X

ഉര്‍ദു ദേശീയോദ്ഗ്രഥനത്തിന്റെ ഭാഷ

നൗഷാദ് റഹ്മാനി മേല്‍മുറി

ഇന്ത്യയുടെ മതേതര മൂല്യങ്ങള്‍ക്ക് ശക്തി പകരുന്നതില്‍ ഉര്‍ദു ഭാഷ അനവഗണനീയ പങ്കു വഹിച്ചിട്ടുണ്ട്. രാജ്യത്തെ ചൂഷണം ചെയ്യാന്‍ കടന്നുവന്ന വൈദേശികര്‍ക്കെതിരെ പൊരുതാന്‍ ദേശസ്‌നേഹികള്‍ക്ക് സമരവീര്യം പകര്‍ന്ന് ഉര്‍ദു ഭാഷ മുന്നില്‍ തന്നെയുണ്ടായിരുന്നു. ഇന്ത്യന്‍ ദേശീയതയെ ശക്തിപ്പെടുത്താനും ദേശീയോദ്ഗ്രഥനത്തിനും ഏറ്റവും കൂടുതല്‍ സംഭാവനകളര്‍പ്പിച്ച ഭാഷയാണ് ഉര്‍ദു. ഭാരതത്തിന്റെ യശസ്സുയര്‍ത്തി, ഇന്ദ്രപ്രസ്ഥത്തില്‍ നിലയുറപ്പിച്ചിട്ടുള്ള പല സ്മാരകങ്ങളും ഉര്‍ദുവിന്റെകൂടി ചരിത്രങ്ങളെ അടയാളപ്പെടുത്തുന്നതാണ്.

ഉര്‍ദുവിന്റെ പിറവി സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഫാര്‍സി ഭാഷ സംസാരിച്ചിരുന്ന മുസ്‌ലിം ഭരണാധികാരികള്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ ഡല്‍ഹിയടക്കമുള്ള സ്ഥലങ്ങളില്‍ ഖഢിബോലി എന്ന പ്രാദേശിക ഭാഷക്കായിരുന്നു പ്രാമുഖ്യം. അറബിയുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന ഫാര്‍സി ഭാഷ, ഖഢിബോലി ഭാഷയുമായി കൂടിക്കലരുകയും പുതിയ ഭാഷ പിറക്കുകയുമായിരുന്നെന്ന് ചരിത്രത്തില്‍ കാണാം. പട്ടണങ്ങളില്‍ തമ്പടിച്ചിരുന്ന മുസ്‌ലിം പട്ടാളക്കാര്‍ സാധാരണക്കാരോട് സംവദിച്ചിരുന്നത് ഈ മിശ്രിത ഭാഷയിലായിരുന്നു. അതിനാലാണ് സൈന്യം എന്നര്‍ത്ഥമുള്ള ഉര്‍ദു എന്ന തുര്‍ക്കിപദം ഈ ഭാഷയുടെ പേരായത്. പത്താം നൂറ്റാണ്ടില്‍ മുസ്‌ലിംകളുടെ ആഗമനത്തോടെ രൂപാന്തരപ്പെട്ട ഉര്‍ദുവിന് ആ പേര് വരുംമുമ്പ് സബാനേ ദില്ലി, ഹിന്ദുസ്ഥാനി, ദഖ്‌നി, ഗുജരി തുടങ്ങി നിരവധി പേരുകളുണ്ടായിരുന്നു. മുഹമ്മദ് ബിന്‍ തുഗ്ലക് തന്റെ തലസ്ഥാനം ഹൈദരാബാദിലേക്ക് മാറ്റിയതോടെയാണ് ഉര്‍ദു ഭാഷ ദക്ഷിണേന്ത്യയിലേക്കും വ്യാപിക്കുന്നത്. ചുരുക്കത്തില്‍, ഇന്ത്യയില്‍ പിറവിയെടുത്ത ഭാഷയാണ് ഉര്‍ദു.

സാഹിത്യ രംഗത്ത് ഉര്‍ദുവിന്റെ കാല്‍വെപ്പ് വിപ്ലവാത്മകമായിരുന്നു. പദ്യ ഗദ്യ വിഭാഗങ്ങളിലായി ഉര്‍ദു, സാഹിത്യ സമ്പുഷ്ഠിയോടെ തലയുയര്‍ത്തി നില്‍ക്കുന്നു. ഇഖ്ബാല്‍, മീര്‍, മോമിന്‍, സൗദാ, ഗാലിബ്, വലി തുടങ്ങിയ കവികള്‍ ഉര്‍ദു ഭാഷയുടെ സൗന്ദര്യം വാനോളമുയര്‍ത്തി. 1800ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കൊല്‍ക്കത്തയില്‍ സ്ഥാപിച്ച ഫോര്‍ട്ട് വില്ല്യം കോളജ് ഉര്‍ദു ഭാഷക്ക് നല്‍കിയ സംഭാവനകള്‍ ചെറുതല്ല. ഉര്‍ദു ഭാഷ ഇംഗ്ലീഷ് ഉദ്യോഗസ്ഥന്മാരെ പഠിപ്പിക്കാന്‍ സ്ഥാപിതമായ ഈ കോളജിന്റെ ആദ്യ അമരക്കാരന്‍ ജോണ്‍ ഗില്‍ ക്രിസ്റ്റ്, നിരവധി പ്രഗത്ഭരായ ഉര്‍ദു എഴുത്തുകാരെ ഉപയോഗപ്പെടുത്തി സാഹിത്യ സമ്പുഷ്ടമായ അനവധി ഗ്രന്ഥങ്ങള്‍ ഉര്‍ദുവിലേക്ക് വിവര്‍ത്തനം ചെയ്യിച്ചു. അതുവഴി ഉര്‍ദു സാഹിത്യം കൂടുതല്‍ പുഷ്ടിപ്പെട്ടു. കവിതാ മേഖലയാണ് കൂടുതല്‍ ജനകീയമായത്. മുഗള്‍ സാമ്രാജ്യത്തിലെ അവസാന ചക്രവര്‍ത്തിയും ഉര്‍ദു കവിയുമായിരുന്ന ബഹാദൂര്‍ഷാ സഫര്‍ അടക്കമുള്ള, ഉര്‍ദു കാവ്യ ലോകത്തെ പ്രഗത്ഭരായ അതികായര്‍ ഉര്‍ദുവിനെ അവിസ്മരണീയമാക്കി.

ഉര്‍ദു കവിതായിനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായതും ജനകീയമായതും ഗസലാണ്. ഗുലാം അലി മുതല്‍ മെഹദീ ഹസന്‍, പങ്കജ് ഉദാസ് വരെയുള്ള ഗസല്‍ ആലാപകരും മീര്‍ തഖീ മീര്‍, മീര്‍സാ ഗാലിബ് അടക്കമുള്ള ഗസല്‍ രചയിതാക്കളും ഉര്‍ദു ഭാഷയെ ഏറെ ശ്രദ്ധേയമാക്കി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുലാം അലി കോഴിക്കോട് പാടിയപ്പോള്‍ പതിനായിരങ്ങളാണ് സദസ്സില്‍ കയ്യടികളോടെയുണ്ടായിരുന്നത്.
മിക്ക ഹിന്ദി സിനിമകളിലേയും ഗാനങ്ങള്‍ ഉര്‍ദു ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. ഹിന്ദിയെ അപേക്ഷിച്ച് ഏറെ സൗകുമാര്യതയും സൗന്ദര്യവും ലളിത ശൈലിയും ഉള്‍ക്കൊണ്ട ഭാഷയായതിനാലാണത്. ഹിന്ദിയും ഉര്‍ദുവും വ്യാകരണപരമായി വലിയ വ്യത്യാസങ്ങളില്ല.

ദേശീയതയേയും ഐക്യബോധത്തേയും ഊട്ടിയുറപ്പിക്കുന്നതില്‍ ഉര്‍ദു വഹിച്ച പങ്ക് ചെറുതല്ല. സ്വാതന്ത്ര്യസമരത്തില്‍ വരെ ഉര്‍ദുവിന്റെ സ്വാധീനം പ്രകടമായിരുന്നു. ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ തന്റേതായ പങ്ക് വഹിച്ച സഫര്‍ മുതല്‍ വിപ്ലവ കവി ഫൈസ് വരെയുള്ളവര്‍ സ്വതന്ത്ര ഭാരതത്തിന്റെ പിറവി സ്വപ്‌നം കണ്ട് പേന ചലിപ്പിച്ചവരാണ്. ദേശീയോദ്ഗ്രഥനത്തിനാണ് ഉര്‍ദു പ്രാമുഖ്യം കല്‍പ്പിച്ചത്. ഉര്‍ദു മുസ്‌ലിംകളുടെ മാത്രം ഭാഷയാണെന്നത് തെറ്റിദ്ധാരണയാണ്. ഇന്ത്യയുടെ പൊതുഭാഷയാണ് ഉര്‍ദു. പ്രേംചന്ദ്, മുല്‍ക് രാജ് ആനന്ദ്, കിഷന്‍ ചന്ദര്‍, ഫിറാഖ്, നാരായന്‍ ചക് പസ്ത് തുടങ്ങി നിരവധി അമുസ്‌ലിം സാഹിത്യകാരന്‍മാര്‍ ഉര്‍ദു സാഹിത്യത്തില്‍ നിറഞ്ഞുനില്‍പ്പുണ്ട്. ഇന്ത്യയിലെ സൂഫീസാന്നിധ്യം ഉര്‍ദു ഭാഷയെ ജനപ്രിയവും സുദൃഢവുമാക്കി. ഇസ്‌ലാമിന്റെ പ്രചാരണത്തിന് അവര്‍ മാധ്യമമായി സ്വീകരിച്ചത് ഉര്‍ദുവായിരുന്നു. ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തി, ഖ്വാജാ ബന്ദേനവാസ് ഗേസൂദറാസ്, ഹസറത്ത് നിസാമുദ്ദീന്‍ ഔലിയ, ശൈഖ് റശീദുദ്ദീന്‍ ശഖര്‍കഞ്ച് തുടങ്ങിയവര്‍ അവരില്‍ പ്രമുഖരാണ്. സന്ദര്‍ശകരായ ജനസഹസ്രങ്ങളോട് ഈ മഹത്തുക്കള്‍ ഉര്‍ദു ഭാഷയിലാണ് ആശയവിനിമയം നടത്തിയത്.

കേരളത്തിലെ ഉര്‍ദു സാന്നിധ്യവും അനിഷേധ്യമാംവിധം വളര്‍ന്നിട്ടുണ്ട്. ഇരുപത്തിയെട്ട് ഉര്‍ദു നോവലുകളും നിരവധി ചെറുകഥകളും രചിച്ച സുലൈഖ ഹുസൈന്‍ മലയാളിയാണ്. 1930 ല്‍ കൊച്ചി മട്ടാഞ്ചേരിയില്‍ ജനിച്ച സുലൈഖ ഹുസൈന്‍ ഇരുപതാം വയസ്സില്‍ ഉര്‍ദു നോവല്‍ രചന തുടങ്ങി. ഇരുപത്തിയാറ് നോവലുകള്‍ അവര്‍ രചിച്ചു. അവയില്‍ പലതും ഉത്തരേന്ത്യയില്‍ പ്രസിദ്ധമാണ്. ‘മേരേ സനം’ എന്ന ആദ്യ നോവല്‍ തന്നെ അതേ പേരില്‍ ഹിന്ദി സിനിമയാക്കിയിരുന്നു. എന്നാല്‍ സുലൈഖ ഹുസൈനെ കേരളമറിഞ്ഞത് അവര്‍ മരണപ്പെട്ടതിനു ശേഷമാണ്. കേരളത്തില്‍ ഉര്‍ദു കവിതകള്‍ വിരചിതമാവാന്‍ തുടങ്ങിയത് 1930 കളിലാണ്. അബ്ദുല്‍ കരീം സേഠ് അഖ്തര്‍, എസ്.എം. സര്‍വര്‍, മൂസാ നാസിഹ് എന്നവര്‍ കേരളത്തിലെ പ്രസിദ്ധരായ ഉര്‍ദു കവികളാണ്. എസ്.എം സര്‍വറാണ് കേരളത്തിലെ ആദ്യത്തെ ഉര്‍ദു കവിത സമാഹാരമായ ‘അര്‍മഗാനേ കേരള’ രചിച്ചത്.

 

 

 

Test User: