X

യൂപി തെരഞ്ഞെടുപ്പ്; എസ്.പിക്ക് വോട്ട് ചെയ്യരുതെന്ന്  ജനങ്ങളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് അഖിലേഷ് യാദവ്

സമാജ്‌വാദി പാര്‍ട്ടിക്ക് വോട്ട് നല്‍കരുതെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജനങ്ങളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ഗുരുതര പരാതിയുമായി എസ്പി നേതാവ് അഖിലേഷ് യാദവ്. യു.പി തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം അടുത്തിരിക്കെയാണ് ആരോപണവുമായി അഖിലേഷ് രംഗത്തെത്തിയത്. ഭീഷണിപ്പെടുത്തികൊണ്ടുള്ള കോളുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ആവശ്യപ്പെട്ട അഖിലേഷ് എസ്പി അധികാരത്തിലെത്തിയാല്‍ അവര്‍ക്കെതിരെ കേസെടുക്കുമെന്നും പറഞ്ഞു. ആഗ്രയിലെ ബാഹ് അസംബ്ലി മണ്ഡലത്തില്‍ വെച്ച് നടന്ന യോഗത്തിലാണ് അഖിലേഷിന്റെ പരാമര്‍ശം.

എസ്പി നിര്‍ണായക ശക്തിയായി മാറിയതോടെ ജനങ്ങളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും അത്തരം കോളുകള്‍ ലഭിക്കുന്നവര്‍ അത് റെക്കോര്‍ഡ് ചെയ്യണമെന്നും അഖിലേഷ് പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടനയുടെ സംരക്ഷണത്തിന് വേണ്ടിയും ഉത്തര്‍പ്രദേശിന്റെ ഭാവിക്ക് വേണ്ടിയുമാണ് ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതെന്ന് അഖിലേഷ് കൂട്ടിചേര്‍ത്തു.

ഫെബ്രുവരി 10നാണ് യൂപി നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. 7 ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മാര്‍ച്ച് പത്തിനാണ്.

Test User: