ലക്‌നൗ: ഉത്തര്‍പ്രദേശില്‍ തിരക്കുള്ള നഗരത്തില്‍വെച്ച് രണ്ടുപേര്‍ ചേര്‍ന്ന് യുവാവിനെ തല്ലിക്കൊന്നു. ഈ പ്രദേശത്ത് കൂടി നിരവധി ആളുകള്‍ വാഹനങ്ങളിലും കാല്‍നടയായും പോയിട്ടും ആരും ക്രൂരകൃത്യം തടഞ്ഞില്ല. അജയ് എന്ന യുവാവാണ് തെരുവില്‍ ദാരുണമായി കൊല്ലപ്പെട്ടത്. ചെറിയൊരു വാക്കുതര്‍ക്കം പകയിലേക്കും പട്ടാപ്പകലുള്ള കൊലപാതകത്തിലേക്കും നയിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ക്കെതിരെ കൊല്ലപ്പെട്ടയാളിന്റെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അജയെ തല്ലിക്കൊല്ലുന്നത് നിരവധി ആളുകള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടും പൊലീസ് മനപൂര്‍വ്വം അറസ്റ്റ് വൈകിപ്പിക്കുകയാണെന്ന് കൊല്ലപ്പെട്ടയാളിന്റെ സഹോദരന്‍ ആരോപിച്ചു.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ വളരെ തിരക്കുപിടിച്ച നഗരമധ്യത്തിലാണ് മരവിപ്പിക്കുന്ന സംഭവം നടന്നത്. രണ്ടുപേര്‍ ചേര്‍ന്ന് ആയുധങ്ങളുമായി യുവാവിനെ തല്ലിക്കൊല്ലുകയായിരുന്നു. ചോരയൊലിപ്പിച്ചും ഇഴഞ്ഞും അജയ് റോഡിലൂടെ പോകുന്ന മനുഷ്യരോട് സഹായമഭ്യര്‍ഥിച്ചെങ്കിലും വിഷയത്തില്‍ ആരും ഇടപെടാന്‍ തയ്യാറായില്ല. പ്രതികള്‍ മാറിനിന്നുകഴിഞ്ഞും അജയെ ആശുപത്രിയിലെത്തിക്കാന്‍ പോലും ആരും തയ്യാറായില്ലെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.