X

യുപിയില്‍ പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ ഗുരുതരവീഴ്ച; വാഹനവ്യൂഹം വഴിതെറ്റി

ലഖ്‌നൗ: പ്രധാനമന്ത്രിയുടെ യുപി സന്ദര്‍ശനത്തിനിടെ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ക്രിസ്മസ് ദിനത്തില്‍ നോയിഡയില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നതിനിടെയാണ് സുരക്ഷാ വീഴ്ചയുണ്ടായത്. ഡല്‍ഹി മെട്രോയുടെ മജന്ത ലൈന്‍ സെക്ഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചശേഷം മടങ്ങിയ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം വഴിതെറ്റി സഞ്ചരിച്ചതാണ് സുരക്ഷാ വീഴ്ചയ്ക്ക് ഇടയാക്കിയതെന്ന് കേന്ദ്രഅഭ്യന്തര മന്ത്രാലയം വാര്‍ത്ത ഏജന്‍സിയെ അറിയിച്ചു.

സുരക്ഷാ സംവിധാനം ഒരുക്കാത്ത പാതയിലൂടെ സഞ്ചരിച്ച പ്രധാനമനന്ത്രിയുടെ വാഹന വ്യൂഹം മിനുറ്റുകളോളം ഗതാഗതക്കുരുക്കില്‍ പെട്ടു. മോട്ടോര്‍ ബൈക്കും ബസുമടക്കമുള്ള വാഹനങ്ങള്‍ വാഹന വ്യൂഹത്തിനടത്തെത്തുകയും ചെയ്തു. പ്രധാനമന്ത്രിക്ക് പുറമെ നിരവിധി മുതിര്‍ന്ന വിഐപികളും വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്നു.

സുരക്ഷ ഒരുക്കിയ വഴി എത്തുന്നതിന്റെ 200 മീറ്റര്‍ മുന്നിലുള്ള റോഡിലേക്ക് വാഹനവ്യൂഹം വഴിതെറ്റി കയറുകയായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അതൃപ്തി രേഖപ്പെടുത്തുകയും ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരിക്കുകയാണ്.

 

chandrika: