X
    Categories: CultureMoreViews

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കും: രാഹുല്‍ ഗാന്ധി

ആലപ്പുഴ: രക്ഷാപ്രവര്‍ത്തനങ്ങളിലും രാജ്യത്തിന്റെ പുരോഗതിക്കും നിര്‍ണ്ണായക സംഭവനകള്‍ നല്‍കുന്ന മത്സ്യതൊഴിലാളികള്‍ക്കായി കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം സ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദൈവത്തിന്റെ നാടിന്റെ സ്വന്തം സൈന്യത്തിന് അവരുടെ സ്വന്തം മന്ത്രാലയം ഉണ്ടായിരിക്കും. വെറുംവാക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇത് കോണ്‍ഗ്രസ് അധ്യക്ഷന്റെ ഉറപ്പാണെന്നും രാഹുല്‍ മത്സ്യത്തൊഴിലാളികളെ അറിയിച്ചു. പ്രളയദുരന്തത്തില്‍ ജീവന്‍ പണയം വെച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്നതിനായി മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ആദരവ് സമ്മേളനം പാതിരപ്പള്ളി കാംലോട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി.

രാജ്യം കെട്ടിപ്പടുക്കുന്നതില്‍ കര്‍ഷകര്‍ക്കൊപ്പം മത്സ്യത്തൊഴിലാളികള്‍ക്കും നിര്‍ണായക പങ്കുണ്ട്. കര്‍ഷകരെ പോലെ തന്നെ മത്സ്യത്തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണ്. മത്സ്യത്തൊഴിലാളികളോടുള്ള കോണ്‍ഗ്രസിന്റെ പ്രതിബദ്ധത കണക്കിലെടുത്ത് ദേശീയ തലത്തില്‍ ഒരു മേല്‍നോട്ട സംവിധാനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. അപകടങ്ങള്‍ നിറഞ്ഞ കടലിലെ പ്രതിസന്ധികള്‍ ഓരോ ദിവസവും നെഞ്ചുറപ്പോടെ നേരിടുന്നവരാണ് മത്സ്യത്തൊഴിലാളികള്‍.

കേരളം ഒരു പ്രതിസന്ധി ഘട്ടത്തിലായപ്പോള്‍, ധീരതയോടെയും നെഞ്ചുറപ്പോടെയും സഹായിക്കുന്നതിന് പ്രതിബദ്ധത കാണിച്ചവരാണ് നിങ്ങള്‍.മ ൂവായിരത്തോളം മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് എഴുപതിനായിരത്തോളം പേരുടെ ജീവനാണ് രക്ഷിച്ചത്. ഇത് ചെറിയ കാര്യമല്ല. രാജ്യത്തിന് വേണ്ടി ഞാന്‍ നിങ്ങളോട് നന്ദി പറയുകയാണ്. നിങ്ങളെ ആദരിക്കാന്‍ സാധിച്ചത് എനിക്ക് ലഭിച്ച അംഗീകാരമായാണ് ഞാന്‍ കാണുന്നത്. മത്സ്യത്തൊഴിലാളികളുടെ സേവനം കോസ്റ്റ് ഗാര്‍ഡ് ഉപയോഗപ്പെടുത്തണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.കഴിഞ്ഞ ഓഖി ദുരന്തത്തിനിടയിലും ഞാന്‍ നിങ്ങളെയും നിങ്ങളുടെ വീടുകളും സന്ദര്‍ശിച്ചിരുന്നു.എന്നാല്‍ ഓഖി ദുരന്തത്തിലകപ്പെട്ട നിങ്ങള്‍ക്ക് ലഭിച്ച സഹായങ്ങളില്‍ താനൊട്ടും തൃപ്തനല്ലെന്നും രാഹുല്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളി പ്രതിനിധികളെ രാഹുല്‍ ഗാന്ധി ഉപഹാരം നല്‍കിയും ഷാളണിയിച്ചും ആദരിച്ചു. കെ സി വേണുഗോപാല്‍ എം പി അധ്യക്ഷത വഹിച്ചു. പ്രളയദുരന്തത്തില്‍ പെട്ടവര്‍ക്കായി കെ പി സി സി നിര്‍മിച്ചുനല്‍കുന്ന ആയിരത്തൊന്ന് വീടുകളുടെ ധനശേഖരണ ഉദ്ഘാടനവും രാഹുല്‍ഗാന്ധി ചടങ്ങില്‍ വെച്ച് നിര്‍വഹിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: