ലക്‌നൗ: ബി.ജെ.പി വനിതാ എം.എല്‍.എ സന്ദര്‍ശനം നടത്തിയതിനു പിന്നാലെ ക്ഷേത്രം അടിച്ചുതെളിച്ച് ക്ഷേത്രഭാരവാഹികള്‍. ഉത്തര്‍പ്രദേശിലാണ് ബി.ജെ.പി എം.എല്‍.എയായ എ മനീഷ ക്ഷേത്രസന്ദര്‍ശനം നടത്തിയത്.
ജൂലായ് 12-നാണ് മനീഷ തന്റെ മണ്ഡലത്തിലെ മുസ്‌കുര ഖുര്‍ദിലെ ക്ഷേത്രത്തിലെത്തിയത്. സ്ത്രീകള്‍ പ്രവേശിക്കുന്നതിന് ഇവിടെ വിലക്കുണ്ടായിരുന്നത് എം.എല്‍.എക്ക് അറിയുമായിരുന്നില്ല. പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചതോടെ മനീഷ ധ്രും റിഷി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തുകയായിരുന്നു. എന്നാല്‍ ശ്രീകോവിലിലേക്ക് മനീഷ കടക്കുന്നത് നാട്ടുകാര്‍ തടയുകയും ചെയ്തു.
മനീഷയുടെ സന്ദര്‍ശനത്തിനു ശേഷം ഗംഗാജലം ഉപയോഗിച്ച് അടിച്ചുതളിച്ച് ക്ഷേത്രം ശുദ്ധമാക്കുകയായിരുന്നു അധികൃതര്‍. കൂടാതെ ആരാധനാമൂര്‍ത്തിയുടെ പ്രതിമകള്‍ ശുദ്ധീകരിക്കുന്നതിനായി അലഹബാദിലേക്ക് അയക്കുകയും ചെയ്തു. അതിനിടെ, സംഭവത്തില്‍ പ്രതികരണവുമായി എം.എല്‍.എ രംഗത്തെത്തി. സ്ത്രീകളെ മൊത്തത്തില്‍ അപമാനിക്കുന്ന നടപടിയാണ് അധികൃതര്‍ ചെയ്തതെന്ന് മനീഷ പറഞ്ഞു.