X

അടുത്തടുത്തുവരുന്ന ബുള്‍ഡോസറുകള്‍- ടി.കെ പ്രഭാകരകുമാര്‍

ടി.കെ പ്രഭാകരകുമാര്‍

ന്യൂനപക്ഷ ജനവിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള ബി.ജെ.പിയുടെയും സംഘ്പരിവാരിന്റെയും ബുള്‍ഡോസര്‍ രാഷ്ട്രീയം ഉത്തരേന്ത്യയില്‍ മാത്രം ഒതുങ്ങുമെന്ന് കരുതാന്‍ സാധിക്കില്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും അതിന്റെ യന്ത്രക്കൈകള്‍ ഉയര്‍ന്നുവരാനിടയുണ്ടെന്ന വ്യക്തമായ സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലും ന്യൂഡല്‍ഹിയിലും ഇപ്പോഴിതാ ഷെഹിന്‍ബാഗിലും കുടിയേറ്റക്കാരായ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ താമസിക്കുന്ന ചേരിപ്രദേശങ്ങള്‍ ഇടിച്ചുനിരത്തിയ ബുള്‍ഡോസറുകള്‍ പ്രവര്‍ത്തിക്കുന്ന കരങ്ങള്‍ക്ക് കൃത്യമായ അജണ്ടയുണ്ട്. മുസ്‌ലിം ജനവിഭാഗങ്ങളുടെ സാമുദായികവും സാമ്പത്തികവുമായ അസ്തിത്വങ്ങള്‍ തകര്‍ത്ത് അവരെ നിരാലംബരും നിസഹായരുമാക്കി തീര്‍ക്കുകയെന്നതാണ് ആ അജണ്ട. അവരുടെ ഉപജീവനമാര്‍ഗങ്ങളെ ഇല്ലായ്മ ചെയ്തും അന്തിയുറങ്ങാനുള്ള ഇടം പോലും നിഷേധിച്ചും മേല്‍വിലാസം മായ്ച്ചുകളഞ്ഞും രേഖകളില്‍നിന്ന് ഒഴിവാക്കിയും ഭിക്ഷക്കാരേക്കാള്‍ ദയനീയാവസ്ഥയില്‍ എത്തിക്കുന്നതിനുള്ള കര്‍മപദ്ധതികളുടെ പരീക്ഷണമാണ് ന്യൂഡല്‍ഹിയിലെ ജഹാംഗിര്‍ പുരിയിലടക്കം കണ്ടത്. അത്യന്തം ഹൃദയഭേദകവും കരലളിയിക്കുന്നതുമായ ദാരുണ ദൃശ്യങ്ങളാണ് ജഹാംഗിര്‍പുരിയില്‍ പ്രകടമായത്. സമീപകാലത്തൊന്നും ഭരണകൂട ഭീകരതയുടെ ഇത്രയും ക്രൗര്യം നിറഞ്ഞ ചെയ്തികള്‍ രാജ്യം ദര്‍ശിച്ചിട്ടില്ല. മുസ്‌ലിം കുടുംബങ്ങള്‍ താമസിക്കുന്ന നിരവധി കുടിലുകളാണ് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ത്തെറിഞ്ഞത്. എത്രയോ കടകളും നശിപ്പിക്കപ്പെട്ടു. ബി.ജെ.പിയുടെ നിയന്ത്രണത്തിലുള്ള ഉത്തര ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനാണ് അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി ദരിദ്ര സമൂഹത്തിന്റെ ജീവിതത്തിലേക്ക് ബുള്‍ഡോസര്‍ ഓടിച്ചുകയറ്റിയത്. ജീവിതത്തിന്റെ ഏറ്റവും അടിത്തട്ടില്‍ കഴിയുന്ന, അന്നന്ന് ജോലി ചെയ്തില്ലെങ്കില്‍ അത്താഴപ്പട്ടിണി കിടക്കേണ്ടിവരുന്ന കുടുംബങ്ങളോടായിരുന്നു ഈ കൊടും ക്രൂരതകളൊക്കെയും. പശ്ചിമബംഗാള്‍, അസം, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് കുടിയേറിപ്പാര്‍ത്ത ഇവര്‍ ആക്രി സാധനങ്ങള്‍ പെറുക്കിവിറ്റാണ് അന്നത്തിന് വക കണ്ടെത്തുന്നത്. അത്രയ്ക്കും ദരിദ്രാവസ്ഥയിലുള്ള ജനങ്ങളുടെ വാസകേന്ദ്രമാണ് ഭരണകൂടം തകര്‍ത്ത് തരിപ്പണമാക്കിയത്. തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ എന്തെങ്കിലും അവശേഷിച്ചിട്ടുണ്ടോയെന്ന് തിരഞ്ഞുനോക്കുന്ന കുഞ്ഞുങ്ങളുടെ ദൈന്യതയാര്‍ന്ന മുഖം ഇന്ത്യയുടെ ഇന്നത്തെ ഭരണവ്യവസ്ഥക്ക് നേരെ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇതാണോ എല്ലാ വിഭാഗം ജനങ്ങളെയും സമഭാവനയോടെ കണ്ട് ലോകത്തിന് ആകെ മാതൃകയായ എന്റെ രാജ്യം എന്നാണ് ആ കുരുന്നുമുഖങ്ങള്‍ ചോദിക്കാതെ ചോദിക്കുന്നത്. ഇവിടെ ഒന്നാംതരം പൗരന്‍മാരും രണ്ടാം തരം പൗരന്‍മാരും പൗരത്വമേ ഇല്ലാത്തവരും എന്ന രീതിയില്‍ മനുഷ്യരോട് വിവേചനം കാണിക്കുന്ന ഏതു തരം ഭരണഘടനയാണ് നിങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന ചോദ്യവുമുണ്ട്. ഈ രാജ്യത്ത് അന്തസോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള ഭരണഘടനാപരമായ സ്വാതന്ത്ര്യവും അവകാശവും മതം നോക്കിയാണോ നിശ്ചയിക്കുന്നതെന്ന മറ്റൊരു ചോദ്യവും അദൃശ്യമായി ഉയര്‍ത്തപ്പെടുന്നുണ്ട്.

ആയുസിലെ മുഴുവന്‍ സമ്പാദ്യവും നഷ്ടപ്പെട്ട് വിലപിക്കുന്ന ആ ജനങ്ങളെ നോക്കി തങ്ങളുടെ ക്രൂരതക്ക് സംഘ്പരിവാര്‍ ശക്തികള്‍ ഇപ്പോഴും ന്യായീകരണം ചമയ്ക്കുകയാണ്. സ്വന്തമായി നല്ലൊരു കൂര പോലും ഇല്ലാത്ത ഈ ജനസമൂഹം കലാപകാരികളാണത്രെ. ആരാണ് അവിടെ കലാപമുണ്ടാക്കിയതെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് നന്നായറിയാം. ഹനുമാന്‍ ജയന്തിയുടെയും രാമനവമിയുടെയും മറ്റ് മതപരമായ ആഘോഷങ്ങളുടെയും പേരില്‍ ഡല്‍ഹി അടക്കം ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും അക്രമങ്ങള്‍ നടത്തിയത് തീവ്രഹിന്ദുത്വ സംഘടനകളാണ്. ഈ രീതിയിലുള്ള അക്രമങ്ങള്‍ ജഹാംഗിര്‍പുരിയിലും നടന്നു. വിവിധ ജാതി മത ഭാഷാവിഭാഗങ്ങളില്‍പെട്ടവര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ പ്രതിരോധവും പ്രത്യാക്രമണങ്ങളും സ്വാഭാവികമാണ്. എന്നാല്‍ അത്തരമൊരു സാഹചര്യം രൂപപ്പെടാന്‍ മുന്‍കൈയെടുക്കാറുള്ളത് സംഘ്പരിവാറുകാര്‍ തന്നെയാണെന്നതാണ് ഇതുവരെയുള്ള അനുഭവം. പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചവര്‍ തന്നെ ഉത്തരവാദികളായി മറ്റൊരു വിഭാഗത്തെ കാണുകയും അതിന്റെ പേരില്‍ ക്രൂരകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന വിരോധാഭാസമാണ് ഉത്തര്‍പ്രദേശിലും ന്യൂഡല്‍ഹിയിലും പ്രകടമായത്. ഡല്‍ഹിയിലെ ഇടിച്ചുനിരത്തല്‍ തടയാന്‍ ഒടുവില്‍ സുപ്രീംകോടതിക്ക് തന്നെ ഇടപെടേണ്ടിവരുന്നു. ഇതില്‍ നിന്നുതന്നെ അവിടത്തെ ഒഴിപ്പിക്കല്‍ നിയമവിരുദ്ധമാണെന്ന് വ്യക്തമായിരിക്കുകയാണ്. വീടുകളും കടകളും ഇടിച്ചുനിരത്തുന്ന നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുപോലും ഒഴിപ്പിക്കല്‍ തുടരുകയായിരുന്നു. പിന്നീട് ഇത് നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് കാണിക്കേണ്ടിവന്നു. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍നിന്ന് ബുള്‍ഡോസര്‍ തല്‍ക്കാലം പിന്‍വാങ്ങിയെന്നേയുള്ളൂ. ആശങ്ക അവസാനിക്കുന്നില്ല. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഉത്തര ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ ഒഴിപ്പിക്കലിന് മുന്നിട്ടിറങ്ങിയതെന്ന യാഥാര്‍ഥ്യം ബോധ്യപ്പെട്ട സുപ്രീംകോടതി ഈ വിഷയത്തില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചിട്ടും ഒഴിപ്പിക്കല്‍ നടപടി തുടര്‍ന്നതും പ്രത്യേക സമുദായത്തെ മാത്രം ഉന്നംവെച്ച് നടത്തിയ നീക്കങ്ങളും സുപ്രീം കോടതി തന്നെ പരാമര്‍ശിച്ചപ്പോള്‍ ജുഡീഷ്യറിക്കും ഭരണഘടനക്കും ബി.ജെ.പിയുടെ പ്രാദേശിക ഭരണകൂടം പുല്ലുവിലയാണ് കല്‍പ്പിച്ചതെന്ന് വ്യക്തമാകുകയാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കണമെന്ന ഭരണഘടനാ വ്യവസ്ഥ അട്ടിമറിക്കുന്നുവെന്ന് മാത്രമല്ല ന്യൂനപക്ഷ വിഭാഗങ്ങളെ ഏതുവിധേനയും ദ്രോഹിക്കുന്ന നടപടികളുമായി മുന്നോട്ട് പോകുകയും ചെയ്യുന്നു.

ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് വര്‍ഗീയ ഗൂഡ താല്‍പര്യങ്ങളോടെയുള്ള ബുള്‍ഡോസര്‍ രാഷ്ട്രീയത്തിന് തുടക്കമിട്ടത്. അവിടെത്തെ മുസ്‌ലിം സമുദായത്തില്‍പെട്ട കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ ബുള്‍ഡോസറുകളെ എങ്ങനെയൊക്കെ ദുരുപയോഗം ചെയ്യാമെന്ന് യോഗി കാണിച്ചുതന്നു. ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും സമാനമായ ഒഴിപ്പിക്കലുകള്‍ നടക്കുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷവാസകേന്ദ്രങ്ങളിലേക്കുള്ള ബുള്‍ഡോസര്‍ അധിനിവേശം കര്‍ണാടകയിലും പരീക്ഷിക്കാനാകുമോയെന്ന ആലോചനയിലാണ് ബൊമ്മെ സര്‍ക്കാരും ബി.ജെ.പി സംഘ്പരിവാര്‍ നേതൃത്വങ്ങളും. കഴിഞ്ഞ ദിവസം കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീലും വൈദ്യുതി മന്ത്രി വി. സുനില്‍കുമാറും നടത്തിയ പ്രസ്താവനകള്‍ ആ വിധത്തിലുള്ളതാണ്. കര്‍ണാടകയില്‍ കലാപകാരികളെ അടിച്ചമര്‍ത്താന്‍ ബുള്‍ഡോസര്‍ രാഷ്ട്രീയം വേണ്ടിവരുമെന്നായിരുന്നു ഇരുവരുടെയും ഭീഷണി. കലാപകാരികള്‍ എന്നതുകൊണ്ട് നളിന്‍കുമാറും സുനില്‍കുമാറും ഉദ്ദേശിക്കുന്നത് മുസ്‌ലിം സമുദായത്തെയാണെന്ന് വ്യക്തം. കര്‍ണാടകയില്‍ ഹിജാബിന്റെയും ഹലാല്‍ ഭക്ഷണത്തിന്റെയും ക്ഷത്രോല്‍സവങ്ങള്‍ക്കിടയിലെ കച്ചവടങ്ങളുടെയും പേരില്‍ മുസ്‌ലിം ജനവിഭാഗങ്ങളെ ആക്രമിക്കുന്ന സംഭവങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ അവിടത്തെ സാമൂഹികാന്തരീക്ഷം കലുഷിതമാണ്. ജീവിക്കാനും ഉപജീവനമാര്‍ഗവും വിശ്വാസ സ്വാതന്ത്ര്യവും സംരക്ഷിക്കാനും കര്‍ണാടകയില്‍ നടക്കുന്ന സമരങ്ങളെയാണ് സര്‍ക്കാര്‍ കലാപമായും തീവ്രവാദ പ്രവര്‍ത്തനമായും വ്യാഖ്യാനിക്കുന്നത്. ഇനിയും ശബ്ദിച്ചാല്‍ ബുള്‍ഡോസര്‍ കയറ്റിവിടുമെന്ന ധ്വനിയാണ് ബി.ജെ.പി നേതാക്കളുടെ വാക്കുകളിലുള്ളത്. കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ അങ്ങേയറ്റം ദരിദ്രമായ ജീവിതസാഹചര്യങ്ങളില്‍ ജീവിക്കുന്ന മുസ്‌ലിംകളായ ജനവിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് ഇവരുടെ ബുള്‍ഡോസര്‍ പ്രയോഗഭീഷണി. അരികില്‍ വര്‍ഗീയബുള്‍ഡോസറുകള്‍ എത്തുമെന്ന യാഥാര്‍ഥ്യം മുന്‍കൂട്ടി കണ്ടുകൊണ്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മതേതര ജനാധിപത്യ ശക്തികള്‍ ഇപ്പോള്‍ മുതല്‍ തന്നെ ചെറുത്തുനില്‍പ്പിന് തുടക്കമിടണം. കര്‍ണാടക ഒഴികെ കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഭരണത്തിലില്ലെങ്കിലും ഭരണം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ ഇവിടങ്ങളിലും അവര്‍ ബുള്‍ഡോസര്‍ രാഷ്ട്രീയത്തിന് സ്വീകാര്യതയുണ്ടാക്കാനുള്ള കുതന്ത്രങ്ങള്‍ ആവിഷ്‌കരിക്കും. ഈ നിലയ്ക്കുള്ള വിദ്വേഷ പ്രചാരണങ്ങള്‍ കേരളത്തില്‍ പോലും സജീവമാണ്. കേരളത്തിന്റെ അയല്‍ സംസ്ഥാനമെന്ന നിലക്ക് കര്‍ണാടകയില്‍ ബുള്‍ഡോസര്‍ രാഷ്ട്രീയം പ്രാവര്‍ത്തികമായാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ കേരളവും അനുഭവിക്കേണ്ടിവരും. കര്‍ണാടകയില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ജനതാദളും അടക്കമുള്ള കക്ഷികള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ആസന്നമായ വിപത്തിനെ ചെറുക്കാന്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചേ മതിയാകൂ.

Test User: