X

കെട്ടിടാവശിഷ്ടങ്ങള്‍ ജലാശയങ്ങളില്‍ തള്ളിയാല്‍ മൂന്ന് വര്‍ഷം വരെ തടവ്;മാര്‍ഗരേഖ പുറത്തിറങ്ങി

തിരുവനന്തപുരം: കെട്ടിടനിര്‍മ്മാണ, പൊളിക്കല്‍ സംബന്ധിയായ മാലിന്യം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ പുറത്തിറങ്ങി. നിലവില്‍ കെട്ടിടാവശിഷ്ടങ്ങള്‍ ജലാശയങ്ങളില്‍ തള്ളുന്നത് തടയുകയാണ് ലക്ഷ്യം. കെട്ടിടാവശിഷ്ടങ്ങള്‍ മറ്റ് മാലിന്യവുമായി കൂട്ടിക്കലര്‍ത്തിയാല്‍ പതിനായിരം രൂപയും പൊതുസ്ഥലത്ത് നിക്ഷേപിച്ചാല്‍ ഇരുപതിനായിരം രൂപയുമാണ് പിഴ. ജലാശയങ്ങളില്‍ കെട്ടിടാവശിഷ്ടങ്ങള്‍ തള്ളിയാല്‍ മൂന്ന് വര്‍ഷം വരെ തടവോ രണ്ട് ലക്ഷം രൂപ വരെ പിഴയോ ലഭിക്കാം.

കെട്ടിടം പൊളിച്ച് ഏഴ് ദിവസത്തിനകം മാലിന്യം നീക്കം ചെയ്തില്ലെങ്കില്‍ ഓരോ ടണ്ണിനും അയ്യായിരം രൂപ പിഴയിടാം. വേര്‍തിരിച്ച നിലയില്‍ കെട്ടിടാവശിഷ്ടം നല്‍കിയില്ലെങ്കിലും, ശരിയല്ലാത്ത രീതിയിലാണ് വാഹനത്തില്‍ കൊണ്ടുവരുന്നതെങ്കിലും പതിനായിരം രൂപയാണ് പിഴ. കെട്ടിടാവശിഷ്ടങ്ങള്‍ ലൈസന്‍സ് ഇല്ലാതെ കൈകാര്യം ചെയ്താലും പതിനായിരം രൂപ പിഴ ശിക്ഷയുണ്ട്. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കാം. ഒന്നിലധികം ജില്ലകള്‍ക്ക് വേണ്ടി ഒരു സംസ്‌കരണ യൂണിറ്റ് എന്ന നിലയില്‍ മാലിന്യം ശേഖരിക്കാനുള്ള വിപുലമായ സംവിധാനം എല്ലാ തദ്ദേശ സ്ഥാപനത്തിലും ഒരുക്കും.

കെട്ടിടാവശിഷ്ടം ശേഖരിക്കാനുള്ള മൊബൈല്‍ യൂണിറ്റുകള്‍, കെട്ടിട ഉടമയ്ക്ക് മാലിന്യം എത്തിച്ചുതരാനാകുന്ന കളക്ഷന്‍ സെന്ററുകള്‍ എന്നിവിടങ്ങളിലൂടെയാകും മാലിന്യ ശേഖരണം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ ശേഖരിക്കാനുള്ള വാഹനങ്ങളും ഒരുക്കും. അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ഒരു കളക്ഷന്‍ പോയിന്റ് എങ്കിലും ഒരുക്കാനാകണം. രണ്ട് ടണ്ണില്‍ താഴെയുള്ള കെട്ടിടാവശിഷ്ടങ്ങള്‍ക്ക് കളക്ഷന്‍ ഫീസ് ഉണ്ടാകില്ല. കെട്ടിടസ്ഥലത്തെത്തി തദ്ദേശഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ മാലിന്യം ശേഖരിക്കുകയോ, കളക്ഷന്‍ കേന്ദ്രത്തില്‍ കെട്ടിട ഉടമ സ്വന്തം ചെലവില്‍ മാലിന്യം എത്തിക്കുകയോ ചെയ്യാം. രണ്ട് ടണ്ണിനും ഇരുപത് ടണ്ണിനും ഇടയിലുള്ള മാലിന്യങ്ങള്‍ ശേഖരിക്കാന്‍ കളക്ഷന്‍ ഫീസ് കെട്ടിട ഉടമ നല്‍കണം. ഇല്ലെങ്കില്‍ സ്വന്തം ചെലവില്‍ കളക്ഷന്‍ സെന്ററുകളില്‍ മാലിന്യം എത്തിച്ച് നല്‍കണം. 20 ടണ്ണിലധികം കെട്ടിടാവശിഷ്ടങ്ങള്‍ ഉണ്ടെങ്കില്‍, കെട്ടിട ഉടമ സ്വന്തം ചെലവില്‍ കളക്ഷന്‍ കേന്ദ്രങ്ങളില്‍ മാലിന്യം എത്തിക്കുകയും, സംസ്‌കരണത്തിനുള്ള ഫീസ് അടയ്ക്കുകയും ചെയ്യണം.

Test User: