X

ജാതിയുടെയും മതത്തിന്റെയും പേരില്‍ ഒരിക്കലും വിവേചനം കാണിക്കില്ലെന്ന് മോദി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ജാതി രാഷ്ട്രീയം പറയാതെ പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വോട്ടുപിടിത്തം. മുസ്്‌ലിംകളുടെ ഖബറിസ്ഥാന് സ്ഥലം കണ്ടെത്താമെങ്കില്‍ ഹിന്ദുക്കളുടെ ശ്മശാനത്തിനും സ്ഥലം ലഭിക്കേണ്ടതുണ്ട്, റംസാന് വൈദ്യുതി ലഭിക്കുന്നുണ്ടെങ്കില്‍ ദീപാവലിക്കും ലഭിക്കേണ്ടതുണ്ട് തുടങ്ങിയവയായിരുന്നു മോദിയുടെ പരാമര്‍ശങ്ങള്‍. യുപിയിലെ ഫത്തേപൂരില്‍ ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ തന്റെ സര്‍ക്കാര്‍ ഒരു വിവേചനവും കാണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസംഗത്തില്‍ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാറിനെതിരെ രൂക്ഷമായ ആക്രമണമാണ് മോദി നടത്തിയത്. അധികാരം നഷ്ടപ്പെടുമെന്ന ഭയത്തിലാണ് എസ്.പി കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നത്. കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്ന് രാം മനോഹര്‍ ലോഹ്യയുടെ തത്വശാസ്ത്രത്തെ അപമാനിച്ചിരിക്കുകയാണ് എസ്.പി. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവര്‍ സാഹചര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമല്ല എന്നിപ്പോള്‍ തിരിച്ചറിയുകയാണ്. അതു കൊണ്ടാണ് അവര്‍ എസ്.പിയുമായി കൂട്ടുകൂടുന്നത്- മോദി പറഞ്ഞു.
എല്ലാ വീടുകളിലും സൗജന്യ പാചക വാതക കണക്്ഷന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ മാതാവ് വിറകടുപ്പ് കത്തിച്ചാണ് പാചകം ചെയ്തിരുന്നത്. അതില്‍ താന്‍ വളരെ വിഷമിച്ചിരുന്നു. ബി.ജെ.പി അധികാരത്തില്‍ എത്തിയ ശേഷം 1.45 കോടി ദരിദ്രര്‍ക്ക് പാചക വാതക സിലിണ്ടര്‍ നല്‍കി. സര്‍ക്കാര്‍ പദ്ധതി പ്രകാരം 1.15 കോടി ജനങ്ങള്‍ അവരുടെ സബ്‌സിഡി വേണ്ടെന്നു വെച്ചു. ഇതിലൂടെയാണ് പുതിയ കണക്്ഷനുകള്‍ നല്‍കാന്‍ സാധിച്ചത്- അദ്ദേഹം അവകാശപ്പെട്ടു. ബി.ജെ.പി അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

chandrika: