കോഴിക്കോട്: റമസാനില്‍ ആര്‍ജ്ജിച്ചെടുത്ത ആത്മീയ വിശുദ്ധി കെടാതെ സൂക്ഷിക്കണമെന്നും എല്ലാവരേയും ചേര്‍ത്തുനിര്‍ത്തുകയാണ് പെരുന്നാള്‍ പകര്‍ന്നുനല്‍കുന്ന സന്ദേശമെന്നും ഈദ് സന്ദേശത്തില്‍ നേതാക്കള്‍. മാനവികതയുടെ ഉല്‍കൃഷ്ടമായ സന്ദേശമാണ് റമസാനും ഈദുല്‍ ഫിത്വറും മുന്നോട്ടുവെക്കുന്നതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. ചുറ്റുമുള്ളവര്‍ക്ക് നന്മകള്‍ ചെയ്തും ധാര്‍മിക മത സന്ദേശം കാത്തു സൂക്ഷിച്ചുമാണ് പെരുന്നാള്‍ ആഘോഷിക്കേണ്ടത്. കുടുംബങ്ങള്‍ക്കും അയല്‍വാസികള്‍ക്കുമെല്ലാം സ്‌നേഹം പകുത്തു നല്‍കുന്നതാണ് ഈ ദിനത്തിന്റെ ഐക്യ വിളംബരം. സന്തോഷത്തിന്റെ പൂര്‍ണത നമ്മെപ്പോലെ എല്ലാവര്‍ക്കും ഉറപ്പു വരുത്തണം. സമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും സന്ദേശം ഉള്‍ക്കൊണ്ട് ജീവിതത്തെ ക്രമപ്പെടുത്താന്‍ എല്ലാവരും തയ്യാറാകണമെന്ന് കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പറഞ്ഞു. വ്രതനാളുകളില്‍ ആത്മ സംസ്‌ക്കരണത്തിലൂടെ നേടിയെടുത്ത നന്മകള്‍ സമൂഹത്തിന് കൂടി ഉപകാരപ്പെടുന്നുണ്ടെന്നു വിശ്വാസികള്‍ ഉറപ്പ് വരുത്തണമെന്ന് കെ.എന്‍.എം പ്രസിഡന്റ് ടി.പി അബ്ദുല്ല കോയ മദനി, ജനറല്‍ സെക്രട്ടറി എം മുഹമ്മദ് മദനി എന്നിവര്‍ ഈദ് സന്ദേശത്തില്‍ ആവശ്യപ്പെട്ടു. ആഘോഷത്തിന്റെ ആത്മാവ് സൗഹൃദവും സ്‌നേഹവുമാണ്. വ്രതമാസത്തിന്റെ പരിസമാപ്തിയായി വന്നെത്തുന്ന ഈദുല്‍ ഫിത്വര്‍ സൗഹൃദവും സ്‌നേഹവും പങ്കു വയ്ക്കാന്‍ ഉപയോഗപ്പെടുത്തണമെന്നും കെ.എന്‍.എം ആവശ്യപ്പെട്ടു.
ചുറ്റുമുള്ളവര്‍ക്ക് ഉപകാരം ചെയ്തും ധാര്‍മിക പരിധി ലംഘിക്കാതെയുമാവണം പെരുന്നാള്‍ ആഘോഷിക്കേണ്ടതെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസല്യാര്‍ പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. വിശുദ്ധ റമസാനിലെ ദിനരാത്രങ്ങളില്‍ ആര്‍ജ്ജിച്ചെടുത്ത ആത്മീയ വിശുദ്ധിയില്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്ന വിശ്വാസി സമൂഹം സാമൂഹ്യ സഹവര്‍ത്തിത്വവും സൗഹാര്‍ദ്ദവും വീണ്ടെടുക്കാന്‍ പ്രതിജ്ഞ പുതുക്കണമെന്ന് കെ.എന്‍.എം മര്‍കസുദ്ദവ സംസ്ഥാന പ്രസിഡണ്ട് ഡോ: ഇ കെ അഹമ്മദ് കുട്ടിയും ജനറല്‍ സെക്രട്ടറി സി പി ഉമ്മര്‍ സുല്ലമിയും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി. എന്‍ അബ്ദുല്‍ ലത്തീഫ് മദനി, ജനറല്‍ സെക്രട്ടറി ടി. കെ അഷ്റഫ് എന്നിവര്‍ പറഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവരും ഈദ് ആശംസകള്‍ നേര്‍ന്നു.