ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ മത്സരിക്കുന്ന 623 സ്ഥാനാര്‍ത്ഥികളില്‍ 103 പേരും ക്രിമിനല്‍ കേസ് പ്രതികള്‍.
ബലാത്സംഗം, കൊലപാതകം പോലുള്ള ഗുരുതരമായ ക്രിമിനല്‍ കേസുകളാണ് ഇവര്‍ നേരിടുന്നുണ്ടെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോം (എ.ഡി.ആര്‍) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലം പ്രകാരം 22% സ്ഥാനാര്‍ത്ഥികളും തങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസുകളുള്ളതായി വ്യക്തമാക്കിയിട്ടുണ്ടെന്ന് എ.ഡി.ആര്‍ കണ്ടെത്തി. ഫെബ്രുവരി 20ന് നടക്കുന്ന മൂന്നാം ഘട്ടത്തില്‍ 16 ജില്ലകളിലെ 59 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്.
ക്രിമിനല്‍ കേസ് സ്ഥാനാര്‍ത്ഥികളില്‍ സമാജ്‌വാദി പാര്‍ട്ടിയാണ് ഒന്നാമത് (52%). ബി.ജെ.പി- 46%, ബി.എസ്.പി- 39%, കോണ്‍ഗ്രസ്- 36%, ആം ആദ്മി പാര്‍ട്ടി- 22% എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിനെതിരെ നേരത്തെ സുപ്രീംകോടതി ആഞ്ഞടിച്ചിരുന്നു. ക്രിമിനല്‍ കേസില്‍ പ്രതികളായവരെ മത്സരിപ്പിക്കുന്നുണ്ടെങ്കില്‍ കേസുമായി ബന്ധ പ്പെട്ട വിശദാംശങ്ങള്‍ പാര്‍ട്ടികള്‍ പ്രാദേശിക പത്രങ്ങളിലും വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയയിലും പ്രസിദ്ധീകരിക്കണം. എന്തുകൊണ്ടാണ് ഇവരെ സ്ഥാനാര്‍ത്ഥി ആക്കിയതെന്ന് ഒപ്പം ചേര്‍ക്കണം.
കുറ്റകൃത്യത്തിന്റെ സ്വഭാവം, അന്വേഷണം നടക്കുന്നുണ്ടെങ്കില്‍ അതിന്റെ പുരോഗതി എന്നിവ ഉള്‍പ്പെടുത്തണം തുടങ്ങിയ നിര്‍ദേശങ്ങളും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.