ഉത്തർപ്രദേശിൽ മുസ്ലിം വിദ്യാർഥിയെ അധ്യാപിക സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി.ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടുമാണ് മനുഷ്യാവകാശ കമ്മീഷൻ നാലാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.അധ്യാപികയ്‌ക്കെതിരെ എടുത്ത നടപടികളും പൊലീസ് അന്വേഷണത്തിലെ പുരോഗതിയും അറിയിക്കണമെന്നും കമ്മീഷൻ അറിയിച്ചു. സ്‌കൂൾ ഉടമ കൂടിയായ അധ്യാപിക ഇതുവരെ അറസ്റ്റിലായിട്ടില്ലെന്ന് മാധ്യമ റിപ്പോർട്ടുകളിൽനിന്ന് മനസ്സിലാക്കുന്നുവെന്നും കമ്മീഷൻ വ്യക്തമാക്കി.