X

യു.പി സംഭവം മുസ്‌ലിം വിഷയം മാത്രമല്ല,അകറ്റാന്‍ പഠിപ്പിക്കുന്തോറും ചേര്‍ത്തുനിര്‍ത്തും: ആക്ടിവിസ്റ്റും അധ്യാപികയുമായ മൃദുലദേവി

യുപിയില്‍ മുസ്‌ലിം വിദ്യാര്‍ത്ഥയിയെ മുഖത്തടിച്ചതില്‍ പ്രതികരണവുമായി ആക്ടിവിസ്റ്റും അധ്യാപികയുമായ മൃദുലദേവി. യു.പി സംഭവം മുസ്‌ലിം വിഷയം മാത്രമല്ലെന്നും ഇസ്ലാമോഫോബിയ എന്ന അന്താരാഷ്ട്രവിപത്തിന്റെ മാരകപതിപ്പാണ് തൃപ്ത ത്യാഗയെന്നും അവര്‍ ഫെയ്‌സബുക്ക് പോസ്റ്റില്‍ കുറിച്ചു.’നിങ്ങള്‍ അകറ്റാന്‍ പഠിപ്പിക്കുന്തോറും ഞങ്ങള്‍ ചേര്‍ത്ത് നിര്‍ത്തുക തന്നെ ചെയ്യും- അവര്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

യുപി പൊലീസ് തുപ്ത ത്യാഗിയുടെ വീട്ടിലല്ല ഇരച്ചു കയറിയിരിക്കുന്നത് മറിച്ച് മുസ്ലിം ആയതിന്റെ പേരില്‍ തല്ലു കൊള്ളേണ്ടി വന്ന കുട്ടിയുടെ വീട്ടിലാണ്. മുഖത്ത് ബി ജെ പി നേതാവിന്റെ മൂത്രം ഏറ്റു വാങ്ങേണ്ടി വന്ന ആദിവാസി യുവാവിന്റെ വീട്ടുകാരെ അനുനയിപ്പിച്ചു കയ്യിലെടുത്തതുപോലെ ഇവരെയും കയ്യിലെടുക്കുക എന്നുള്ളത് തന്നെയാണ് ലക്ഷ്യം. കുട്ടിയുടെ അച്ഛന്‍ പരാതിപ്പെടുവാന്‍ തയ്യാറല്ല എന്നറിയിച്ച് കഴിഞ്ഞു. എന്തുകൊണ്ടാണ് അദ്ദേഹം പരാതി നല്‍കാന്‍ തയ്യാറാകാത്തത് എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? അദ്ദേഹം ആ പരാതി നല്‍കേണ്ടത് ഇരിക്കുന്ന കമ്പ് വെട്ടിമുറിക്കുന്നവരുടെ കയ്യില്‍ തന്നെയാണ്. അങ്ങനെ ഒരു പരാതി അവിടെയെത്തിയാല്‍ ഇന്ത്യ കത്തുന്ന തരത്തിലുള്ള നടപടികള്‍ ഇവിടെയുണ്ടാക്കും. പോലീസ് ആ കുട്ടിയുടെ വീട് അരിച്ചുപെറുക്കി മിക്കവാറും ഇന്നുച്ചയോടെ അവരുടെ ‘തീവ്ര വാദ ‘ബന്ധം വെളിയില്‍ കൊണ്ട് വരും. അതുമല്ലെങ്കില്‍ ആ വീട് അനധികൃതമായി പണിതതാണെന്നു പറഞ്ഞുകൊണ്ട് പൊളിച്ചു കളയുന്ന ദൃശ്യങ്ങള്‍ നമുക്ക് കാണേണ്ടി വരും. തന്റെ മകന് സംഭവിച്ചതിന്റെ പേരില്‍ ബാക്കി മുസ്ലിം സ്ത്രീകള്‍ റേപ്പിനിരയാകേണ്ടി വരും. അത്തരത്തില്‍ ഒരുപാട് കരുതലുകള്‍ എടുത്തുകൊണ്ടാവണം അദ്ദേഹം പരാതിയുമായി മുന്നോട്ട് പോകാത്തത്.

അദ്ധ്യാപന ശാസ്ത്രം അറിഞ്ഞിട്ടൊന്നുമായിരിക്കില്ല അവര്‍ അധ്യാപിക ആയത്. യു പി യില്‍ അത്യാവശ്യം എഴുതാന്‍ അറിഞ്ഞാല്‍ അദ്ധ്യാപിക ആവാം..അവര്‍ എന്തെങ്കിലും പഠിച്ചിട്ടുണ്ടാവുമല്ലോ അതില്‍ നിന്നും മനുഷ്യത്വത്തിന്റെ ഒരു കണിക പോലും അവരില്‍ എത്തിയിട്ടില്ലെങ്കില്‍ പിന്നെ എന്ത് വിദ്യാഭ്യാസമാണ് അവര്‍ക്കു കിട്ടിയത്? അതിലും ശക്തമായി അവര്‍ പഠിച്ചു വച്ചിരിക്കുന്നത് അവന്‍ മുസ്ലിം ആണ് അവന്റെ മുഖത്ത് അതേ പ്രായക്കാരനെ ക്കൊണ്ട് അടിപ്പിക്കുക എന്ന ക്രൂരതയാണ്.വളരെ ചെറുപ്പം മുതല്‍ മുസ്ലിം എന്നാല്‍ അടിച്ചോടിക്കേണ്ട എന്തോ ഒന്ന് എന്ന വികാരം വളര്‍ത്തിയെടുക്കുവാന്‍ അത് സഹായകമാകും എന്ന് വര്‍ഗ്ഗീയവാദിയായ ആ സ്ത്രീ മനസിലാക്കിയിരിക്കുന്നു. അത്തരത്തിലുള്ള പഠിപ്പിക്കലുകള്‍ അവിടെ വ്യാപകമായി ഉള്ളതുകൊണ്ടാണ് സ്‌കൂള്‍, കോളേജ് തലത്തില്‍ പഠിച്ചതൊന്നും അവരുടെ തലയില്‍ കയറാത്തത്.

ഇതിനെ ഒരു മുസ്ലിം വിഷയമായി കാണാതിരിക്കുക.രാജ്യത്തിന്റെ ഐക്യത്തിന് തുരങ്കം വയ്ക്കുന്ന ഇത്തരം പരിപാടികളില്‍ പൊതുവെ മുസ്ലിങ്ങള്‍ നിശബ്ദരായി പോകേണ്ടി വരാറുണ്ട്. ഏറ്റവും വലിയ ഇരയാക്കപ്പെടല്‍ അതാണ്. അവര്‍ക്കൊപ്പം നില്‍ക്കുക, അവര്‍ നിശബ്ദമായിപ്പോകുന്നിടത്തു അവര്‍ക്കൊപ്പം നില കൊള്ളുക. ആ സ്ത്രീയ്ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുവാന്‍ വേണ്ട നടപടികള്‍ ത്വരിതപ്പെടുത്തുക..

പരാതി മുന്നോട്ടുപോയാല്‍ അവര്‍ അടങ്ങിയിരിക്കില്ല. ഓബിസികളെയും, ദലിതരേയും ഉപയോഗിച്ച് തെരുവില്‍ കലാപം ഉണ്ടാക്കിയേക്കാം. അവരുടെ കയ്യില്‍ ചോരക്കറ വീഴ്ത്താതെ പിന്നോക്കരെ ടൂളുകള്‍ ആക്കി ബ്രാഹ്മണ മതത്തെ രക്ഷിക്കും. അതിനുവേണ്ടി അവര്‍ താജ് മഹല്‍ വരെ പൊളിച്ചേക്കാം. അതിന്റെ അടിയില്‍ ആമയുടെ അമ്പലം ഉണ്ടായിരുന്നു എന്ന് അവകാശപ്പെട്ടുകൊണ്ട് നരനായാട്ട് തന്നെ നടത്തിയേക്കാം.. അങ്ങനെ പോകുവാന്‍ ഇന്ത്യയെ അനുവദിക്കരുത്. ഇസ്ലാമോഫോബിയ എന്ന അന്താരാഷ്ട്രവിപത്തിന്റെ മാരകപതിപ്പാണ് തൃപ്ത ത്യാഗ. അവരെ നിയമത്തിന്റെ മുന്‍പില്‍ എത്തിക്കുക. വീണ്ടും, വീണ്ടും പറയുന്നു ‘നിങ്ങള്‍ അകറ്റാന്‍ പഠിപ്പിക്കുന്തോറും ഞങ്ങള്‍ ചേര്‍ത്ത് നിര്‍ത്തുക തന്നെ ചെയ്യും.’

webdesk11: