ന്യൂഡല്‍ഹി: ഹാത്രസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ഹാത്രസിലേക്കു പുറപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ വീണ്ടും കേസെടുത്ത് യുപി പൊലീസ്. ഹാത്രസില്‍ കലാപ ശ്രമത്തിന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതി ചേര്‍ത്തത്. സിദ്ദീഖിനൊപ്പം അറസ്റ്റ് ചെയ്ത ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെയും കേസുണ്ട്.
ഒക്ടോബര്‍ നാലിന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മൂവരെയും പ്രതി ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ ഇവര്‍ ഹാത്രസിലേക്ക് പുറപ്പെട്ടത് ഒക്ടോബര്‍ അഞ്ചിനാണ്. നേരത്തെ ഹാത്രസിലെ പീഡന കൊലപാതക സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതിനെ പ്രതി രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ഇതിനു പുറമെയാണ് പുതിയ കേസ്.
പത്രപ്രവര്‍ത്തക യൂണിയന്‍ ദില്ലി ഘടകം സെക്രട്ടറി കൂടിയായ സിദ്ദിഖ് കാപ്പനെ കസ്റ്റഡിയില്‍ എടുത്തതിനെതിരെ കെയുഡബ്‌ള്യുജെ സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു.
മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ഖജാന്‍ജിയും യുപി സ്വദേശിയുമായ അഥീഖുര്‍റഹ്മാന്‍, ജാമിഅ വിദ്യാര്‍ഥിയും കാംപസ് ഫ്രണ്ട് ഡല്‍ഹി സംസ്ഥാന സെക്രട്ടറി മസൂദ് അഹ്മദ്, ഡ്രൈവര്‍ ആലം എന്നിവര്‍ക്കെതിരെ പിന്നീട് യുഎപിഎ, രാജ്യദ്രോഹം അടക്കമുളള വകുപ്പുകള്‍ യുപി പൊലീസ് ചുമത്തുകയായിരുന്നു.