X
    Categories: CultureNewsViews

ഉയ്ഗൂര്‍ മുസ്ലിങ്ങളെ അടിച്ചമര്‍ത്തുന്നു; 23 ചൈനീസ് കമ്പനികളെ അമേരിക്ക കരിമ്പട്ടികയില്‍ പെടുത്തി

ബീജിങ്: ഉയിഗൂര്‍ മുസ്ലിങ്ങള്‍ക്കെതിരെ ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം നടത്തുന്ന അതിക്രമങ്ങളെ പിന്തുണക്കുന്ന 28 ചൈനീസ് കമ്പനികളെ അമേരിക്ക കരിമ്പട്ടികയില്‍പ്പെടുത്തി. മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. ചൈനയിലെ മുസ്ലീം ന്യൂനപക്ഷമായ ഉയിഗുര്‍ വിഭാഗത്തില്‍പ്പെട്ടവരെ ലക്ഷ്യമിട്ട് കമ്പനികള്‍ മോശം പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

സിന്‍ജിയാങ് ഉയിഗൂര്‍ സ്വയംഭരണ പ്രദേശത്തെ പീപ്പിള്‍സ് ഗവണ്‍മെന്റ് പബ്ലിക് സെക്യൂരിറ്റി ബ്യൂറോ, 19 സബോര്‍ഡിനേറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍, എട്ട് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവകളാണ് പുതുതായി പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് യു.എസ് വാണിജ്യ വകുപ്പ് അറിയിച്ചു.

കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഉയ്ഗൂറുകള്‍, കസാക്കുകള്‍ തുടങ്ങി മുസ്ലിം ന്യൂനപക്ഷ ഗ്രൂപ്പുകള്‍ക്കെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും, ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ നടപ്പിലാക്കുന്നതിലും, ജനങ്ങളെ ദീര്‍ഘകാലം തടവിലാക്കുന്നതിലും, അവരുടെ സ്വകാര്യതകളിലേക്ക് കടന്നു കയറി നിരന്തരം നിരീക്ഷിക്കുന്നതിലും വലിയ പങ്കുണ്ടെന്ന് വാണിജ്യ വകുപ്പ് പറയുന്നു. പട്ടികയില്‍ മുനിസിപ്പല്‍, കൗണ്ടി പബ്ലിക് സെക്യൂരിറ്റി ബ്യൂറോകളും സിന്‍ജിയാങ് പൊലീസ് കോളേജും ഉള്‍പ്പെടുന്നു.

സി.സി.ടി.വി കമ്പനിയായ ഹിക്വിഷനാണ് ഇത്തവണ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട പ്രമുഖ കമ്പനി. ഏകദേശം 42 ബില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള ഹിക്വിഷന്‍ ലോകത്തിലെ ഏറ്റവും വലിയ വീഡിയോ നിരീക്ഷണ സംവിധാന നിര്‍മ്മാതാവായാണ് അറിയപ്പെടുന്നത്. യു.എസ് വാണിജ്യ വകുപ്പിന്റെ നീക്കത്തോട് ഹിക്വിഷനും വാഷിംഗ്ടണിലുള്ള ചൈനീസ് എംബസിയും ഇതുവരെ പ്രതികരിച്ചിട്ടില്ല. കരിമ്പട്ടികയില്‍ പെടുത്തിയതോടെ ഈ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇനി അമേരിക്കന്‍ സ്ഥാപനങ്ങളുമായി വ്യാപാര ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കില്ല.

സിന്‍ജിയാങ് വീഗര്‍ ഓട്ടോണോമസ് റീജിയന്‍ എന്ന വിളിപ്പേരുള്ള സിന്‍ജിയാങ് പ്രദേശത്തെ ഭൂരിപക്ഷ മുസ്ലിം ജനവിഭാഗമാണ് ഉയിഗൂര്‍ മുസ്ലിങ്ങള്‍. ജനസംഖ്യയില്‍ 1.2 കോടിയോളം വരുന്ന അവരുടെ മതപരവും സാംസ്‌ക്കാരികവുമായ സ്വത്വത്തെ ഇല്ലാതാക്കുന്ന നടപടികളാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം നടപ്പിലാക്കുന്നത്. ചൈന വംശീയ ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന സമീപനത്തിനെതിരെ വിവിധ ലോക രാജ്യങ്ങളും ഐക്യ രാഷ്ട്ര സംഘടനയുടെ ഏജന്‍സികളും രംഗത്തുവന്നിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: