യുവേഫ ചാമ്പ്യന്‍സ് ലീഗിലെ വമ്പന്‍ മല്‍സരത്തിലെ വിജയത്തിന് ശേഷം പോര്‍ച്ചുഗീസി സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോക്ക് വിശ്രമം അനുവദിച്ചതോടെ പണം തിരികെ ചോദിച്ച് ആരാധകന്‍. സിരിയസ് എ യില്‍ യുവന്തസ്-ജിനോവ മല്‍സരം കാണാന്‍ എത്തിയ ആരാധകനാണ് മൈതാനത്ത് പ്രിയ താരം സിആര്‍ 7 ഇല്ലെന്ന് അറിഞ്ഞതോടെ ടിക്കറ്റ് പണം തിരികെ ചോദിച്ചത്.
യുവന്തസ്-ജിനോവ മല്‍സരത്തിന്റെ ടിക്കറ്റ് എല്ലാം വിറ്റഴിഞ്ഞപ്പോഴാണ് കൃസ്റ്റിയാനോ റൊണാള്‍ഡോ മല്‍സരത്തിലുണ്ടാവില്ലെന്ന്, യുവെ കോച്ച്് മാസിമിലാനോ അല്‍ഗ്രേനി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. യുവേഫ ചാമ്പ്യന്‍സ് ലീഗിലെ വലിയ മല്‍സരത്തിന് ശേഷം സൂപ്പര്‍ താരത്തിന് താന്‍ വിശ്രമം അനുവദിച്ചിരിക്കയാണെന്നായിരുന്നു കോച്ചിന്റെ വാക്കുകള്‍. ഉടനെ നിരവധി റോണോ ആരാധകര്‍ ടിക്കറ്റ് കാശ് തിരികെ ചോദിച്ച്് യുവന്തസിനെതിരെ രംഗത്തെത്തുകയായിരുന്നു. ജിനോവയുടെ ആരാധകരും പണം തിരികെ വാങ്ങാന്‍ വന്നതോടെ സംഘാടകര്‍ സമ്മര്‍ദ്ദത്തിലായി. കൃസ്റ്റിയനോ കളിക്കുന്നത് കാണാനാണ് വലിയ വിലക്ക് ടിക്കറ്റ് വാങ്ങിയതെന്നും അദ്ദേഹമില്ലെങ്കില്‍ പണം തിരികെ തരണമെന്നുമായിരുന്നു പലരുടെയും വാദം
അതേസമയം കൃസ്റ്റിയാനോ റൊണാള്‍ഡോയില്ലാതെ കളത്തിലിറങ്ങിയ യുവന്തസ് താരത്തിന്റെ വില ഒരിക്കല്‍ കൂടി അറിഞ്ഞു. ജിനോവയെ നേരിട്ട ചാമ്പ്യന്മാര്‍ രണ്ട് ഗോളിന് തോറ്റു മടങ്ങുകയാണുണ്ടാത്. സ്റ്റെഫാനോ സ്റ്റുവാറോ, ഗോറാന്‍ ബാന്‍ഡേവ് എന്നിവരാണ് ജിനോവക്കായി ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തത്. സീസണില്‍ യുവന്തസിന്റെ ആദ്യ പരാജയമാണിത്. എന്നിട്ടും രണ്ടാം സ്ഥാനക്കാരേക്കാള്‍ 18 പോയന്റിന്റെ വ്യക്തമായ ലീഡിലാണ് നിലവിലെ ചാമ്പ്യന്മാര്‍.
കഴിഞ്ഞ ദിവസം റൊണാള്‍ഡോയുടെ ഹാട്രിക്കിലാണ് യുവന്തസ് അത്‌ലറ്റികോ മാഡ്രിഡിനെ കീഴ്‌പ്പെടുത്തി യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ടിക്കറ്റ് നേടിയത്. ആദ്യ പാദത്തില്‍ രണ്ട് ഗോളിന് പിറകില്‍ നിന്ന ശേഷമായിരുന്നു പോര്‍ച്ചുഗലുകാരന്റെ കരുത്തില്‍ ടീമിന്റെ തിരിച്ചുവരവ്.