കേന്ദ്രഭരണകക്ഷി ഭരിക്കുന്ന, സന്യാസി മുഖ്യമന്ത്രിയായ,രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യു.പി ആരു ഭരിക്കും? എല്ലാവരും ചോദിക്കുന്നതാണിത്. ഈ ചോദ്യത്തെ മറ്റൊരു രൂപത്തിലാക്കിയാലോ, ജനങ്ങളുടെ ജീവല്‍പ്രയാസങ്ങളോ , മതവികാരമോ ഏതാണ് പ്രധാനം ? ഈ ചോദ്യത്തിന് ഉത്തരം തേടി യു.പിയിലെ സാധാരണക്കാരോട് സംവദിച്ചപ്പോള്‍ കിട്ടിയതിന്റെ സാരാംശം ഇതാണ്: രണ്ടും യു.പിക്കാര്‍ക്ക് പ്രധാനം തന്നെ.
പക്ഷേ നൂറ്റാണ്ടുകളായുള്ള മനുഷ്യരുടെ വിശ്വാസത്തിന് മേല്‍ ബാക്കി അല്‍പം മാറിനില്‍ക്കും. 19.6 ശതമാനം മുസ്‌ലിംകളുള്ള സംസ്ഥാനത്ത് അവരില്‍ മഹാഭൂരിപക്ഷവും ബി.ജെ.പിയുടെ അക്രമോത്സുക വര്‍ഗീയ രാഷ്ട്രീയത്തെ എതിര്‍ക്കുമ്പോള്‍ ബാക്കി മഹാഭൂരിപക്ഷം ആളുകളും ആശയക്കുഴപ്പത്തിലാണ്. കോവിഡും നോട്ടു നിരോധനവും തൊഴിലില്ലായ്മയും വിലക്കയറ്റവും സാധാരണക്കാരെയും അര്‍ധ പട്ടിണിക്കാരെയും വലിയ പ്രയാസത്തിലേക്കാണ് തള്ളിവിട്ടത്. സര്‍ക്കാരിനെ കൊണ്ട് ഗുണം ലഭിക്കുന്ന ശരാശരിക്ക് മുകളിലുള്ള സ്ഥിരവരുമാനക്കാര്‍ ബി.ജെ.പിയെ പിന്തുണക്കുന്നു. ഇതിനിടയിലാണ് മതവിശ്വാസം നിര്‍ണായകമാകുന്നത്. ഹിന്ദുക്കളുടെ ഏകീകരണത്തെക്കുറിച്ചും നൂറ്റാണ്ടുകള്‍ അടിച്ചമര്‍ത്തപ്പെട്ടതിനെക്കുറിച്ചുമൊക്കെ വലിയ തോതില്‍ ആത്മബോധം ഉണര്‍ത്തി വിടാന്‍ ബി.ജെ.പിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും കഴിഞ്ഞിട്ടുണ്ട്. പ്രയാസങ്ങളില്ലെന്ന് പറയുന്നില്ല.
പക്ഷേ ഹിന്ദു ഇല്ലാതായാല്‍ എന്തു ചെയ്യും ? ഷാജഹാന്‍ പൂര്‍ സ്വദേശിയും കച്ചവടക്കാരനുമായ വികാസ് സക്‌സേന പറഞ്ഞു. നോട്ടുനിരോനം ബാധിച്ചത് സമ്പന്നരെയാണെന്നും ആദിത്യനാഥ് സര്‍ക്കാര്‍ വന്നതിന് ശേഷം ഗുണ്ടാ ആക്രമണങ്ങള്‍ കുറഞ്ഞെന്നും വികാസ് പറഞ്ഞു. ഇതു തന്നെ മുസ്‌ലിംകളിലെ ചിലര്‍ പോലും പറയുന്നു. 420 ഗുണ്ടകളെ യോഗി സര്‍ക്കാര്‍ അകത്തിട്ടു. എല്ലാവരും പഴയ സമാജ് വാദി ഭരണകാലത്തെ ഗുണ്ടകളാണ്. ഇപ്പോള്‍ ഞങ്ങള്‍ക്ക് ആരെയും ഭയപ്പെടാതെ ശോഭ യാത്ര നടത്താം – ലഖിംപൂര്‍ സ്വദേശി പുനീത് അഗര്‍വാള്‍ പറയുന്നു. ലഖിംപൂരില്‍ എട്ടു പേരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേന്ദ്രമന്ത്രിയുടെ പുത്രനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതോ എന്ന ചോദ്യത്തിന് പക്ഷേ ബി.ജെ.പി അനുകൂലികള്‍ക്ക് മറുപടിയില്ല. ഈ മേഖലയില്‍ വലിയ പിന്തുണ എസ്.പിക്കാണ് കിട്ടുക. അയോധ്യയില്‍ 2012 ല്‍ എസ്.പി നേടിയ വിജയം ഇത്തവണ ആവര്‍ത്തിക്കുമെന്ന് മുസ്‌ലിം ലീഗ് യുപി. അധ്യക്ഷന്‍ ഡോ. മതീന്‍ ഖാന്‍ പറഞ്ഞു. യോഗി സര്‍ക്കാര്‍ തുടര്‍ന്ന് ഭരിച്ചാല്‍ പ്രതിപക്ഷത്ത് അവരുണ്ടായിരിക്കുന്നതിനേക്കാള്‍ നല്ലതാണെന്ന് ചിന്തിക്കുന്നവരുണ്ട്. ഇത്തവണ ബി.ജെ.പി തോറ്റാല്‍ ഹിന്ദു ഐക്യം ഇല്ലാതാകുമെന്നും സമാജ് വാദിയുടെ ജാതിരാഷ്ട്രീയത്തില്‍ വീഴരുതെന്നും അയോധ്യയില്‍ ദര്‍ശനത്തിനെത്തിയ ബസ്തി സ്വദേശിയായ 58 കാരന്‍ പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ ജോലി പോയിട്ട് സ്വകാര്യമേഖലയില്‍ പോലും തൊഴില്‍ ലഭിക്കാത്തതാണ് മുഖ്യ പ്രശ്‌നമെന്നാണ് അയോധ്യയിലെ ആദ്യവോട്ടറായ 20 കാരന്‍ മുഹമ്മദ് വസീം ഖാന്‍ പറഞ്ഞത്.
ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളേക്കാള്‍ രാമക്ഷേത്രത്തെക്കുറിച്ചും താലിബാനെക്കുറിച്ചും കേരളത്തെക്കുറിച്ചുമൊക്കെ യോഗി ആദിത്യനാഥ് ആവര്‍ത്തിക്കുന്നതിന് കാരണവും ബാരബംഗിയില്‍ പള്ളി പൊളിച്ചതും മറ്റൊന്നല്ല. ലോല വികാരങ്ങളാണ് എല്ലാറ്റിനേക്കാള്‍ മുന്നിലെന്ന കൃത്യമായ ധാരണയില്‍ തന്നെ.
2017 ലെ 312 സീറ്റ് എന്തു വന്നാലും കിട്ടില്ലെന്ന് തന്നെയാണ് ബി.ജെ.പി നേതാക്കളടക്കം അകത്തും പുറത്തും പറയുന്നത് 200നും 250 നും ഇടയിലാണ് ബി.ജെ.പിയും എസ്.പി യും പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തെ 7 ല്‍ നിന്ന് നില മെച്ചപ്പെടുത്തിയേക്കും. പത്ത് കക്ഷികളടങ്ങുന്ന മുന്നണിയില്‍ മുസ്‌ലിം ലീഗ് ആഗ്രയിയില്‍ മത്സരിക്കുന്നുണ്ട്. ബി.എസ്.പി കിതയ്ക്കുമ്പോള്‍ ആംആദ്മി, ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടി തുടങ്ങിയവരുടെ സാന്നിധ്യവുമുണ്ട്.