X

യു.പി തിരഞ്ഞെടുപ്പും മുസ്‌ലിംലീഗും- നൗഷാദ് മണ്ണിശ്ശേരി

നൗഷാദ് മണ്ണിശ്ശേരി

വ്യത്യസ്ത കാഴ്ചപ്പാടുകളും ആശയങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ പൊതു മിനിമം പരിപാടിയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനെയാണ് മുന്നണി രാഷ്ട്രീയം കൊണ്ട് ഉദ്ദേശിക്കുന്നത്. മുന്നണിയിലെ നിലനില്‍പിന് വേണ്ടി സ്വന്തം വ്യക്തിത്വം കളഞ്ഞ്കുളിക്കാന്‍ തയ്യാറില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ സാഹചര്യത്തിനനുസരിച്ച് പല സംസ്ഥാനങ്ങളിലും മുന്നണി ബന്ധങ്ങളില്‍ മാറ്റം കാണുന്നത് സ്വാഭാവികമാണ്. കേരളത്തില്‍ പ്രബലമായ രണ്ട് മുന്നണികള്‍ക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും സി.പി.എമ്മും ബംഗാളില്‍ ഒരുമിച്ചാണ് മത്സരിച്ചത്. തമിഴ് നാട്ടില്‍ ഒരു പടികൂടി കടന്ന് മുസ്‌ലിംലീഗും ഇവരോടൊപ്പം ഡി.എം.കെ മുന്നണിയില്‍ ചേര്‍ന്ന് മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. 2004ല്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ഥികളെ തോല്‍പിച്ച് ലോക്‌സഭയിലെത്തിയ എല്‍.ഡി.എഫിന്റെ 18 എം.പിമാരും പ്രധാനമന്ത്രി സ്ഥാനത്തേക്ക് മന്‍മോഹന്‍ സിങിനെയാണ് പിന്തുണച്ചത്. അക്കാലത്ത് അവര്‍ കോണ്‍ഗ്രസും മുസ്‌ലിംലീഗും ഉള്‍പ്പെട്ട യു.പി.എയുടെ ഭാഗമായിരുന്നു. കേരളത്തില്‍ സി.പി.എമ്മിനോടൊപ്പവും മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനോടൊപ്പവും ഗോവയില്‍ ബി.ജെ.പിക്കൊപ്പവും ഭരണം പങ്കിട്ട എന്‍.സി.പി പോലെയുള്ള പാര്‍ട്ടികളും ജനാധിപത്യ ഇന്ത്യയുടെ പരിഛേദമാണ്.

യു.പി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട് ചില കോണുകളില്‍ നിന്നും വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങളാണ് വരുന്നത്. അസദുദ്ധീന്‍ ഉവൈസിയുടെ പാര്‍ട്ടിയായ എ.ഐ.എം.ഐ. എമ്മുമായി സഖ്യത്തിലാണ് എന്നും കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ ശ്രമിക്കുന്നു എന്നൊക്കെയാണ് എഴുതി വിടുന്നത്. തെലുങ്കാനയില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസും എം.ഐ.എമ്മും ഒന്നിച്ചാണ് മത്സരിച്ചത്. കേന്ദ്രത്തില്‍ യു.പി.എ മുന്നണില്‍ സി.പി.എമ്മിനൊപ്പം ഉവൈസിയുമുണ്ടായിരുന്നു. എന്നാല്‍ യു.പി തിരഞ്ഞെടുപ്പില്‍ ഉവൈസിയുമായി മുസ്‌ലിംലീഗ് പാര്‍ട്ടിക്ക് നിലവില്‍ ഒരു സഖ്യവുമില്ല. മറിച്ച് പാര്‍ട്ടി മത്സരിക്കുന്നത് വാമന്‍ മിശ്രം നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പരിവര്‍ത്തന്‍ മോര്‍ച്ച എന്ന മുന്നണിയുമായി ചേര്‍ന്നാണ്. അതില്‍ ഉള്‍പ്പെടുന്ന പാര്‍ട്ടികള്‍ ബഹുജന്‍ മുക്തി പാര്‍ട്ടി, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്, രാഷ്ട്രീയ ബഗീദാരി പാര്‍ട്ടി, ഇന്‍സാഫ് വാദി പാര്‍ട്ടി, രാഷ്ട്രീയ സത്യാഗ്രഹ പാര്‍ട്ടി, ജന്‍ഹിത് കിസാന്‍ പാര്‍ട്ടി, വഞ്ചിത് സമാജ് ഇന്‍സാഫ് പാര്‍ട്ടി, സെക്യൂലര്‍ ഇന്‍ഖിലാബ് പാര്‍ട്ടി, പിച്ച്ട സമാജ് പാര്‍ട്ടി തുടങ്ങിയ ദലിത് പിന്നാക്ക കൂട്ടായ്മകളാണ്.

മുസ്‌ലിംലീഗ് മത്സരിക്കുന്ന മണ്ഡലത്തില്‍ എം.ഐ.എമ്മിനും സ്ഥാനാര്‍ഥിയുണ്ടായിരുന്നു. എന്നാല്‍ അവരുടെ പത്രിക തള്ളിപ്പോവുകയാണുണ്ടായത്. അതിനെ തുടര്‍ന്ന് അവര്‍ രാഷ്ട്രീയ പരിവര്‍ത്തന്‍ മോര്‍ച്ചക്ക് പിന്തുണ നല്‍കുകയായിരുന്നു. 1952ലാണ് ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. അന്ന് വടകര നിയമസഭാസീറ്റില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രാജാ പാര്‍ട്ടിയും പിന്തുണക്കുന്ന തറമ്മല്‍ കൃഷ്ണന്റെ നോമിനേഷന്‍ തള്ളിയപ്പോള്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കാളോത്ത് മൊയ്തു ഹാജിക്ക് സി.പി.ഐ നേതാവ് എ.കെ.ജി നിരുപാധികം പിന്തുണ പ്രഖ്യാപിച്ചു. ഉടനെ വന്നു മൊയ്തു ഹാജിയുടെ പ്രഖ്യാപനം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണ ഞങ്ങള്‍ക്ക് ആവശ്യമില്ല. എ. കെ.ജിയെ പോലെയുള്ള ഒരു നേതാവിന് വലിയ നാണക്കേടായി അത്. എങ്കിലും അത് മറച്ചുവെച്ച് സഖാവ് മറുപടി നല്‍കി. പിന്തുണ വേണോ വേണ്ടയോ എന്നത് സ്ഥാനാര്‍ഥി പറയുന്നതിലല്ല കൊടുക്കാനുള്ള ഞങ്ങളുടെ അവകാശമാണ് ഇവിടെ പ്രസക്തം. ഇങ്ങനെയൊക്കെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സംഭവിച്ചിട്ടുണ്ട്.

മുസ്‌ലിം സമുദായം എന്നും വോട്ട് ചെയ്യുന്ന യന്ത്രങ്ങളായി മാത്രം നില്‍ക്കണമെന്ന ഉത്തരേന്ത്യയിലെ മുഖ്യധാരാ പാര്‍ട്ടികളുടെ നിലപാടിനെതിരെ കൂടിയാണ് ലീഗ് അവിടെ മത്സരിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസോ അഖിലേഷ് യാദവോ മുസ്‌ലിംലീഗിനെ പരിഗണിക്കുകയാണെങ്കില്‍ പാര്‍ട്ടി അവരോടൊപ്പം കൂടുമായിരുന്നു. അവരൊന്നും മുസ്‌ലിംലീഗിന്റെ ഐഡന്റിറ്റി പൊളിറ്റിക്‌സിലെ അവരുടെ മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറായിട്ടില്ല. മുസ്‌ലിംലീഗ് ഒരു പുതിയ പാര്‍ട്ടിയൊന്നുമല്ല. യു.പി നിയമസഭയില്‍ ഒന്നിലേറെ അംഗങ്ങളുണ്ടായിരുന്ന പാര്‍ട്ടിയാണ്. മീററ്റ് കോര്‍പറേഷനില്‍ പാര്‍ട്ടിക്ക് മേയര്‍ ഉണ്ടായിട്ടുണ്ട്. ചെറുതെങ്കില്‍ ഒരു സ്വാധീനം ഇപ്പോഴും യു.പിയില്‍ മുസ്‌ലിം ലീഗിനുണ്ട്. അത്‌കൊണ്ട് അവരുമായി സഹകരിക്കാന്‍ തയ്യാറുള്ളവരുമായി ചേര്‍ന്ന് പാര്‍ട്ടി അവിടെ മത്സരിക്കുന്നു. മുസ്‌ലിംലീഗിനെ വിമര്‍ശിക്കുന്നവര്‍ പറയുന്നത് ഐ.എന്‍.എല്‍ അവിടെ പ്രതീകാത്മകമായി മത്സരിക്കുന്നുണ്ട് എന്നാണ്. ജയവും തോല്‍വിയും സ്വാഭാവികമാണെങ്കിലും ജയിക്കാന്‍ വേണ്ടി തന്നെയാണ് മുസ്‌ലിംലീഗ് മത്സരിക്കുന്നത്. അതല്ലാതെ ആളില്ലാ പാര്‍ട്ടിയായ ഐ.എന്‍.എല്ലിനെ പോലെ പ്രതീകാത്മകമായി മത്സരിച്ച് പരിഹാസ്യരാകാനല്ല.

Test User: