X
    Categories: indiaNews

ബലാത്സംഗം നടന്നിട്ടില്ലെന്ന യുപി പോലീസിന്റെ വാദം പൊളിയുന്നു; ഹാത്രസ് പെണ്‍കുട്ടിയുടെ അവസാന വീഡിയോ പുറത്ത്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട 19 കാരി കൂട്ടബലാത്സംഗത്തിനിരയായിട്ടില്ലെന്ന യുപി പൊലീസിന്റെ വാദം പൊളിയുന്നു. ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ ആശുപത്രിയില്‍ നല്‍കിയ മൊഴിയുടെ വീഡിയോ പുറത്തുവന്നതോടെയാണ് പൊലീസിന്റെ വാദം പൊളിഞ്ഞത്. രണ്ട് പേര്‍ ചേര്‍ന്നാണ് തന്നെ ബലാത്സംഗം ചെയ്തതെന്നാണ് ചികിത്സയിലിരിക്കെ പെണ്‍കുട്ടി പ്രതികരിക്കുന്നത്. എന്നാല്‍ മരണപ്പെട്ട രാത്രിയില്‍ തന്നെ കുടുംബത്തില്‍ നിന്നും പെണ്‍കുട്ടി മൃതദേഹം ബലമായെടുത്ത യുപി പോലീസ് അത് കത്തിച്ചുകളയുകയായിരുന്നു. പിന്നാലെയാണ് കു്ട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന അട്ടിമറി വാദവുമായി യുപി പോലീസ് രംഗത്തെത്തിയത്.

നട്ടെല്ലിന് ക്ഷതമേറ്റ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി, മുറിനാവുകൊണ്ട് പറയുന്ന മൊഴിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. രണ്ട് പേര്‍ ചേര്‍ന്നാണ് തന്നെ ബലാത്സംഗം ചെയ്തതെന്നും അമ്മ വരുന്നത് കണ്ടതോടെ അവര്‍ ഓടിരക്ഷപ്പെട്ടെന്നും, പെണ്‍കുട്ടി വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. കേസില്‍ അറസ്റ്റിലായ രവി എന്നയാളുടെ പേരുവിവരങ്ങളും പ്രതികള്‍ മുമ്പും പീഡിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നതായും വീഡിയോയില്‍ പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നതായി, ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, പുറത്തുവന്ന വീഡിയോ ദൃശ്യത്തെ കുറിച്ച് ആധികാരികമായി പ്രതികരിക്കാന്‍ യുപി പൊലീസോ ഉദ്യോഗസ്ഥരോ തയാറായിട്ടില്ല. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് യുപി പോലീസ് വ്യക്തമാക്കിയ ഇന്നലെ തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ക്രൂര പീഡനത്തിനിരയായ പെണ്‍കുട്ടിയെ ആദ്യമെത്തിച്ച ആശുപത്രിയില്‍ നിന്നും ചിത്രീകരിച്ച ദൃശ്യങ്ങളാകാം ഇതെന്നാണ് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് നിലപാടറിയിച്ച സര്‍ക്കിള്‍ ഓഫീസര്‍ ബ്രഹ്മ സിങ് പുറത്തുവന്ന വീഡിയോയെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.

പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും ബീജം കണ്ടെത്താനായിട്ടില്ലെന്നും അതിനാല്‍ ബലാത്സംഗം നടന്നുവെന്ന് പറയാന്‍ കഴിയില്ലെന്നുമാണ് ഇന്നലെ പോലീസ് പറഞ്ഞത്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് യുപി പോലീസ് വ്യക്തമാക്കിയിരിക്കെ പെണ്‍കുട്ടിയുടെ മൊഴിതന്നെ പുറത്തായത് യോഗി സര്‍ക്കാറിന് വലിയ തിരിച്ചടിയാണ്.

chandrika: