X
    Categories: indiaNews

താജ്മഹലിനെ വീണ്ടും അവഗണിച്ച് യോഗി; സര്‍ക്കാരിന്റെ ടൂറിസ്റ്റ് പട്ടികയില്‍ നിന്ന് ഇത്തവണയും ഒഴിവാക്കി

ലഖ്‌നൗ: ഏഴ് ലോക മഹാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ വീണ്ടും ടൂറിസ്റ്റ് പട്ടികയില്‍ നിന്ന് ഒഴിവാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കഴിഞ്ഞ ദിവസം ഇറക്കിയ ടൂറിസം വകുപ്പിന്റെ ഔദ്യോഗിക പരസ്യത്തില്‍ താജ്മഹലില്ല. നേരത്തേയും ടൂറിസ്റ്റ് പട്ടികയില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കിയിരുന്നു.

ഏറ്റവും കൂടുതല്‍ വിദേശികളും സ്വദേശികളുമായ വിനോദ സഞ്ചാരികളെത്തുന്ന ലോകത്തെ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് താജ്മഹല്‍. പ്രതിവര്‍ഷം 60 ലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് താജ്മഹല്‍ സന്ദര്‍ശിക്കാന്‍ എത്തുന്നത്. ഇത്രയേറെ പ്രാധാന്യമുള്ള താജ്മഹലിനെയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്ന് പുറത്താക്കിയത്.

കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്നു ആറു മാസത്തിനുശേഷം താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നിരുന്നു. കഴിഞ്ഞ മാര്‍ച്ച് 17നാണ് താജ്മഹലില്‍ സന്ദര്‍ശക വിലക്ക് ഏര്‍പ്പെടുത്തിയത്. രാജ്യം അണ്‍ലോക്ക് നാലിലേക്കു കടന്നതിനെത്തുടര്‍ന്നാണ് സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കിയത്.

എന്നാല്‍, മുഴുവന്‍ പേരും മാസ്‌കും സാമൂഹിക അകലവുമുള്‍പ്പെടെ കൊവിഡ് 19 പ്രോട്ടൊകോളുകള്‍ പാലിക്കണം. ഗ്രൂപ്പ് ഫോട്ടൊകള്‍ എടുക്കുന്നതും അനുവദിക്കില്ല. ദിവസം പരമാവധി 5000 പേര്‍ക്കേ സന്ദര്‍ശനം അനുവദിക്കൂ. ചൈനീസ് പൗരന്‍ ലിയാങ് ചിയാ ചെങ് ആയിരുന്നു ആദ്യ സന്ദര്‍ശകന്‍. മുഴുവന്‍ പേര്‍ക്കും തെര്‍മല്‍ സ്‌ക്രീനിങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

chandrika: