അഞ്ചുലക്ഷത്തോളം പേരെ കുരുതികൊടുത്ത് ഏഴുവര്‍ഷത്തോളമായി തുടരുന്ന ലോകത്തെ ഏറ്റവും വലിയ മനുഷ്യക്കുരുതിക്ക് വീണ്ടും എണ്ണ പകരുകയാണ് ജനാധിപത്യത്തെക്കുറിച്ചും ലോകസമാധാനത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന പാശ്ചാത്യഭരണകൂടങ്ങള്‍. ഒരു വശത്ത് റഷ്യയും മറുവശത്ത് അ്‌മേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നിവയും ചേര്‍ന്ന് നടത്തുന്ന കൂട്ടക്കൊലകള്‍ ഏത് കാരണത്തിന്റെ പേരിലായാലും നീതീകരിക്കാവുന്നതല്ല. കഴിഞ്ഞ ശനിയാഴ്ച പ്രാദേശികസമയം പുലര്‍ച്ചെയായിരുന്നു മൂന്നുപാശ്ചാത്യരാജ്യങ്ങളുടെ പട്ടാശപ്പടകള്‍ ചേര്‍ന്ന് സിറിയിയില്‍ കനത്ത മിസൈല്‍ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തില്‍ നിരവധി നിരപരാധികള്‍ക്ക് ജീവഹാനി നേരിട്ടു. ഒരാഴ്ചടമുമ്പ് സിറിയയിലെ ഭരണകൂടം നടത്തിയ രാസായുധപ്രയോഗത്തിന് പ്രതികാരമായാണ് ഈ ആക്രമണം അരേേങ്ങറ്റിയത്.
ഡണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ മറ്റൊരു മാനുഷികവിരുദ്ധ നടപടിയായാണ് ഈ ആക്രമണം വിശേഷിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ നാല്‍പതുപേര്‍ കൊല്ലപ്പെട്ടതായാണ് വാര്‍ത്തകള്‍. മുന്‍കൂട്ടി ആസൂത്രണം ചെയ്തുറപ്പിച്ച ആക്രമണമായിരുന്നു ശനിയാഴ്ച ദൗമയില്‍ നടന്നത്. ബഷറുല്‍ അസദിന്റെ ഭരണകൂടത്തിന് റ,്‌യ നല്‍കുന്നപിന്തുണയാണ് അമേരിക്കയെയും സഖ്യരാജ്യങ്ങളെയും വേവലാതിപ്പെടുത്തുന്നത്. മറ്റെന്തൊക്കെ കാരണം പറഞ്ഞാലും കൊല്ലപ്പെടുന്നത് നിരപരാധികളാണെന്ന സത്യം ഇവരാരും ഓര്‍ക്കുന്നില്ലെന്ന് തോന്നുന്നു. അഥവാ ഓര്‍ത്താല്‍തന്നെയും തങ്ങളുടെ സങ്കുചിതമായ രാഷ്ട്രീയ -സാമ്രാജ്യത്വ-ആധികാരതാല്‍പര്യങ്ങളുടെ മുന്നില്‍ സര്‍വതും മറക്കുകയാണ് ഇക്കൂട്ടര്‍. ചരിത്രത്തില്‍ ഇതേ ശക്തികള്‍ കാട്ടിക്കൂട്ടിയ കൂട്ടനരഹത്യകളുടെ കണ്ണീരണിയിക്കുന്ന കഥകള്‍ ഇവിടെ വിവരിക്കേണ്ട കാര്യമില്ല. മൂന്നുരാജ്യങ്ങളുടെസൈനികസന്നാഹങ്ങള്‍ ചേര്‍ന്ന് ഒരേ സമയം 105 മിസൈലുകളാണ് ദൗമ മേഖലയിലേക്ക് തൊടുത്തുവിട്ടത്. പാശ്ചാത്യമാധ്യമങ്ങളുടെ വിവരങ്ങള്‍ വിശ്വസിച്ചാല്‍ തീരെ ചെറിയ ആള്‍നാശമേ ഉണ്ടായുള്ളൂവെങ്കിലും, ഇതിനൊക്കെ അപ്പുറമായിരിക്കണം യാഥാര്‍ത്ഥ്യമെന്നാണ് കരുതപ്പെടുന്നത്.
സിറിയന്‍ ഭരണകൂടത്തിന്റെ രാസായുധകേന്ദ്രങ്ങളിലേക്കാണ് ആക്രമണം നടത്തിയതെന്നാണ് അമേരിക്കയും കൂട്ടരും അവകാശപ്പെടുന്നതെങ്കിലും ഇവരുടെ മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ അത് വിശ്വസിക്കാന്‍ തീരെ പ്രയാസം. സിറിയന്‍ തലസ്ഥാനനഗരിയിലെ ബാര്‍സെക് ഗവേഷണ വികസനസ്ഥാപനത്തിനു നേര്‍ക്കാണ് ഒരാക്രമണമെങ്കില്‍ ഹിം ഷിംസാര്‍ രാസായുധ കേന്ദ്രത്തിലായിരുന്നു മറ്റൊരാക്രമണം. ബാര്‍സെക്കില്‍ മാത്രം എഴുപതിലധികം മിസൈലുകളാണ് പതിച്ചത്. രാസായുധകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ലക്ഷ്യമെന്നാണ് അമേരിക്കയും സഖ്യകക്ഷികളും അവകാശപ്പെടുന്നതെങ്കിലും അതംഗീകരിക്കാന്‍ സിറിയന്‍ ഭരണകൂടവും റഷ്യയും തയ്യാറല്ല.
മുമ്പ് ഇറാഖ് ആക്രമണകാലത്ത് അമേരിക്കയും സഖ്യകക്ഷികളും നാറ്റോ സഖ്യത്തിന്റെ കീഴില്‍ ഐക്യരാഷ്ട്രസഭയുടെ അംഗീകാരത്തോടെ നടത്തിയ കൊടും നരഹത്യകളെ ന്യായീകരിക്കാന്‍ പറഞ്ഞ വാദമുഖങ്ങളാണ് ഇപ്പോള്‍ പലരുടെയും മനസ്സുകളില്‍ ഉയര്‍ന്നുവരുന്നുണ്ടാകുക. അന്ന് രാസായുധഫാക്ടറികള്‍ തകര്‍ക്കാനെന്നുപറഞ്ഞായിരുന്നു സദ്ദാം ഭരണകൂടത്തിന് കൂീഴിലെ ഇറാഖികള്‍ക്ക് നേരെ അമേരിക്കയും കൂട്ടരും ആക്രമണം നടത്തിയതെങ്കില്‍ യുദ്ധം അവസാനിച്ചശേഷം ആണവായുധ പരിശോധകസംഘത്തലവന്‍ തന്നെ പറഞ്ഞത് അത്തരം ആയുധസംഭരണകേന്ദ്രങ്ങള്‍ ഉണ്ടായിരുന്നില്ലെന്നായിരുന്നു. ഇത് കാണിക്കുന്നത് ഇപ്പോഴത്തെ അമേരിക്കന്‍ കുതന്ത്രത്തിന് പിന്നില്‍ പഴയ അമേരിക്കന്‍ സയണിസ്റ്റ് തന്ത്രം ഒളിഞ്ഞുകിടപ്പുണ്ടെന്നാണ്. രാസായുധപ്രയോഗം ബസര്‍ സൈന്യംനടത്തിയെന്ന് തെളിയിക്കാന്‍ ചിത്രസഹിതമുള്ള വാര്‍ത്തകളാണ് ബി.ബി.സി പോലുള്ള പാശ്ചാത്യമാധ്യമങ്ങള്‍ പടച്ചുവിടുന്നത്. തെറ്റുചെയ്യുകയും പിന്നീട് അതിനെ ന്യായീകരിക്കാന്‍ വ്യാജതെളിവ് അവതരിപ്പിക്കുകയും ചെയ്യുന്നത് പാശ്ചാത്യഭരണകൂടങ്ങളുടെ പതിവുശൈലിയാണ്. സിറിയയുടെ കാര്യത്തില്‍ വീണ്ടുമൊരു യുദ്ധാവസ്ഥയിലേക്കാണ് റഷ്യയും അമേരിക്കയും ചേര്‍ന്ന് നീങ്ങുന്നതെന്നാണ് സംശയിക്കപ്പെടുന്നത്. ഇതാകട്ടെ ലോകസമൂഹത്തെയാകെ ആശങ്കയുടെ കൊടുമുടിയില്‍ നിര്‍ത്തുകയാണ്.
ഏറെക്കാലത്തെ ശീതസമരത്തിനും നിരവധി മനുഷ്യരുടെയും രാജ്യങ്ങളുടെയും ഭൂപ്രദേശങ്ങളുടെയും നാശങ്ങള്‍ക്കും തീരാകെടുതികള്‍ക്കും കാരണമായ സോവിയറ്റ്- അമേരിക്കന്‍ ചേരികളുടെ ശീതസമരം ചെറുതായൊന്നുമല്ല ലോകത്തെ ചുടലക്കളമാക്കിയത്. ഇപ്പോള്‍ സിറിയന്‍ ഭരണകൂടത്തിന്റെ ഭാഗത്ത് പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായ റഷ്യ നിലയുറപ്പിച്ചിരിക്കുന്നുവെന്നത് ആശക്കപ്പുറം ആശങ്കയാണ് ലോകസമൂഹത്തിന് മുമ്പാകെ പടര്‍ത്തിവിട്ടിരിക്കുന്നു. തിരിച്ചടിക്കുമെന്നുള്ള റഷ്യയുടെ മുന്നറിയിപ്പും ശീതസമരകാലത്തേതുപോലുള്ള അമേരിക്കന്‍ സഖ്യശക്തികളുടെ അട്ടഹാസവും ഭൂമിയിലെ നരകമായി വിശേഷിപ്പിക്കപ്പെടുന്ന സിറിയയില്‍ മാത്രമല്ല ലോകത്തെയാകെ പരിഭ്രാന്തിയില്‍ അകപ്പെടുത്തിയിരിക്കയാണ്. അധികാരവും കയ്യൂക്കം പാവപ്പെട്ട മനുഷ്യരുടെ ജീവിതവും ജീവനുമെടുത്തുകൊണ്ടാകുന്നത് മാനവരാശിയുടെ നിലനില്‍പ്പിനും ഭാവിക്കുതന്നെയും വലിയ ഭീഷണിയാണെന്ന് പറയേണ്ടതില്ല. ബ്രിട്ടന്‍ കൊടുങ്കാറ്റ് നിഴല്‍ എന്നു പേരുള്ള മിസൈലുകള്‍ ഇനിയും പ്രയോഗിക്കുമെന്ന് ആവര്‍ത്തിച്ചിരിക്കയാണ്. രാസായുധത്തിന്റെ പേരില്‍ സിറിയയുടെ ആയുധ-സേനാകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് പാശ്ചാത്യശക്തികളുടെ ലക്ഷ്യമെന്ന്തീര്‍ച്ചയാണ്. അതിലൂടെ സിറിയയെന്ന് പരമ്പരാഗത മാനവസമൂഹത്തെയും രാഷ്ട്രത്തെയും ലോകത്തിന്റെ ഭൂപടത്തില്‍ നിന്ന്തുടച്ചുമാറ്റുകയോ കൈപ്പിടിയിലാക്കുകയോ ആണ് ഇവരുടെ ലക്ഷ്യം. ഇത്തരത്തിലൊരു കുടിലനീതിയുടെ പരിണിതഫലമാണ് അഫ്ഗാനിസ്ഥാന്‍ എന്ന മറ്റൊരു ഏഷ്യന്‍രാജ്യം. സോവിയറ്റ് സൈന്യം കീഴ്‌പെടുത്തിയത് അന്ന് പാശ്ചാത്യശക്തികളെയാണെന്നാണ് അവകാശപ്പെട്ടിരുന്നതെങ്കിലും സത്യത്തില്‍ ചരിത്രത്തിലെ ഒരു ജനതയുടെ ഭാവിഭാഗധേയമാണ് മൊത്തത്തില്‍ തുടച്ചുനീക്കപ്പെട്ടത്. ഇന്ന് തീവ്രവാദികളുടെയും മയക്കുമരുന്ന് മാഫിയകളുടെയും കൂത്താട്ടമാണ് അഫ്ഗാനില്‍ നാം കാണേണ്ടിവരുന്നത്. സമാനമായ അവസ്ഥയിലേക്ക് അറിഞ്ഞും അറിയാതെയും സിറിയയെയും വലിച്ചുകൊണ്ടുപോകുകയാണ് അമേരിക്കന്‍ വിരുദ്ധരെന്ന് അഭിമാനിക്കുന്ന അസദ് വിരുദ്ധ മുസ്‌ലിം തീവ്രവാദ ഗ്രൂപ്പുകളും. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനും ജീവിതവും പന്താടിക്കൊണ്ടുള്ള ഈ തീക്കളി എത്രയും പെട്ടെന്ന് അവസാനിച്ച് സിറിയന്‍ ജനതയെ സ്വന്തം ഭാവിയും വര്‍ത്തമാനവും നിശ്ചയിക്കാനുള്ള അവസരം വിട്ടുകൊടുക്കുകയാണ് വൈദേശിക ശക്തികള്‍ ചെയ്യേണ്ടത്. പെട്രോളിന്റെ അക്ഷയഖനിയായ അറേബ്യയെ കണ്ണുനട്ടുകൊണ്ടുള്ള പാശ്ചാത്യരുടെ കയ്യേറ്റങ്ങള്‍ക്കുപിന്നില്‍ വെറും രാഷ്ട്രീയത്തിനപ്പുറമുള്ള സാമ്പത്തികവും സാമുദായികവുമായ മാനങ്ങളുണ്ട്. അത് തിരിച്ചറിയാന്‍ ലോകസമൂഹത്തിന്കഴിയും. ലോകമന:സാക്ഷിയെ അഭിസംബോധന ചെയ്യുന്ന ഐക്യരാഷ്ട്രസഭക്കും ഇതരരാജ്യങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഇനിയും മൂകസാക്ഷികളായി ഇരിക്കാന്‍ കഴിയില്ലതന്നെ.
- 7 years ago
ചന്ദ്രിക വെബ് ഡെസ്‌ക്
Categories:
Video Stories