X

കുടിയാന്മാര്‍ക്കൊപ്പം നിന്ന ഉപ്പി സാഹിബ്- യു.കെ മുഹമ്മദ് കുഞ്ഞി

യു.കെ മുഹമ്മദ് കുഞ്ഞി

മദിരാശി സെന്‍ട്രല്‍ അസംബ്ലിയില്‍ 1929 ല്‍ ആരെയും ആശ്ചര്യപ്പെടുത്തുന്ന ആവശ്യവുമായി ഒരാള്‍ എഴുന്നേറ്റ് നിന്നു. നാട്ടിലെ വലിയ ജന്മിമാരില്‍ ഒരാളായ കോട്ടാല്‍ ഉപ്പി സാഹിബായിരുന്നു അത്. കുടിയാന്മാര്‍ക്ക് ഭൂമി പതിച്ചുനല്‍കണമെന്നതായിരുന്നു ആവശ്യം. ഉപ്പി സാഹിബിന്റെ വാദം ഏവരെയും അത്ഭുതപ്പെടുത്തി. ‘കുടിയാന്മാര്‍ക്ക് വേണ്ടി വാദിക്കുന്ന താങ്കള്‍ ഒരു ജന്മിയാണെന്ന കാര്യം മറക്കരുത്’ ഇത് ചോദിച്ച ബ്രിട്ടീഷ് അധികാരിയുടെ മുഖത്ത് നോക്കി ‘ഞാന്‍ ജന്മിമാരുടെ പ്രതിനിധിയായല്ല ഇവിടെ നില്‍ക്കുന്നത്’ എന്ന് ഉപ്പി സാഹിബ് മറുപടിയും പറഞ്ഞു. വലിയൊരു ജന്മി കുടുംബാംഗമായ ഉപ്പി സാഹിബ്, ഭരണ നിര്‍വഹണ സഭകളില്‍ ജന്മി കുടിയാന്‍ പ്രശ്‌നം വരുമ്പോള്‍ കുടിയാന്മാര്‍ക്ക് അനുകൂലമായി വാദിച്ചു ചരിത്രത്തിലിടം നേടിയ രാഷ്ട്രീയക്കാരനായിരുന്നു. മുസ്‌ലിംലീഗ് പിന്തുണയോടെ കോണ്‍ഗ്രസ് മദിരാശി സംസ്ഥാനം ഭരിക്കുമ്പോള്‍, മന്ത്രിസഭയിലേക്കുള്ള മുഖ്യമന്ത്രി രാജാജിയുടെ ക്ഷണത്തെ സ്‌നേഹപൂര്‍വം നിരസിച്ച അദ്ദേഹം, ന്യായമായ ആവശ്യങ്ങള്‍ക്കായി എന്നും ശബ്ദമുയര്‍ത്തിയിരുന്നു.

1952 ലാണ് സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ പൊതുതിരഞ്ഞെടുപ്പ് നടന്നത്. മുസ് ലിംലീഗ് ഒറ്റക്കായിരുന്നു തിരഞ്ഞെടുപ്പിനെ നേരിട്ടത്. മലബാറിലെ മുസ്‌ലിം രാഷ്ട്രീയ മനസ് എങ്ങോട്ട് പോകുന്നു എന്നതിന്റെ വ്യക്തമായ തെളിവായിരുന്നു തിരഞ്ഞെടുപ്പിലെ മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥികളുടെ മിന്നുന്ന വിജയം. മലബാറില്‍ നിന്ന് അഞ്ച് പ്രതിനിധികളെയാണ് മുസ്‌ലിം ലീഗ് വിജയിപ്പിച്ചെടുത്തത്. ഈ അഞ്ചംഗ നിയമസഭാ സാമാജികരുടെ അസംബ്ലി പാര്‍ട്ടി ലീഡറായി തിരഞ്ഞെടുക്കപ്പെട്ടത് ഉപ്പി സാഹിബിനെയായിരുന്നു. ഇതും ഒരു ചരിത്ര രേഖയാണ്. മണിക്കൂറുകള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ഉപ്പി സാഹിബിന് ആ ദൗത്യം ഏറ്റെടുക്കേണ്ടി വന്നത്. സീതി സാഹിബടക്കമുള്ളവര്‍ ഉപ്പി സാഹിബിനെ അനുകൂലിച്ചപ്പോള്‍, സീതി സാഹിബ് ലീഡര്‍ ആവണമെന്ന് ഉപ്പി സാഹിബ് ഉറപ്പിച്ചുപറഞ്ഞു. ഒടുവില്‍ ഖാഇദേ മില്ലത്ത് ഇടപെട്ടാണ് ഉപ്പി സാഹിബിനെ തിരഞ്ഞെടുത്തത്.

ഇക്കാലത്താണ് അസംബ്ലിയില്‍ മുസ്‌ലിംലീഗ് കൊണ്ട് വന്ന ‘മുസ്‌ലിം പേഴ്‌സണല്‍ ലോ’ നിയമമാക്കാന്‍ സാധിച്ചത്. ഉപ്പി സാഹിബിന്റെയും സീതി സാഹിബിന്റെയും തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് ഈ നിയമം നടപ്പില്‍വരുത്താന്‍ സാധിച്ചത്. സ്വാതന്ത്ര്യത്തിന്മുമ്പ് തന്നെ ദേശീയ പ്രസ്ഥാനത്തിലും ഖിലാഫത്ത്, മജ്‌ലിസ് പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ച ഉപ്പി സാഹിബ്, 1921 ലെ മലബാര്‍ കലാപത്തിന്റെ തുടര്‍ച്ചയായി ആയിരങ്ങളെ തടവിലാക്കുകയും ആന്തമാനിലേക്ക് നാടു കടത്തുകയും ചെയ്ത കരി നിയമത്തിനെതിരെ പോരാടിയ നേതാവായിരുന്നു. മലബാറിലെ മാപ്പിളമാര്‍ യാതൊരു മാനുഷിക പരിഗണനയും ഇല്ലാതെ കൊടിയ പീഡനം നേരിട്ടപ്പോഴൊക്കെ ഭരണ കൂടങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരം നടത്തിയ സമുദായ സ്‌നേഹിയായിരുന്നു അദ്ദേഹം.

പൊതു പ്രവര്‍ത്തനത്തോടൊപ്പം തന്നെ സാഹിത്യത്തിലും അതീവ തല്‍പരനായിരുന്നു ഉപ്പി സാഹിബ്. മറ്റെല്ലാ മുസ്‌ലിം മുന്നേറ്റങ്ങളുടെയും ആദ്യ വേദിയായ തലശേരി, മാപ്പിള സാഹിത്യത്തിന്റെയും ഈറ്റില്ലമായിരുന്നു. തലശേരിയിലെ ആദ്യത്തെ മുസ്‌ലിം ലിറ്ററേച്ചര്‍ സൊസൈറ്റിയുടെ പ്രഥമ ചെയര്‍മാനായിരുന്നു. മദിരാശി പ്രസിഡന്‍സി കോളജിലെ പഠന കാലത്ത്, ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്റെ ഭാഗമായി കോളജ് ബഹിഷ്‌കരിച്ച് പുറത്തുവന്ന ആദ്യ വിദ്യാര്‍ഥിയായിരുന്നു. മുസ്‌ലിം സമുദായത്തിന്റെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന്റെ ഉയര്‍ച്ചക്കും വളര്‍ച്ചക്കും വേണ്ടിയും പുരുഷായുസ് മുഴുവന്‍ കര്‍മരംഗത്ത് നിറഞ്ഞുനിന്ന ഉപ്പി സാഹിബിന്റെ ഓര്‍മ നിലനിര്‍ത്താന്‍ അനുയോജ്യമായ ഒരു സ്ഥാപനവും ഇതുവരെ നിലവില്‍ വന്നില്ല എന്ന പോരായ്മക്ക് പരിഹാരമായി അദ്ദേഹത്തിന്റെ ജന്മദേശത്ത് സ്മാരകത്തിന്റെ പ്രാരംഭ പ്രവര്‍ത്തനം അടുത്തായി ആരംഭിച്ചിട്ടുണ്ട് എന്നത് ആശ്വാസ വാര്‍ത്തയാണ്.

Test User: