അലിഗഢ് : ഒന്നര ലക്ഷം രൂപ വൈദ്യുതി ബില്‍ ലഭിച്ചതിനു പിന്നാലെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ബില്‍ തെറ്റാണെന്നും ഇത്രയും തുക അടയ്ക്കാന്‍ ഇല്ലെന്നും അറിയിച്ചപ്പോള്‍ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ കര്‍ഷകനെ മര്‍ദിച്ചതായി കുടുംബാംഗങ്ങള്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
ഉത്തര്‍പ്രദേശിലെ അത്രൗലിയിലെ സുനൈര ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ചയാണ് കര്‍ഷകനായ രാംജിലാലിന് വൈദ്യുതി ഉദ്യോഗസ്ഥര്‍ എത്തി ഒന്നര ലക്ഷത്തിന്റെ ബില്‍ കൈമാറിയത്. ബില്‍ കണ്ടു ഞെട്ടിയ രാംജി ലാല്‍ ഇതു തെറ്റാണെന്നും ഇത്രയും പണം തന്റെ പക്കല്‍ ഇല്ലെന്നും ഉദ്യോഗസ്ഥരോടു പറഞ്ഞു. ബില്‍ തെറ്റാണെന്നു പറഞ്ഞപ്പോള്‍ വീട്ടുകാരുടെ മുന്നില്‍ വച്ച് ഉദ്യോഗസ്ഥര്‍ രാംജിലാലിനെ മര്‍ദിച്ചതായി ബന്ധുക്കള്‍ പരാതിയില്‍ പറഞ്ഞു.
ഞായറാഴ്ചയാണ് രാംജിലാലിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആയിരത്തി അഞ്ഞൂറു രൂപയുടെ ബില്‍ ഒന്നര ലക്ഷമായി തെറ്റായി കാണിച്ചതാവാമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. നടപടിയുണ്ടാവുമെന്ന് പൊലീസ് ഉറപ്പുനല്‍കിയ ശേഷമാണ് പ്രതിഷേധം അവസാനിച്ചത്.