ലഖ്‌നൗ: ഡോ.കഫീല്‍ ഖാനെ വിട്ടയച്ച അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് യുപി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രകോപനപരമായി സംസാരിച്ചെന്നാരോപിച്ച് ദേശീയ സുരക്ഷാ നിയമപ്രകാരം യുപി സര്‍ക്കാര്‍ ജയിലിലാക്കിയ ഡോ.കഫീല്‍ ഖാന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി സെപ്റ്റംബര്‍ ഒന്നാണ് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്.
കഫീല്‍ ഖാനെ തടവിലാക്കിയത് നിയമവിരുദ്ധമാണെന്ന് വിധിയില്‍ ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പലതവണ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട വ്യക്തിയാണ് കഫീല്‍ഖാനെന്നും ഇതിന്റെ തുടര്‍ച്ചയായി അച്ചടക്കനടപടിയും ആരോഗ്യസേവനരംഗത്ത് നിന്ന് പുറത്താക്കപ്പെടുകയും അടക്കമുള്ള നടപടികള്‍ നേരിട്ടിട്ടുണ്ടെന്നും യുപി സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു.
കഴിഞ്ഞവര്‍ഷം അലിഗഢ് സര്‍വകലാശാലയില്‍ പൗരത്വ നിയമഭേദഗതിക്കെതിരേ പ്രസംഗിച്ചതിനാണ് ദേശീയ സുരക്ഷാനിയമം പ്രകാരം കുറ്റം ചുമത്തി കഫീല്‍ ഖാനെ തടവിലാക്കുന്നത്. ജനുവരി 29നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്.
2017ല്‍ ഓക്‌സിജന്‍ കിട്ടാതെ നിരവധി കുട്ടികള്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് ഗൊരഖ്പുരിലെ ബി.ആര്‍.ഡി.മെഡിക്കല്‍ കോളേജില്‍ നിന്ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സര്‍ക്കാര്‍ ആശുപത്രിയിലെ ഓക്‌സിജന്‍ സിലിണ്ടറുകളുടെ അഭാവമാണ് കുട്ടികളുടെ കൂട്ടമരണത്തിന് ഇടയാക്കിയതെന്ന ആരോപണം സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു.
പിന്നീട് നടന്ന വകുപ്പുതല അന്വേഷണത്തില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെങ്കിലും പൗരത്വനിയമഭേദഗതിക്കെതിരായ പ്രസംഗത്തിന്റെ പേരില്‍ തടവിലാക്കുകയായിരുന്നു.