ലക്‌നൗ: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് രണ്ട് കുട്ടികളെന്ന മാനദണ്ഡവും മിനിമം വിദ്യാഭ്യാസ യോഗ്യതയും നിര്‍ബന്ധമാക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അടുത്ത വര്‍ഷമാണ് ഉത്തര്‍പ്രദേശില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് പുതിയ മാനദണ്ഡങ്ങളുമായി യോഗി സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്.
ഈ നിര്‍ദ്ദേശം സജീവമായ പരിഗണനയിലാണെന്നും ഉടന്‍ തന്നെ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും പഞ്ചായത്ത് രാജ് അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് കുമാര്‍ സിംഗ് പറഞ്ഞു. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തടയുന്നതിന് നിയമം കൊണ്ടുവരാന്‍ കഴിഞ്ഞ മാസം കേന്ദ്രമന്ത്രി സഞ്ജീവ് ബാല്യാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. രാജസ്ഥാന്‍, ഗുജറാത്ത്, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് രണ്ട് കുട്ടികളുള്ള ആളുകളെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഉത്തരാഖണ്ഡും സമാനമായ നിയമം കൊണ്ടുവന്നിരുന്നുവെങ്കിലും സംസ്ഥാന ഹൈക്കോടതി ഇത് തടയുകയായിരുന്നു.
ഇപ്പോള്‍ 23 കോടിയിലധികം വരുന്ന ഉത്തര്‍പ്രദേശിലെ ജനസംഖ്യയില്‍ ബല്യാന്‍ ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാനം ഈ നിയമം നടപ്പിലാക്കുകയാണെങ്കില്‍, അത് ഒരു മാതൃകയാവുമെന്നും ജനസംഖ്യ നിയന്ത്രണത്തിന് സഹായിക്കുമെന്നുമാണ് കേന്ദ്രമന്ത്രിയുടെ കണ്ടെത്തല്‍. ജനസംഖ്യ നിയന്ത്രിക്കുന്നതിനായി നമ്മുടെ സംസ്ഥാനം ഒരു കാമ്പയിന്‍ ആരംഭിക്കണം. അടുത്ത പഞ്ചായത്ത് വോട്ടെടുപ്പില്‍ നിന്ന് ഇത് ആരംഭിക്കാം. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ആരെയും അടുത്ത വോട്ടെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്നും കേന്ദ്രമന്ത്രി പറയുന്നു.
അതേസമയം, ഈ നിര്‍ദ്ദേശം അന്യായവും ഏകപക്ഷീയവുമാണെന്ന് പറഞ്ഞ് നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. താഴ്ന്ന ജാതിക്കാരായ ജനവിഭാഗങ്ങളെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്ന് സമാജ്‌വാദി പാര്‍ട്ടി പറഞ്ഞു. ദുര്‍ബലരും താഴ്ന്നവരുമായവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയുന്നതിനാല്‍ ഈ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് പാര്‍ട്ടി വക്താവ് അനുരാഗ് ഭദൗരിയ പറഞ്ഞു.
ദുര്‍ബല വിഭാഗങ്ങളെ ശാക്തീകരിക്കാനും രാഷ്ട്രീയ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ശ്രമിക്കുന്ന പഞ്ചായത്തിരാജ് സമ്പ്രദായത്തിന് വിരുദ്ധമാണ് നിര്‍ദ്ദിഷ്ട നിയമങ്ങള്‍ എന്ന് കോണ്‍ഗ്രസ് നേതാവ് സുരേന്ദ്ര രജ്പുതും പറഞ്ഞു. ജനസംഖ്യ പരിശോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഞങ്ങള്‍ സമ്മതിക്കുന്നുണ്ടെങ്കിലും ഇത് തീര്‍ച്ചയായും അതിനുള്ള മാര്‍ഗമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.