ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സി. ആര്‍. പി.എഫ് വാഹന വ്യൂഹത്തിന് നേരെ ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ നടത്തിയ ആക്രമണം സി. ആര്‍. പി.എഫിന്റെ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ ആക്രമണമാണ്. 2010ല്‍ ചത്തീസ്ഗഡിലെ ദന്തേവാഡയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ 75 ജവാന്‍മാര്‍ കൊല്ലപ്പെട്ടതാണ് സുരക്ഷാ സേനക്ക് ഏറ്റവും വലിയ ആള്‍നാശമുണ്ടായ സംഭവം.
ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ഗംഗാറാം ആഹിര്‍ ലോക്‌സഭയില്‍ ഈ മാസം അഞ്ചിന് നല്‍കിയ മറുപടി അനുസരിച്ച് ജമ്മുകശ്മീരില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 1708 ഭീകരാക്രമണമാണ് നടന്നത്. ഇതില്‍ 339 സുരക്ഷാ സൈനികരാണ് കൊല്ലപ്പെട്ടത്.
2014ല്‍ 47 സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ട സ്ഥാനത്ത് 2018ല്‍ ഇത് 91 ആയി ഉയര്‍ന്നു. 94 ശതമാനത്തിന്റെ വര്‍ധനവാണിത്. 2014ല്‍ 222 ഭീകരാക്രമണങ്ങള്‍ നടന്ന സ്ഥാനത്ത് 2018ല്‍ മാത്രം 614 ആയാണ് ഉയര്‍ന്നത്. ഭീകരാക്രമണങ്ങളുടെ എണ്ണത്തില്‍ നാലു വര്‍ഷത്തിനിടെ 177 ശതമാനം വര്‍ധനവാണുണ്ടായത്. അഞ്ചുവര്‍ഷത്തിനിടെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 2014ല്‍ 110 ഭീകരര്‍ കൊല്ലപ്പെട്ട സ്ഥാനത്ത് 2018ല്‍ 257 ആയി ഉയര്‍ന്നു, 134 ശതമാനം വര്‍ധനവ്. അഞ്ചു വര്‍ഷത്തിനിടെ 838 ഭീകരരാണ് ജമ്മുകശ്മീരില്‍ കൊല്ലപ്പെട്ടത്. അഞ്ചു വര്‍ഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഭീകരാക്രമണം നടന്നത് 2018ലാണ്.
2017നെ അപേക്ഷിച്ച് ഭീകരാക്രമണങ്ങളുടെ എണ്ണത്തില്‍ 70 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. 2017 വരെയുള്ള കണക്കുകള്‍ പ്രകാരം 28 വര്‍ഷത്തിനിടെ 70,000 ഭീകരാക്രമണമാണ് ജമ്മുകശ്മീരില്‍ നടന്നത്. ഇതില്‍ 22,143 ഭീകരരും 13,976 സിവിലിയന്‍മാരും 5,123 സൈനികരുമാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി ഇന്ത്യന്‍ സുരക്ഷാ സേനക്ക് നേരെയുണ്ടായ പ്രധാന ആക്രമണങ്ങള്‍
2014 ഡിസംബര്‍ 5:
ആയുധാരികളായ ആറു ഭീകരര്‍ ഉറിയിലെ മോഹ്‌റ ര്‍മി ക്യാമ്പ് അക്രമിച്ചു. നേരിട്ടുള്ള വെടിവെപ്പ് ആക്രമത്തില്‍ പത്ത് സൈനികരാണ് കൊല്ലപ്പെട്ടത്.
25 ജൂണ്‍ 2016:
ശ്രീനഗര്‍-ജമ്മു നാഷണല്‍ ഹൈവേയില്‍ പാമ്പോറില്‍ വെച്ച് സിആര്‍പിഎഫ് ബസിന് നേരെ വെടി തീവ്രവാദികളുടെ വെടിവെപ്പ്. അക്രമണ്തതില്‍ എട്ട് സൈനികരാണ് കൊല്ലപ്പെട്ടത്.
18 സെപ്റ്റംബര്‍ 2016:
ബാരാമുള്ള ജില്ലയിലെ ഉറിയില്‍ നടന്ന ഭീകരാക്രമണം. നുഴഞ്ഞു കയറിവന്ന പാക് തീവ്രവാദികളുടെ വെടിവയ്പില്‍ 18 സൈനികരാണ് കൊല്ലപ്പെട്ടത്. സൈനികര്‍ ഉറങ്ങികിടക്കുമ്പോഴായിരുന്നു അപ്രതീക്ഷിത അക്രമം. ഇതിനെ തുടര്‍ന്ന് പാകിസ്താന്‍ അധിനിവേശ കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് തിരിച്ചടിയുണ്ടായി.
29 നവംബര്‍ 2016:
ജമ്മുവിലെ നഗ്‌റോട്ടയിലെ ആര്‍മി ക്യാമ്പില്‍ വെടിവെപ്പ്. ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു.
26 ആഗസ്റ്റ് 2017:
പുല്‍വാമയിലെ ജില്ലാ പോലീസ് ലൈനുകളില്‍ മൂന്ന് ജെയ്ഷ് ഭീകരരുടെ ആക്രമം. കൊലപ്പെടുംമുന്നേ ഇന്ത്യയുടെ എട്ട് സുരക്ഷാ സേനക്കാരെ ഭീകരര്‍ കൊലപ്പെടുത്തി.