ലക്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. മൂന്നാംഘട്ട പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. ബുന്ദേല്‍ഖണ്ഡ് മുതല്‍ അവധ് വരെ നീണ്ടു നില്‍ക്കുന്ന 16 ജില്ലകളിലെ 59 മണ്ഡലങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ്. സമാജ് വാദി പാര്‍ട്ടിയുടെ ശക്തി ദുര്‍ഗമായ യാദവ ബെല്‍റ്റാണിത്.
മെയിന്‍പുരിയിലെ കര്‍ഹാലില്‍ എസ്.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ അഖിലേഷ് യാദവ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. കേന്ദ്ര മന്ത്രി എസ്.പി സിങ് ബാഗേലിനെയാണ് ഇവിടെ ബി.ജെ. പി സ്ഥാനാര്‍ത്ഥിയാക്കിയത്. കോണ്‍ഗ്രസ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. പടിഞ്ഞാറന്‍ യു.പിയിലെ അഞ്ചു ജില്ലകളും അവധ് മേഖലയിലെ ആറു ജില്ലകളിലും ബുന്ദേല്‍ഖണ്ഡിലെ അഞ്ച് ജില്ലകളും ഈ ഘട്ടത്തില്‍ ബൂത്തിലെത്തും.
മെയിന്‍പുരി, ഇറ്റാവ, ഫിറോസാബാദ്, കസ്ഗഞ്ച്, എറ്റ, ഫാറൂഖാബാദ്, കനൗജ്, ഔരയ്യ എന്നീ ജില്ലകള്‍ എസ്.പിയുടെ ശക്തിദുര്‍ഗമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എസ്.പി 47 സീറ്റുകളില്‍ ഒതുങ്ങിയപ്പോള്‍ 29 സീറ്റുകളും ഈ മേഖലയില്‍ നിന്നാണ് ലഭിച്ചത്.
അഖിലേഷ് യാദവിന്റെ അമ്മാവന്‍ ശിവ്പാല്‍ യാദവും മൂന്നാംഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. ബുന്ദേല്‍ഖണ്ഡ് മേഖലയിലെ 19 സീറ്റുകളും കഴിഞ്ഞ തവണ ബി.ജെ.പിയാണ് നേടിയത്. ബി.ജെ.പിക്കും എസ്.പിക്കും ഒരു പോലെ നിര്‍ണായകമാണ് മൂന്നാം ഘട്ടം. കഴിഞ്ഞ തവണ ഒരു സീറ്റാണ് ഈ മേഖലയില്‍ നിന്നും കോണ്‍ഗ്രസ് സ്വന്തമാക്കിയത്. ഇത്തവണയും വലിയ നേട്ടമൊന്നും ഈ മേഖലയില്‍ കോണ്‍ഗ്രസിന് ലഭിച്ചേക്കില്ല.
സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭാര്യ ലൂയിസ് ഖുര്‍ഷിദ് മത്സരിക്കുന്ന ഫാറൂഖാബാദാണ് കോണ്‍ഗ്രസ് പ്രതീക്ഷ വെക്കുന്ന മണ്ഡലം. ബി.എസ്.പിക്ക് 2017ല്‍ ഒരു സീറ്റു പോലും 59 മണ്ഡലങ്ങളില്‍ നിന്നും ലഭിച്ചിരുന്നില്ല.