ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ വിവിധ രാഷ്ട്രീയകക്ഷികള്‍ പ്രചാരണത്തിനായി പൊടിപൊടിച്ചത് 5500 കോടി രൂപ. ആയിരം കോടി രൂപ വോട്ടു ചെയ്യാനായി മാത്രം ചെലവഴിച്ചുവെന്നും ഇതുസംബന്ധിച്ച് പഠനം നടത്തിയ സി.എം.എസ് സര്‍വേ വെളിപ്പടുത്തുന്നു.
മൂന്നിലൊരു ഭാഗം വോട്ടര്‍മാരും വോട്ടുചെയ്യാനായി പണമോ മദ്യമോ ആവശ്യപ്പെട്ടവരാണെന്നും സര്‍വേ പറയുന്നു. പ്രിന്റിങ്ങ്, വീഡിയോ സ്‌ക്രീന്‍ പ്രൊജക്ടര്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍, വീഡിയോ വാന്‍ എന്നിവയ്‌ക്കെല്ലാം ചെലവഴിച്ചത് 600 മുതല്‍ 900 കോടി വരെയാണ്.
25 ലക്ഷം രൂപയാണ് ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാ ന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച പരമാവധി തുക.
എന്നാല്‍ അതില്‍ക്കൂടുതല്‍ പണം സ്ഥാനാര്‍ത്ഥികള്‍ ചെലവിട്ടു എന്ന് തെളിയിക്കുന്നതാണ് സര്‍വേ. യുപിയില്‍ പോള്‍ ചെയ്ത ഓരോ വോട്ടിനും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും 750 രൂപ ചെലവായി. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തുകയാണിത്.നിയമസഭാ തെരഞ്ഞെടുപ്പിനിടെ യുപിയില്‍ നിന്നും 200 കോടിയോളം രൂപയും പഞ്ചാബില്‍ നൂറു കോടിയോളം രൂപയും അധികൃതര്‍ പിടിച്ചെടുത്തെന്നാണ് കണക്ക്.
വോട്ട് ചെയ്യാന്‍ പണം വാങ്ങിയവരെ വ്യക്തിപരമായി അറിയാവുന്നവരാണ് സര്‍വേയില്‍ പങ്കെടുത്ത യുപിയിലെ 55 ശതമാനം പേരും.
നോട്ടുനിരോധനം പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ചെലവ് കൂട്ടിയെന്നാണ് സര്‍വേയിലെ മറ്റൊരു കണ്ടെത്തല്‍. ചില മണ്ഡലങ്ങളില്‍ മത്സരം കടുത്തതായിരുന്നു. വോട്ടര്‍മാരുടെ എണ്ണവും ഓരോ വോട്ടറുടേയും സ്വാധീനവും പരിഗണിക്കേണ്ട ഘടകങ്ങളായപ്പോള്‍ നല്‍കേണ്ടി വന്ന തുക 500 മുതല്‍ 2000 രൂപ വരെയായി ഉയര്‍ന്നു. വീടു കയറിയുള്ള പ്രചാരണങ്ങള്‍, റാലികള്‍, ടെലിവിഷന്‍-പത്ര പരസ്യങ്ങള്‍, മള്‍ട്ടി സ്‌ക്രീന്‍ പ്രൊജക്ഷനുകള്‍, മോട്ടോര്‍സൈക്കിള്‍ റാലികള്‍, സെലിബ്രിറ്റി ഷോകള്‍ തുടങ്ങിയവ ആയിരുന്നു യുപി പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍.