X

അരിക്കൊമ്പന്‍; പ്രതിഷേധമുയര്‍ത്തി ഊരുകൂട്ടങ്ങള്‍, മുതലമടയില്‍ നാളെ ഹര്‍ത്താല്‍

പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി പറമ്പിക്കുളത്തെ ഊരുകളും. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കടുവാസങ്കേതത്തിനകത്തുള്ള 13 ഓളം കോളനികളില്‍ ഊരുകൂട്ടം ചേര്‍ന്നു. മുതലമട പഞ്ചായത്ത് പ്രസിഡന്റ് കല്‍പനാ ദേവിയുടെ തേൃത്വത്തിലുള്ള ഭരണസമതി അംഗങ്ങളും ഊരുകളിലെത്തി മൂപ്പന്മാരുമായി സംസാരിച്ചു. ഹൈക്കോടതി നിര്‍ദേശത്തിനെതിരെ ഇന്ന് പ്രത്യേക ഭരണസമിതി ചേരും. നിയമ നടപടികള്‍ക്കൊപ്പം ആദിവാസികളെ ഉള്‍പ്പെടുത്തി വലിയ ജനകീയ പ്രക്ഷോഭത്തിനാണ് മുതലമട പഞ്ചായത്ത് ഭരണസമിതിയുടെ നീക്കം. ഇന്ന് കടുവാസങ്കേതം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് പിക്കറ്റിങ് രാവിലെ നടക്കും. രമ്യാഹരിദാസ് എം.പി ഉള്‍പ്പടെ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും.

നാളെ രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ മുതലമട പഞ്ചായത്തില്‍ ഹര്‍ത്താലും നടക്കും. കര്‍ഷകരുടെ നേതൃത്വത്തില്‍ കലക്ടറേറ്റിനു മുന്നില്‍ ശയനപ്രദക്ഷിണവും നാളെ നടക്കും. 13ന് സര്‍വകക്ഷിയുടെ നേതൃത്വത്തില്‍ മുതലമട കാമ്പ്രത്ത്ചള്ളയില്‍ ബഹുജന സംഗമവും നടക്കുന്നുണ്ട്. മൂന്നാറില്‍ നിന്നും ആനയെ പറമ്പിക്കുളത്തേക്ക് മാറ്റിയാല്‍ ഇതിന്റെ ദുരിതം അനുഭവിക്കേണ്ടത് മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, അയിലൂര്‍, നെല്ലിയാമ്പതി, വണ്ടാഴി, കിഴക്കഞ്ചേരി, പഞ്ചായത്തുകളാണ്. ആനയെ പറമ്പിക്കുളത്ത് തുറന്നുവിട്ടാല്‍ പരിസരവാസികളുടെ സൈ്വര്യ ജീവിതം തകരുന്നതിനൊപ്പം ടൂറിസം മേഖലയെക്കൂടി ബാധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍ എന്ത് വിലകൊടുത്തും ഈ നീക്കം തടയുമെന്നാണ് ജനങ്ങള്‍ പറയുന്നത്. ഇന്ന് നടക്കുന്ന ഭരണസമിതി യോഗത്തില്‍ നിയമനടപടികള്‍ സംബന്ധിച്ചതടക്കം തീരുമാനമുണ്ടാകും.

webdesk11: