ശ്രാവണ മാസത്തിലെ കന്‍വാര്‍ യാത്രയ്ക്ക് മുന്നോടിയായി വിചിത്രവും വര്‍ഗീയസ്വഭാവമുള്ളതുമായി ഉത്തരവുമായി യു.പി അധികൃതര്‍. കന്‍വാര്‍ യാത്രാ റൂട്ടിലെ വ്യാപാരികള്‍ സ്ഥാപനത്തിന് പുറത്ത് ഉടമകളുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് മുസഫര്‍ നഗര്‍ ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ഇതുസംബന്ധിച്ച് യാത്രാ റൂട്ടിലെ ഹോട്ടലുകള്‍, പഴം, തട്ടുകടകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
മുസ്ലിം വ്യാപാരികളെ ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്ന് പരക്കെ ആക്ഷേപമുയരുന്നുണ്ട്. എന്നാല്‍ കന്‍വാര്‍ യാത്ര സുഗമമായി നടത്തുക എന്നതാണ് ഉത്തരവിന് പിന്നിലെ ഉദ്ദേശമെന്നാണ് പൊലിസ് നല്‍കുന്ന വിശദീകരണം. മുസ്‌ലിം വ്യാപാരികളെ ബിഹിഷ്‌ക്കരിക്കാനുള്ള ഉദ്ദേശത്തോടെയല്ല നടപടിയെന്നും മുസഫര്‍ നഗര്‍ സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലിസ് വ്യക്തമാക്കി. മുസഫര്‍നഗറില്‍നിന്ന് കന്‍വാര്‍ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് 240 കിലോമീറ്റര്‍ ആണുള്ളത്.
ഉത്തരവിനെതിരേ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി എം.പി രംഗത്തുവന്നിട്ടുണ്ട്. ഹിറ്റ്ലറുടെ നയമാണിതെന്നാണ് ഉഴൈസി പ്രതികരിച്ചത്. യാത്രയ്ക്ക് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ മാംസവില്‍പനയ്ക്ക് നേരത്തെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നിരുന്നു.
കന്‍വാര്‍ യാത്ര നടക്കുന്ന വഴികളില്‍ മാംസം വില്‍ക്കുന്നതും വാങ്ങുന്നതും തടയുകയാണ് ലക്ഷ്യം. ഈ മാസം 22 മുതലാണ് ശ്രാവണ മാസം ആരംഭിക്കുന്നത്. ഈ കാലയളവില്‍ ശ്രാവണി, ശിവരാത്രി, നാഗപഞ്ചമി, രക്ഷാബന്ധന്‍ എന്നിവ ആഘോഷിക്കും. ഈ സമയത്താണ് കന്‍വാര്‍ യാത്രയും നടക്കുക.