തന്‍വീര്‍ കാനച്ചേരി
മാസങ്ങള്‍ക്കു മുമ്പ് മുഖ്യമന്ത്രി പദം യോഗി ആദിത്യനാഥിലേക്ക് നീങ്ങിയതു മുതല്‍ ഉത്തര്‍ പ്രദേശിന്റെ രോദനം തുടര്‍ക്കഥയാവുകയാണ്. വര്‍ഗീയതയുടെ വിഷപ്പാമ്പായ യോഗിയുടെ നിയോഗം വിതച്ചുകൊണ്ടിരിക്കുന്നത് ചെറിയ നാശമൊന്നുമല്ല. ഒന്നിനുപിറകെ മറ്റൊന്ന് എന്ന നിലക്ക് സംഭവങ്ങളുടെ നീണ്ട നിര. യോഗി മുഖ്യനായതുമുതല്‍ വികസനങ്ങള്‍ക്കുപരി പീഡന താണ്ഡവങ്ങളാണ് അരങ്ങേറിയത്. ന്യൂനപക്ഷങ്ങള്‍ എന്നും ഇരകളായി മാറി.
സ്ത്രീ പീഡനത്തില്‍ നാഷണല്‍ ക്രൈം ലിസ്റ്റില്‍ യു.പിക്ക് ഒന്നാം സ്ഥാനം നേടിക്കൊടുക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചു. മൂന്ന് മാസത്തിനുള്ളില്‍ 1033 ഓളം ബലാത്സംഗങ്ങള്‍ യു.പിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. അതില്‍ ഭൂരിഭാഗ ഇരകളും ന്യൂനപക്ഷമായിരുന്നു. പര്‍ദ്ദ ധാരിയായ മുസ്‌ലിം യുവതിയെ ട്രെയിനിലേക്ക് വലിച്ചിഴച്ച് പീഡിപ്പിച്ച പൊലീസുകാരന്‍ തൊട്ട് ഗ്രാമത്തലവന്മാര്‍ വരെ പീഡനത്തിനിറങ്ങി. കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് യു.പിയില്‍ ഒരു ഗ്രാമത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും ഗ്രാമത്തലവനും മറ്റു സഹപ്രവര്‍ത്തകരായ ആറു പേരും കൂടി ദരിദ്ര കുടുംബത്തില്‍പെട്ട പതിനഞ്ച് വയസ്സു മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ക്രൂരമായി കൂട്ട ബലാത്‌സംഗം ചെയ്തു. ഇതറിഞ്ഞ പിതാവ് നെഞ്ചു പൊട്ടി മരിച്ചു. പെണ്‍കുട്ടിയെ ശല്യം ചെയ്തു എന്നതിലേക്കു മാത്രം കേസ് ചുരുക്കി. ഗോവധത്തിന്റെ പേരില്‍ ധാരാളം ജീവന്‍ പൊലിഞ്ഞു. ഉത്തര്‍ പ്രദേശില്‍ ന്യൂനപക്ഷം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിരന്തരമായ പീഢന പര്‍വ്വങ്ങള്‍ക്കു മുന്നില്‍ മുട്ടു മടക്കാനേ അവര്‍ക്ക് സാധിക്കൂ.
ഗോരഖ്പൂരില്‍ നിലവിളി അവസാനിച്ചിട്ടില്ല. ഒരുപാട് പിഞ്ചു കുഞ്ഞങ്ങള്‍ അവിടെ അസാധാരണ രോഗം ബാധിച്ച് മരണത്തോട് മല്ലിടുകയാണ്. ഒരു തെറ്റും ചെയ്യാത്ത പിഞ്ചു പൈതങ്ങളാണ് അധികൃതരുടെ അനാസ്ഥ മൂലം മരണപ്പെട്ടത്. യഥാര്‍ത്ഥത്തില്‍ അതൊരു കൂട്ടക്കൊലയായിരുന്നു. ആസ്പത്രി അധികൃതര്‍ നടത്തിയ കൂട്ടക്കൊല. അവശ്യ സാമഗ്രികള്‍ കൃത്യ സമയത്തു ലഭ്യമാക്കാതെ മൗനം പാലിച്ച അധികൃതര്‍ ഇപ്പോഴും മൗനത്തിനു പിന്നില്‍ ഒളിച്ചോട്ടം നടത്തുകയാണ്. 70 നു മുകളില്‍ കുട്ടികളുടെ ജീവന്‍ പൊലിഞ്ഞിട്ടും ശക്തമായ നടപടികള്‍ക്കു മുതിരാത്ത യോഗി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുന്നതും അതാണ്. ഹോസ്പിറ്റല്‍ അധികൃതര്‍ തിരിഞ്ഞു നോക്കാത്ത സമയത്ത് സ്വന്തം കീശയില്‍ നിന്നു പണം ചിലവഴിച്ചു സുഹൃത്തിന്റെ ഹോസ്പിറ്റലില്‍ നിന്നു ഓക്‌സിജന്‍ സിലിണ്ടറുകളെത്തിച്ച് അനേകം കുഞ്ഞുങ്ങള്‍ക്ക് ജീവവായു നല്‍കിയ ഡോ. കഫീല്‍ ഖാന്‍ പുറത്താക്കപ്പെട്ടതും ഗോരഖ്പൂര്‍ സംഭവത്തിന്റെ ചുരുളഴിക്കുന്നു.
യഥാര്‍ത്ഥത്തില്‍ കഫീല്‍ഖാന് ആദരവ് നല്‍കേണ്ടതിനു പകരം ഹോസ്പിറ്റലിനെ രക്ഷിക്കാന്‍ പലതും പറഞ്ഞു പരത്തി അദ്ദേഹത്തെ നീക്കുകയും ആക്ഷേപഹാസ്യം നടത്തുകയും ചെയ്തത് തള്ളിക്കളയാനാകില്ല. മനുഷ്യത്വത്തിന്റെ പാഠമായിരുന്നു ഡോ. കഫീല്‍ ഖാന്‍ അന്ന് നല്‍കിയത്. പക്ഷേ ഇന്ന് കഫീല്‍ ഖാന്റെ വീടിനു ചുറ്റും അംഗ രക്ഷകരുടെ വലയം കാണാം. വര്‍ഗീയ വാദികളില്‍ നിന്നും നിരവധി വധഭീഷണിയാണ് അദ്ദേഹത്തിനു ലഭിച്ചത്. ഫോണ്‍ കോളു പോലും അറ്റന്റ് ചെയ്യാന്‍ ഭയമാണെന്ന് അദ്ദേഹം തന്റെ ഗുരവായ ഡോക്ടറോട് പറയുകയുണ്ടായി.
ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ നിരന്തരം കടന്നുകയറുന്ന യോഗി സര്‍ക്കാരിന് ഇതൊന്നും വലിയ പ്രശ്‌നമായിതോന്നിയിട്ടുണ്ടാകില്ല. സംഭവം നടന്ന് ഹോസ്പിറ്റല്‍ സന്ദര്‍ശിക്കാന്‍ മുഖ്യന്‍ വൈകിയതും ശ്രദ്ധേയമാണ്. രാഷ്ട്രത്തെ പ്രധാന സംസ്ഥാനത്ത് ഇത്തരമൊരു കൂട്ട മരണം നടന്ന സമയത്ത് ദു:ഖം രേഖപ്പെടുത്താനേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംഘത്തിനും തോന്നിയുള്ളൂ.
ഹോസ്പിറ്റലില്‍ വെച്ച് മകനെ നഷ്ടപ്പെട്ട ജൈന്‍പൂര്‍ വില്ലേജില്‍പ്പെട്ട ശേലേന്ദ്ര ഗുപ്ത എന്നയാള്‍ പറയുന്നു: ഓക്‌സിജന്‍ ലഭ്യത കുറഞ്ഞ കാരണത്താല്‍ കുട്ടികള്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ശ്വാസത്തിനു വേണ്ടി മല്ലിടുന്നത് സഹിക്കാതെ ഡോക്ടര്‍മാരെ വിവരം അറിയിച്ചപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ബ്രീത്തിങ് യൂണിറ്റ് ബാഗുകള്‍ നല്‍കുകയും അത് അമര്‍ത്തിക്കൊണ്ട് കുട്ടികള്‍ക്ക് ഓക്‌സിജന്‍ നല്‍കാനുമാണ് നിര്‍ദ്ദേശിച്ചത്. എന്റെ കുട്ടിയുടെ കൂടെ ബെഡില്‍ അഞ്ചു കുട്ടികള്‍ കൂടി ഉണ്ടായിരുന്നു. അതില്‍ രണ്ടു പേര്‍ അല്‍പസമയത്തിനകം തന്നെ മരിച്ചു.മുഖ്യമന്ത്രി യോഗത്തിലിരിക്കുന്ന സമയത്ത് തന്നെ മരിച്ച കുട്ടികളുടെ രക്ഷിതാക്കളെ വിളിക്കുകയും ആ മൃതശരീരങ്ങള്‍ ഹോസ്പിറ്റലില്‍ നിന്നും കോലാഹലങ്ങളില്ലാതെ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു.വാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആള്‍ മൃതദേഹങ്ങള്‍ പൊതിഞ്ഞു നല്‍കി ശബ്ദമുണ്ടാക്കാതെ പോകാന്‍ പറയുകയും ചെയ്തു. മെഡിക്കല്‍ ഓഫീസര്‍മാര്‍ എല്ലാം മറച്ചു വെച്ചു. ഞാന്‍ അപ്പോഴും എന്റെ കുട്ടിക്കു വേണ്ടി ബാഗ് അമര്‍ത്തിക്കൊണ്ടിരുന്നു. അവസാനം എല്ലാം അവസാനിച്ച് ആഗസ്റ്റ്10ന് എന്റെ കുട്ടിയും മരണത്തിനു കീഴടങ്ങി. സമീപ വാസി രാദേശ്യാം പറയുന്നു: എന്റെ മകള്‍ അവിടെ അഡ്മിറ്റായിരുന്നു. ആഗസ്റ്റ് 10ന് രാത്രിയാകുമ്പോഴേക്ക് ഓക്‌സിജന്‍ ലഭ്യത പൂര്‍ണമായും നിലച്ചു. എന്റെ മകളടക്കം പന്ത്രണ്ടോളം കുട്ടികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരണത്തിനു കീഴടങ്ങി.
മുഖ്യന്‍ യോഗം അവസാനിപ്പിച്ച് പുറത്തിറങ്ങുമ്പോള്‍ ഹോസ്പിറ്റല്‍ പ്രിന്‍സിപ്പല്‍ 11 കോടി ആവശ്യപ്പെട്ടുള്ള പത്രിക സമര്‍പ്പിച്ചു. അപ്പോഴും മരണത്തെക്കുറിച്ചോ ഓക്‌സിജന്‍ നിലച്ചതോ മുഖ്യനറിഞ്ഞില്ല. പിന്നീട് മാധ്യമങ്ങള്‍ 33 കുട്ടികളുടെ മരണവാര്‍ത്ത ഉയര്‍ത്തിക്കാട്ടിയപ്പോഴാണ് സര്‍ക്കാര്‍ ഉറക്കില്‍ നിന്നും ഉണര്‍ന്നത്. ഇതിനു പിന്നിലൊക്കെ പല നിഗൂഢതകളും ഒളിഞ്ഞ് കിടക്കുന്നുണ്ട്. ഹോസ്പിറ്റലിന് ഓക്‌സിജന്‍ നല്‍കിയിരുന്ന പുഷ്പ സെയില്‍സിന് നല്‍കാനുള്ള 69 ലക്ഷം രൂപ അടച്ചില്ലെങ്കില്‍ ഓക്‌സിജന്‍ വിതരണം മുടങ്ങുമെന്ന് പലവട്ടം മുന്നറിയിപ്പ് നല്‍കിയിട്ടും അധികൃതര്‍ ഗൗരവത്തോടെ കണ്ടില്ല. സംസ്ഥാന ഗവണ്‍മെന്റില്‍ നിന്നും ആഗസ്റ്റ് 5ന് നാലു കോടി രൂപ ഹോസ്പിറ്റലിന് പാസ്സായപ്പോഴും ആ കടം വീട്ടാന്‍ തയ്യാറായില്ല. അത്രത്തോളം വീഴ്ച കാണിച്ച ഹോസ്പിറ്റലിനെതിരെ നടപടിയെടുക്കാതെ വീഴ്ച വരുത്തിയെന്നാരോപിച്ച് ചിലരെ പുറത്താക്കി യോഗി സര്‍ക്കാര്‍ മുഖം രക്ഷിക്കാനാണ് ശ്രമിച്ചത്.