സുല്‍ത്താന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി- കോണ്‍ഗ്രസ് സഖ്യത്തിന്റെ ആദ്യ തെരഞ്ഞെടുപ്പ് റാലിയില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി അഖിലേഷ് യാദവ്. ബിജെപിയെ കടന്നാക്രമിച്ചും സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഊന്നിപ്പറഞ്ഞുമാണ് സുല്‍ത്താന്‍പൂരില്‍ തെരഞ്ഞെടുപ്പ് റാലികള്‍ക്ക് അഖിലേഷ് തുടക്കമിട്ടത്.
ജനങ്ങള്‍ക്ക് നല്ല ദിനങ്ങള്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ നരേന്ദ്രമോദിയുടെ അച്ഛേ ദിന്‍ എവിടെയെന്ന് അഖിലേഷ് പരിഹസിച്ചു. “ഒരു പാര്‍ട്ടി പറഞ്ഞു, ഞങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ രാജ്യത്ത് അച്ചേദിന്‍ വരുമെന്ന്, എന്നാല്‍ ഞാന്‍ നിങ്ങളോട് ചോദിക്കുകയാണ് എവിടെയാണ് ആ അച്ചേദിന്‍ വന്നതെന്ന്” അഖിലേഷ് റാലിയില്‍ പറഞ്ഞു.
മോദി ഭരണം രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാക്കിയെന്ന് കുറ്റപ്പെടുത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി നോട്ട് അസാധുവാക്കിയതിലൂടെ കര്‍ഷകര്‍ ദുരിതമനുഭവിക്കുകയാണെന്നും പറഞ്ഞു. ജനങ്ങളെ ക്യൂ നിര്‍ത്തി വലച്ച ബിജെപിയെ ക്യൂ നിന്ന് വോട്ട് ചെയ്ത് തോല്‍പിക്കാന്‍ ജനം കാത്തിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നോട്ട് നിരോധന നടപടിക്കെതിരെ ശക്തമായി പ്രതികരിച്ച അഖിലേഷ് ലോകത്ത് എവിടെയെങ്കിലും അര്‍ദ്ധരാത്രിയില്‍ നോട്ട് നിരോധിച്ചതായി നിങ്ങള്‍ കേട്ടിട്ടുണ്ടോയെന്നും ജനങ്ങളോടായി ചോദിച്ചു.
അതേസമയം, സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങള്‍ എടുത്തു പറഞ്ഞ അഖിലേഷ്, മുലായം സിംഗ് യാദവിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ തന്റെ സര്‍ക്കാരിനു കഴിഞ്ഞുവെന്നും അവകാശപ്പെട്ടു. നോട്ട് അസാധു നടപടിയെ തുടര്‍ന്ന് രാജ്യത്ത് നിരവധി ആളുകള്‍ മരണപ്പെട്ടു. നമ്മുടെ സര്‍ക്കാര്‍ മാത്രമാണ് അവര്‍ക്ക് സഹായവുമായി എത്തിയത്. ഇരകള്‍ക്ക് രണ്ട് ലക്ഷം രൂപ സഹായം നല്‍കിയതായും റാലിയെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
സുല്‍ത്താന്‍പൂരിലെ റാലിയില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തു. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രിയങ്കഗാന്ധി പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെ നാല്‍പ്പത് പേരാണ് പ്രചാരണത്തിന് നേതൃത്വം വഹിക്കുന്നത്
അതിനിടെ, സമാജ്‌വാദി പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ അടഞ്ഞ അദ്ധ്യായമാണെന്നും കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയത് ബിജെപിയെ തടഞ്ഞുനിര്‍ത്താനെന്നും അഖിലേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.