ഡല്‍ഹി: യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്‌സ് (യു.പി.ഐ.) പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ വാട്‌സ്ആപ്പ് അതിന്റെ മാതൃസ്ഥാപനമായ ഫെയ്‌സ്ബുക്കിനോ ഏതെങ്കിലും തേഡ് പാര്‍ട്ടി സേവനങ്ങള്‍ക്കോ കൈമാറുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ റിസര്‍വ് ബാങ്കിനും എന്‍.പി.സി.ഐയ്ക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാട്‌സ്ആപ്പിനോട് പ്രതികരണം ആവശ്യപ്പെട്ട് സുപ്രീം കോടതി.
വാട്‌സ്ആപ്പ് മറുപടി നല്‍കിയില്ലെങ്കില്‍ ഹര്‍ജിയിലെ വാദങ്ങള്‍ അംഗീകരിക്കപ്പെടുമെന്ന് ചീഫ് ജസ്റ്റിസ് എസ്എ. ബോബ്‌ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രമണ്യന്‍ എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു. എന്നാല്‍, ഈ വിഷയത്തില്‍ കക്ഷിചേരുന്നതിന് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് വാട്‌സ്ആപ്പിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകനായ അര്‍വിന്ദ് ദട്ടര്‍ പറഞ്ഞു. അതേസമയം, റിസര്‍വ് ബാങ്ക് മറുപടി നല്‍കിയതായി ബാങ്കിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി പറഞ്ഞു.
യു.പി.ഐ. സംവിധാനത്തിലെ അംഗങ്ങളുടെ ഓഡിറ്റ് നടത്തേണ്ട ചുമതല തങ്ങള്‍ക്കില്ലെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. ഗൂഗിള്‍, വാട്‌സ്ആപ്പ് പോലുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയ്ക്കാണെന്നും (എന്‍.പി.സി.ഐ.) റിസര്‍വ് ബാങ്ക് വ്യക്തമാക്കി.