X

യുപി വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ച സംഭവം: ദൃശ്യങ്ങള്‍ പുറത്ത് വിട്ട ഓള്‍ട്ട് ന്യൂസ് സ്ഥാപകനെതിരെ കേസ്

യുപിയില്‍ സ്‌കൂള്‍ അധ്യാപിക വിദ്യാര്‍ത്ഥിയെ തല്ലിച്ച സംഭവത്തില്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കേസ്. കുട്ടിയെ തിരിച്ചറിയും വിധം ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളുടെ പ്രചരിപ്പിച്ചു എന്നാണ് എഫ്‌ഐആറിലെ പരാമര്‍ശം.

അതേസമയം സംഭവത്തില്‍ കേസ് പിന്‍വലിക്കാന്‍ കുടുംബത്തിന് മേല്‍ സമ്മര്‍ദം. കേസ് പിന്‍വലിക്കാന്‍ ഗ്രാമത്തലവനും കിസാന്‍ യൂണിയനും സമ്മര്‍ദം ചെലുത്തുന്നുവെന്നാരോപിച്ച് കുട്ടിയുടെ പിതാവ് രംഗത്തെത്തി. ഗ്രാമത്തിലുള്ള ചില പ്രമുഖരും കിസാന്‍ യൂണിയനും കഴിഞ്ഞ ദിവസം കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം ശക്തമായത്.

അധ്യാപിക മനപ്പൂര്‍വം ചെയ്തതല്ലെന്നും ഒത്തുതീര്‍പ്പിലേക്ക് പോകണമെന്നും കിസാന്‍ യൂണിയന്‍ നേതാവ് നരേശ് ടിക്കായത്ത് ആവശ്യപ്പെട്ടതായാണ് കുട്ടിയുടെ പിതാവ് പറയുന്നത്. ഗ്രാമത്തലവനും അടുത്ത ഗ്രാമത്തിലുള്ളവരും കേസ് പിന്‍ലിക്കാന്‍ സമ്മര്‍ദം ശക്തമാക്കിയതോടെ നാട്ടില്‍ തുടരാന്‍ കഴിയുമോ എന്ന ആശങ്കയും പിതാവ് പങ്കുവെക്കുന്നുണ്ട്.

മുസ്‌ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് അധ്യാപിക മുഖത്തടിപ്പിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. മതത്തിന്റെ പേരില്‍ ക്ലാസ് മുറികളില്‍ പോലും വെറുപ്പ് പടര്‍ത്താന്‍ ശ്രമിക്കുന്നത് വലിയ ചര്‍ച്ചയാവുകയും അധ്യാപികക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ വിദ്യാര്‍ഥിക്ക് മര്‍ദനമേല്‍ക്കേണ്ടി വന്ന സ്‌കൂള്‍ തല്‍ക്കാലത്തേക്ക് അടച്ചുപൂട്ടിയിട്ടുണ്ട്.

കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ നേരത്തെ അധ്യാപികക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പരാതി പിന്‍വലിക്കാന്‍ വിവിധ കോണുകളില്‍ നിന്ന് സമര്‍ദം ശക്തമായതെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. മര്‍ദനമേറ്റ വിദ്യാര്‍ഥിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ നരേഷ് ടിക്കായത്തിന്റെ നേതൃത്വത്തിലുള്ള കിസാന്‍ യൂണിയന്‍ നേതാക്കള്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ഥിയുടെ വീട്ടിലെത്തിയിരുന്നു. തല്ലിയ കുട്ടിയെ കൊണ്ട് മര്‍ദനമേറ്റ കുട്ടിയെ ആലിംഗനം ചെയ്യിപ്പിച്ചും ക്ഷമ പറയിപ്പിച്ചുമാണ് കിസാന്‍ യൂണയന്‍ നേതാക്കള്‍ മടങ്ങിയത്. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. വെറുപ്പിനെ തോല്‍പ്പിക്കുന്ന സ്‌നേഹം എന്ന തരത്തിലാണ് വീഡിയോ പ്രചരിപ്പിക്കപ്പെട്ടത്. എന്നാല്‍ ഇതിനു പിന്നാലെയാണ് ഇത് ഒത്തുതീര്‍പ്പ് നീക്കങ്ങളുടെ ഭാഗമാണെന്ന വാര്‍ത്ത പുറത്തു വരുന്നത്. വിദ്യാലയങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് നരേഷ് ടിക്കായത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചിരുന്നു.

webdesk11: