മലപ്പുറം: ഹയർ സെക്കണ്ടറി മേഖലയിൽ മൂന്നാം അലോട്ട്‌മെന്റ് കഴിഞ്ഞിട്ടും മലബാർ ജില്ലകളിലെ മുപ്പതിനായിരത്തിലധികം വിദ്യാർത്ഥികൾ പഠനാവസരം ഇല്ലാതെ പുറത്ത് നിൽക്കുന്ന സാഹചര്യത്തിൽ മുസ്‌ലിംലീഗ് രണ്ടാം ഘട്ട പ്രക്ഷോഭത്തിന്. നേരത്തെ മലബാറിലെ ജില്ലകളിലെ കലക്ടറേറ്റുകൾക്ക് മുന്നിൽ പാർട്ടി പ്രതിഷേധ സമരം നടത്തിയിരുന്നു. മലബാറിനോട് മാത്രമുള്ള ഈ ചിറ്റമ്മ നയത്തിനെതിരെ നിയമസഭയിലും പുറത്തും മുസ്ലിംലീഗ് ശക്തമായ പോരാട്ടങ്ങളാണ് നടത്തിവരുന്നത്. എന്നാൽ സർക്കാർ പ്രഖ്യാപിച്ച വാഗ്ദാനങ്ങളൊന്നും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് ജൂലൈ 10ന് കാസർക്കോഡ് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ സബ് ജില്ല വിദ്യാഭ്യാസ ഓഫീസുകൾ ഉപരോധിക്കുന്നത്.മലപ്പുറത്ത് ചേർന്ന സംസ്ഥാന ഭാരവാഹികളുടെ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സമരത്തിന് രൂപം നൽകും.
ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദെ മില്ലത്ത് സെന്റർ ഫണ്ട് സമാഹരണത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് യോഗം വിലയിരുത്തി. ഓരോ മുസ്‌ലിംലീഗ് പ്രവർത്തകർക്കും അഭിമാനിക്കാവുന്ന വിധത്തിൽ ഒരു സാംസ്‌കാരിക സമുച്ചയമാണ് രാജ്യ തലസ്ഥാനത്ത് ഉയരുന്നത്. കൂടുതൽ ജനങ്ങളിലേക്ക് ഈ ചരിത്ര ദൗത്യത്തിന്റെ സന്ദേശമെത്തിക്കാൻ ശാഖ/ വാർഡ് കമ്മിറ്റികൾ ജാഗ്രത കാണിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു. ഇതിനായി ഓരോ ജില്ലകളിലും റിവ്യു യോഗങ്ങൾ ഈ മാസം 10ന് ഉച്ചക്ക് ശേഷം അതാത് നിരീക്ഷകരുടെ സാന്നിധ്യത്തിൽ വിളിച്ചു ചേർക്കാൻ തീരുമാനിച്ചു. ജില്ലകളിലെ റിവ്യൂ യോഗത്തിന് ശേഷം മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിലും യോഗം ചേരും.
ജൂലൈ 5,6 തിയ്യതികളിൽ തൃശൂർ ജില്ലയിലെ ചെറുതുരുത്തിയിൽ നടക്കുന്ന സംസ്ഥാന എക്‌സിക്യുട്ടീവ് ക്യാമ്പുമായി ബന്ധപ്പെട്ട കാര്യപരിപാടികൾക്ക് യോഗം അന്തിമ രൂപം നൽകി. 5ന് രാവിലെ 9:30ന് ആരംഭിക്കുന്ന ക്യാമ്പ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.പാർട്ടിയുടെയും പോഷക സംഘടനകളുടെയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ രണ്ട് ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കും. സംഘടനാ കാര്യങ്ങളും കാലിക രാഷ്ട്രീയ വിഷയങ്ങളും ക്യാമ്പിൽ ചർച്ച ചെയ്യും. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നടപടികൾക്കെതിരായ സമര പരിപാടികൾക്ക് ക്യാമ്പിൽ രൂപം നൽകും.
സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിൻ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അബ്ദുറഹ്മാൻ കല്ലായി, സി.എച്ച് റഷീദ്, ഉമ്മർ പാണ്ടികശാല, സി.പി ബാവ ഹാജി, പൊട്ടൻകണ്ടി അബ്ദുല്ല, സി.പി സൈതലവി, സെക്രട്ടറിമാരായ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, സി. മമ്മൂട്ടി, അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ, സി.പി ചെറിയ മുഹമ്മദ്, പാറക്കൽ അബ്ദുല്ല, യു.സി രാമൻ, അഡ്വ. മുഹമ്മദ് ഷാ ചർച്ചയിൽ പങ്കെടുത്തു. അബ്ദുറഹ്മാൻ രണ്ടത്താണി നന്ദി പറഞ്ഞു.