ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട് ബിജെപി. സംസ്ഥാനത്തെ പകുതിയിലേറെ പഞ്ചായത്തുകളും സമാജ്‌വാദി പാര്‍ട്ടി തൂത്തുവാരി. വാരണാസിയില്‍ ആകെയുള്ള 40 സീറ്റില്‍ ഏഴ് സീറ്റ് മാത്രമാണ് ബിജെപിക്ക് നേടാനായത്. 15 ഇടത്ത് സമാജ്‌വാദി പാര്‍ട്ടി വിജയിച്ചു. നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസി ഉള്‍പെടെ അയോധ്യ, കാശി, മഥുര എന്നിവിടങ്ങളിലെല്ലാം ബിജെപി വന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്.
3050 ജില്ലാ പഞ്ചായത്തുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 764 സീറ്റ് ബിജെപി നേടിയപ്പോള്‍ 762 സീറ്റുമായി എസ്പി തൊട്ടുപിന്നിലാണ്. 369 സീറ്റുമായി ബിഎസ്പി മൂന്നാമതും 80 സീറ്റുമായി കോണ്‍ഗ്രസ് നാലാമതുമാണ്. 1071 സീറ്റും സ്വതന്ത്രരാണ് നേടിയത്. സംസ്ഥാനത്തുടനീളം എസ്പിക്ക് വലിയ നേട്ടമാണ് ഉണ്ടായത്.
അയോധ്യയില്‍ 40ല്‍ 24 സീറ്റും സ്വന്തമാക്കി സമാജ്‌വാദി പാര്‍ട്ടി വിജയിച്ചു. ബിജെപി ആറ് സീറ്റ് മാത്രമാണ് ഇവിടെ നേടിയത്. മായാവതിയുടെ ബിഎസ്പി അഞ്ച് സീറ്റും നേടി. മഥുരയില്‍ ബിജെപിക്ക് എട്ട് സീറ്റ് മാത്രമാണ് നേടാനായത്. ബിഎസ്പി 12ഉം ആര്‍എല്‍ഡി ഒന്‍പത് സീറ്റും നേടി. വരണാസിയില്‍ 15 സീറ്റുകളില്‍ എസ്പി ജയിച്ചു. കോണ്‍ഗ്രസും ബിജെപിയും അഞ്ച് സീറ്റ് വീതം നേടി. എട്ടിടത്ത് സ്വതന്ത്രരാണ് വിജയിച്ചത്. വോട്ടെണ്ണല്‍ അവസാനിക്കാന്‍ ഇനിയും മണിക്കൂറുകള്‍ എടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.