ലക്‌നോ: ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട പരസ്യ പ്രചാരണം അവസാനിച്ചു. ജാതീയ വോട്ടുകള്‍ ഏറെ നിര്‍ണായകമായ പടിഞ്ഞാറന്‍ യു.പിയിലെ 15 ജില്ലകളിലെ 73 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ പോളിങ് ബൂത്തിലെത്തുക. ന്യൂനപക്ഷ, ജാട്ട് വോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള പടിഞ്ഞാറന്‍ യു.പിയില്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യം, ബി.എസ്.പി, ബി.ജെ.പി, ആര്‍.എല്‍.ഡി പാര്‍ട്ടികളുടെ ചതുഷ്‌കോണ മത്സരത്തിനാണ് ഇത്തവണ വേദിയാവുന്നത്.
ബി.എസ്.പി 18 മുസ്്‌ലിം സ്ഥാനാര്‍ത്ഥികളേയും എസ്.പി-കോണ്‍ഗ്രസ് സഖ്യം 12 മുസ്്‌ലിം സ്ഥാനാര്‍ത്ഥികളേയുമാണ് ആദ്യഘട്ടത്തില്‍ ഗോദയിലിറക്കിയിട്ടുള്ളത്. ജാട്ട് വോട്ടുകളില്‍ കണ്ണു നട്ടിരിക്കുന്ന ബി.ജെ.പിക്ക് അജിത് സിങിന്റെ ആര്‍.എല്‍.ഡിയായിരിക്കും വലിയ വെല്ലുവിളി സൃഷ്ടിക്കുക. യു.പിയുടെ ജാട്ട് ലാന്റ്, പഞ്ചസാര ബെല്‍റ്റില്‍ ജാതി സമവാക്യങ്ങളാണ് എന്നും നിര്‍ണായകമാവാറുള്ളത്. മുസഫര്‍നഗര്‍, ഷാംലി, മീററ്റ്, ഭഗ്പത്, എറ്റാ, ആഗ്ര, ഗൗതം ബുദ്ധനഗര്‍, മഥുര എന്നീ ജില്ലകളിലെ വോട്ട് വിഭജനം എല്ലാ പാര്‍ട്ടികള്‍ക്കും അതിനിര്‍ണായകമാണ്.
രാഷ്ട്രീയ കളികള്‍ക്കു വേദിയൊരുക്കുക എന്നതിനേക്കാളുപരിയായി തെരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടങ്ങളിലേക്കുള്ള തന്ത്രം മെനയാനുള്ള അവസരം കൂടിയാവും ആദ്യഘട്ട വോട്ടെടുപ്പ്. ബി.എസ്.പി തങ്ങളെ പിന്തുണക്കുമെന്ന് കരുതുന്ന ദലിത്, മുസ്്‌ലിം വിഭാഗങ്ങള്‍ ആദ്യഘട്ട പോളിങ് നടക്കുന്ന 73 മണ്ഡലങ്ങളിലും നിര്‍ണായക സാന്നിധ്യമാണ്. എന്നാല്‍ ബി.ജെ.പിക്കെതിരായ മതേതര സഖ്യമെന്ന നിലയില്‍ രൂപം കൊണ്ട എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിന് ഇത്തവണ ഈ വിഭാഗങ്ങളില്‍ നിന്നും കാര്യമായ പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നത്. മുസ്്‌ലിം-ഗുജ്ജര്‍ ഐക്യമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലൂടെ അഖിലേഷ്-രാഹുല്‍ കൂട്ടുകെട്ട് മുന്നോട്ടു വെക്കുന്നത്. ഖൈറാന, ഷാംലി, സഹാറന്‍പൂര്‍ എന്നീ സീറ്റുകളില്‍ നിര്‍ണായകമായ പിന്നാക്ക വിഭാഗമായ ഗുജ്ജറുകള്‍ മുസ്്‌ലിം വിഭാഗത്തോടൊപ്പം നിന്നാല്‍ പല മണ്ഡലങ്ങളിലേയും ജയ പരാജയങ്ങള്‍ നിര്‍ണയിക്കുന്ന ഘടകമായി മാറും. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ യു.പിയില്‍ ബി.എസ്.പി 23 സീറ്റുകളും എസ്.പി 24 ഉം, കോണ്‍ഗ്രസ് അഞ്ചും ബി.ജെ.പി, ആര്‍.എല്‍.ഡി പാര്‍ട്ടികള്‍ ഒമ്പത് സീറ്റുകളും നേടിയിരുന്നു. 14 വര്‍ഷത്തെ വനവാസത്തിനു ശേഷം അധികാരത്തില്‍ തിരിച്ചെത്താനൊരുങ്ങുന്ന ബി.ജെ.പിയ്ക്ക് ഒന്നാം ഘട്ടം അധിനിര്‍ണായകമാണ്.
2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയിലെ 80ല്‍ 71 മണ്ഡലങ്ങളും ബി.ജെ.പി സ്വന്തമാക്കിയിരുന്നു. മുസ്്‌ലിം-ദളിത് വോട്ടുകള്‍ അപ്രാപ്യമായ ബി.ജെ.പി ഭൂരിപക്ഷ സമുദായ ദ്രുവീകരണമാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതിന് ആര്‍.എല്‍.ഡിയാണ് ഏറ്റവും വലിയ വെല്ലുവിളി. നഷ്ടപ്പെട്ട പിന്തുണ ജാട്ടുകള്‍ക്കിടയില്‍ ആര്‍.എല്‍.ഡി ആര്‍ജ്ജിച്ചത് ബി.ജെ.പിക്ക് തിരിച്ചടിയാവുമെന്നാണ് കണക്കു കൂട്ടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൂര്‍ണമായും ബി.ജെ.പി പെട്ടിയിലാണ് ജാട്ട് വോട്ടുകള്‍ വീണത്. എന്നാല്‍ തങ്ങളെ ബി.ജെ.പി വഞ്ചിച്ചുവെന്നാരോപിച്ച് ഇത്തവണ ജാട്ടുകള്‍ ആര്‍.എല്‍.ഡി പക്ഷത്താണ്. മോദിയുടെ നോട്ട് അസാധുവാക്കലിനെ തുടര്‍ന്നു കരിമ്പ് കര്‍ഷകര്‍ക്ക് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളും ആഗ്രയിലെ പൂട്ട് നിര്‍മാണ കമ്പനികള്‍ അടച്ചു പൂട്ടിയതുമെല്ലാം വോട്ടെടുപ്പില്‍ പ്രചാരണ വിഷയങ്ങളാണ്. ഖൈറാനയിലെ പലായനവും മുസഫര്‍ നഗര്‍ കലാപവുമായിരുന്നു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിഷയം. മുസഫര്‍ നഗര്‍ കലാപത്തിനു ശേഷം ജാട്ട്-മുസ്്‌ലിം ഐക്യം പുനസ്ഥാപിക്കുന്നതിനായി ആര്‍.എല്‍.ഡി ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അഞ്ച് മുസ്്‌ലിം സ്ഥാനാര്‍ത്ഥികളെ ആര്‍.എല്‍.ഡി കളത്തിലിറക്കിയിട്ടുണ്ട്.