X

യു.പി തെരഞ്ഞെടുപ്പ്; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്ന് ബി.ജെ.പി

ലക്‌നൗ: അടുത്ത വര്‍ഷം ആദ്യം നടക്കുന്ന നിര്‍ണായകമായ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ല. ആരെയും ഉയര്‍ത്തിക്കാട്ടാതെ ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ വ്യക്തമാക്കി. ‘എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്കായി കാത്തിരിക്കുകയാണ്. ആരെയും ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടേണ്ടതില്ല എന്നതാണ് ഞങ്ങളുടെ വ്യക്തമായ നയം. അസമിലും ബിഹാറിലും പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നു. ആദ്യത്തേതില്‍ വിജയിക്കുകയും രണ്ടാമിടത്ത് തോല്‍ക്കുകയും ചെയ്തു. ഹരിയാനയിലും ജാര്‍ഖണ്ഡിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്ലാതെയാണ് ഞങ്ങള്‍ മത്സരിച്ചത്’- മൗര്യ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രപാര്‍ലമെന്ററി ബോര്‍ഡ് മുഖ്യമന്ത്രിയെ തീരുമാനിക്കും. 403 സീറ്റുകളില്‍ പാര്‍ട്ടി 300 ല്‍ വിജയിക്കുമെന്നാണ് വിശ്വാസം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞയാഴ്ച കാണ്‍പൂരില്‍ നടന്ന ബുദ്ധസന്യാസിമാരുടെ പരിപാടിയായ ധര്‍മ്മ ചേത്‌നാ യാത്രയില്‍ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നുവെന്ന് ബി.എസ്.പി അധ്യക്ഷ മായാവതിയുടെ ആരോപണം അദ്ദേഹം തള്ളി. മതനേതാക്കളെയും ബുദ്ധദേവനെയും മായാവതി താറടിച്ചു കാണിക്കുയാണെന്നും ഇതിന്റെ ഫലം തെരഞ്ഞെടുപ്പില്‍ അനുഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടി വിട്ട് അഖിലേഷ് യാദവ് ബി.ജെ.പിയിലെത്തിയാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് സഫായി കുടുംബത്തിലെ ആര്‍ക്കും തങ്ങളുടെ പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എസ്.പി അധ്യക്ഷന്‍ മുലായം സിങ് യാദവിന്റെ ജന്മസ്ഥലമാണ് സഫായി.
കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാദീക്ഷിതിനെ ഉയര്‍ത്തിക്കാട്ടിയ സാഹചര്യത്തില്‍ ബി.ജെപിയുടെ സ്ഥാനാര്‍ത്ഥി ആര് എന്നത് രാഷ്ട്രീയ വൃത്തങ്ങളിലെ പ്രധാന ചര്‍ച്ചയായിരുന്നു. ജൂലൈയിലായിരുന്നു ഷീലയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടത്. ബ്രാഹ്മണ വോട്ടുകളില്‍ കണ്ണുവെച്ചാണ് ഇവരെ മുഖ്യമന്ത്രി സ്ഥാനര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നത്. ഉയര്‍ന്ന ജാതി ഹിന്ദുക്കളുടെ വോട്ടു പിടിക്കാനുള്ള ബി.ജെ.പി തന്ത്രങ്ങള്‍ക്കുള്ള മറുതന്ത്രമായിരുന്നു ഷീലയുടെ സ്ഥാനാര്‍ത്ഥിത്വം. ദളിത് വോട്ടുകള്‍ മായാവതിയുടെ ബി.എസ്.പിക്കും മുസ്്‌ലിം-യാദവ വോട്ടുകള്‍ മുലായംസിങ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിക്കും ഗണ്യമായി പോകുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ബ്രാഹ്മണ വോട്ടുകളില്‍ കണ്ണുവെച്ചത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് കൃത്യമായ വോട്ടുബാങ്കുമില്ല.

chandrika: