X
    Categories: indiaNews

വിവാദങ്ങള്‍ക്കിടെ ‘ലവ് ജിഹാദ്’ നിയമപ്രകാരം ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത്് യുപി സര്‍ക്കാര്‍

ലക്‌നൗ: ‘ലവ് ജിഹാദ്’ തടയാനെന്ന പേരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന ആന്റി കണ്‍വേര്‍ഷന്‍ നിയമപ്രകാരം സംസ്ഥാനത്ത് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. വിവാദ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.

ഒവൈസി അഹമ്മദ് എന്ന യുവാവിന് നേരെയാണ് നിയമ പ്രകാരം ആദ്യം കേസെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെ മതേതര രാജ്യത്തെ കരിനിയമം എന്ന് ചൂണ്ടിക്കാണിച്ച് യു.പി സര്‍ക്കാരിന്റെ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

മുസ്‌ലിം മതത്തിലേക്ക് പെണ്‍കുട്ടികളെ നിര്‍ബന്ധിതമായി പരിവര്‍ത്തനം ചെയ്തുവെന്ന കേസില്‍ പുതിയ ആന്റി കണ്‍വേര്‍ഷന്‍ നിയമത്തിലെ 504, 506 വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഒവൈസി നിര്‍ബന്ധിതമായി മകളെ മതപരിവര്‍ത്തനം ചെയ്തുവെന്ന പെണ്‍കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ശനിയാഴ്ചയാണ് ‘ലവ് ജിഹാദ്’ തടയാന്‍ എന്ന പേരില്‍ യു.പി സര്‍ക്കാര്‍ കൊണ്ടുവന്ന ഓഡിനന്‍സിന് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ അംഗീകാരം നല്‍കിയത്.

ഓഡിനന്‍സ് പ്രകാരം ഒരു സ്ത്രീ വിവാഹത്തിനായി മതപരിവര്‍ത്തനം നടത്തിയാല്‍ ആ വിവാഹത്തെ അസാധുവായി പരിഗണിക്കും. വിവാഹ ശേഷം മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ കളക്ടര്‍ക്ക് അപേക്ഷ നല്‍കണം.സമൂഹത്തില്‍ വിദ്വേഷവും വിള്ളലുമുണ്ടാക്കാനാണ് ഓഡിനന്‍സ് വഴി സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചിരുന്നു.

 

Test User: