ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 65.5 ശതമാനം പോളിങ്.11 ജില്ലകളിലെ 67 മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. ചില ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതൊഴിച്ചാല്‍ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. കനത്ത സുരക്ഷകള്‍ക്കിടെ സഹാറന്‍പൂര്‍, ബിജ്‌നോര്‍, മൊറാദാബാദ്, സംബാല്‍, രാംപൂര്‍, ബറേലി, അംറോഹ, പിലിബിത്, ഖേരി, ഷാജഹാന്‍പൂര്‍, ബദാവൂന്‍ എന്നീ ജില്ലകളിലെ 14,771 പോളിങ് സെന്ററുകള്‍ക്കായി 23, 693 പോളിങ് ബൂത്തുകളാണ് ഒരുക്കിയിരുന്നത്.
എസ്.പിയുടെ ശക്തിദുര്‍ഗമായ മണ്ഡലങ്ങളാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞ മണ്ഡലങ്ങളില്‍ ഭൂരിപക്ഷവും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ സമാജ് വാദി പാര്‍ട്ടിക്ക് മികച്ച വിജയം ലഭിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന 67ല്‍ 34ഉം എസ്.പിയാണ് വിജയിച്ചിരുന്നത്. ബി.എസ്.പി 17 ഉം ബി.ജെ.പി 10, കോണ്‍ഗ്രസ് നാല് എന്നിങ്ങനെയാണ് മറ്റു കക്ഷികള്‍ 2012ല്‍ നേടിയത്. അതേ സമയം ഉത്തരാഖണ്ഡിലെ 69 മണ്ഡലങ്ങളിലേക്കു നടന്ന വോട്ടെടുപ്പില്‍ 68 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.
സംസ്ഥാനത്ത് ഒരിടത്തു നിന്നും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബി.എസ്.പി സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് കര്‍ണപ്രയാഗില്‍ വോട്ടെടുപ്പ് മാറ്റി വെച്ചതിനാല്‍ 70 അംഗ ഉത്തരാഖണ്ഡ് നിയമസഭയിലെ 69 സീറ്റുകളിലേക്കാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. ഭരണ കക്ഷിയായ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിനാണ് സംസ്ഥാനം വേദിയാവുന്നത്. ഇരു പാര്‍ട്ടികളിലേയും വിമതരും സ്വതന്ത്രരും ഉള്‍പ്പെടെ ഡസനിലധികം വരുന്ന സ്ഥാനാര്‍ത്ഥികളാണ് കോണ്‍ഗ്രസിനും ബി.ജെ.പിക്കും തലവേദന സൃഷ്ടിക്കുന്നത്. 628 സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാനത്ത് മത്സര രംഗത്തുള്ളത്.