ന്യൂഡല്‍ഹി: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗക്കാര്‍ക്ക് സംവരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. സംവരണം നടപ്പിലാക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. 10 ശതമാനാണ് സംവരണം ഏര്‍പ്പെടുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് നാളെ പാര്‍ലമെന്റില്‍ ഭരണഘടന ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.
സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുന്നാക്ക വിഭാഗങ്ങള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. സമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി എന്നിവയായിരുന്നു ഇവര്‍ ഉന്നയിച്ച ആവശ്യം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി നിലനില്‍ക്കുന്നതിനാല്‍ നടപ്പാക്കാന്‍ ബുദ്ധിമുട്ടാകുമെന്നാണ് വിലയിരുത്തല്‍.
50 ശതമാനത്തിലധികം സംവരണം നല്‍കരുതെന്നാണ് സുപ്രീംകോടതി വിധി. എന്നാല്‍ ഇത് 10ശതമാനം കൂടി ഉയര്‍ത്തി 60 ശതമാനമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഉന്നമിടുന്നത്. ഇതിനാണ് കേന്ദ്രസര്‍ക്കാര്‍ നാളെ ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നത്. എട്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് ഈ സംവരണത്തിന്റെ ഗുണം ലഭിക്കുകയെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.