ലഖ്‌നൗ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ വെള്ളിയാഴ്ച രാത്രി മുതല്‍ തിങ്കളാഴ്ച രാവിലെ വരെ നീളുന്ന വാരാന്ത്യ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള നഗരങ്ങളില്‍ മാത്രം ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല കര്‍ഫ്യൂ സംസ്ഥനത്തൊട്ടാകെ നടപ്പിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ലോക്ഡൗണിന്റെ സമയത്ത് എല്ലാ വാരാന്ത്യ മാര്‍ക്കറ്റുകളും ഷോപ്പിങ് കോംപ്ലക്‌സുകളും അടച്ചിടുകയും ശനി, ഞായര്‍ ദിവസങ്ങളില്‍ ഇവിടെ അണുനശീകരണം നടത്തുകയും ചെയ്യും. എന്നാല്‍ അവശ്യ സേവനങ്ങള്‍ക്ക് ഈ സമയങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തില്ല.
നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും മുഖാവരണങ്ങള്‍ ധരിക്കുന്നത് ഉറപ്പാക്കാന്‍ യുപി ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ആദ്യ തവണ 1000 രൂപ പിഴയും രണ്ടാം തവണ 10,000 രൂപയും പിഴയും ശിക്ഷ നല്‍കുമെന്നും അദ്ദേഹം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
നേരത്തെ, ഉത്തര്‍പ്രദേശിലെ അഞ്ചു നഗരങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു.