ വരൂ. റഷ്യയുമായി സൗഹൃദം സ്ഥാപിക്കാന്‍ കൊതിക്കുന്ന ട്രംപ് ബില്‍ വീറ്റോ ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഭാവിയില്‍ ഉപരോധങ്ങള്‍ റദ്ദാക്കുകയോ ലഘൂകരിക്കുകയോ ചെയ്യുന്നതില്‍നിന്ന് ട്രംപിനെ തടയാനും ബില്ലില്‍ വ്യവസ്ഥയുണ്ടെന്നാണ്് റിപ്പോര്‍ട്ട്. ജനപ്രതിനിധി സഭയുടെ അനുമതിയില്ലാതെ ഉപരോധങ്ങളില്‍ മാറ്റംവരുത്തരുതെന്ന് ബില്‍ നിര്‍ദേശിക്കുന്നു. റഷ്യക്കു പുറമെ, ഇറാനും ഉത്തരകൊറിയക്കുമെതിരെ ഉപരോധങ്ങളേര്‍പ്പെടുത്താനും ബില്‍ വ്യവസ്ഥ ചെയ്യുന്നു. ഭീകരതയെ സഹായിക്കുന്നുവെന്നാണ് ഇറാനെതിരെയുള്ള ആരോപണം. മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയതിനാണ് ഉത്തരകൊറിയക്കെതിരെ പുതിയ ഉപരോധങ്ങളേര്‍പ്പെടുത്തുന്നത്. ഇറാനും ഉത്തരകൊറിയക്കും റഷ്യക്കുമെതിരെയുള്ള നീക്കത്തില്‍ ട്രംപിന് എതിര്‍പ്പൊന്നുമില്ലെങ്കിലും ബില്ലിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് വൈറ്റ്ഹൗസ് വക്താവ് സാറ സാന്‍ഡേഴ്‌സ് പറഞ്ഞു.
ആറുമാസമായി റഷ്യന്‍ ബന്ധത്തിന്റെ പേരില്‍ ട്രംപ് ഭരണകൂടം പ്രതിസന്ധിയിലാണ്. പുതിയ ഉപരോധ നീക്കങ്ങളെ റഷ്യ എതിര്‍ത്തു.
ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം തകരാന്‍ അത് കാരണമാകുമെന്ന് റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റ്യബ്‌കോവ് മുന്നറിയിപ്പുനല്‍കി. സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല അതെന്നും അദ്ദേഹം പറഞ്ഞു.

chandrika: