പി.സി. ജലീല്‍
ന്യൂഡല്‍ഹി: ‘എന്തൊക്കെയായിരുന്നു, ഗംഗാ ശുചീകരണം, സ്മാര്‍ട്ട് സിറ്റി, പിന്നെ സ്വച്ഛ്ഭാരത്’. അങ്ങനെയങ്ങനെ സ്വന്തം മണ്ഡലമായ വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫറുകള്‍ തലയിലുള്‍ക്കൊള്ളാന്‍ പറ്റാത്തത്രയുമായിരുന്നു. എന്നാല്‍ ആകെക്കൂടി കാശിക്ഷേത്രങ്ങളില്‍ പ്രധാനമന്ത്രി വകയായുള്ള ‘ഓഫറിങ് പ്രെയേഴ്‌സ്’ അല്ലാതെ മറ്റൊരു ഓഫറുകളും ഇന്നോളം പൂവണിഞ്ഞിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വാരാണസിയിലെത്തിയ പത്രപ്രവര്‍ത്തകര്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പിനെത്തുമ്പോഴും ആ പുരാതന കാലത്തെ കാശിയെ അതേപടി നിലനിര്‍ത്തിയിരിക്കുന്നുവെന്നല്ലാതെ മറ്റൊന്നും കണ്ടെത്താനാവുന്നില്ല. പിന്നെ ഒന്നു കൂടിയുണ്ടായി. പട്ട് കച്ചവടക്കാരുടെ നഗരം മൊത്തത്തില്‍ നോട്ടു അസാധുവാക്കലിലൂടെ പൂട്ടിക്കിട്ടി.
ചെറുകിട ബിസിനസുകളും ഷോപുകളും നിറഞ്ഞ വാരാണസി നഗരം നിലനില്‍ക്കുന്നത് പട്ട് കച്ചവടത്തെ കേന്ദ്രീകരിച്ചാണ്. മോദിയുടെ കള്ളപ്പണക്കാര്‍ക്കെതിരെയെന്ന പേരില്‍ കുത്തകകള്‍ക്കു വേണ്ടി നടത്തിയ പുട്ടുകച്ചവടത്തില്‍ നടുവൊടിഞ്ഞവരുടെ നഗരമായിരിക്കുന്നു ക്ഷേത്രനഗരി. മോദിയുടെ ഡീമോണറ്റൈസേഷന് റഫറണ്ടവുമായാണ് ഈ നഗരം നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങിയിരിക്കുന്നത്.
ആസന്നമരണന് കാശിയില്‍ ഭഗവാന്‍ ശ്രീശങ്കരന്‍ താരകമന്ത്രം ഉപദേശിച്ചുകൊടുക്കുമെന്നാണ് വിശ്വാസം. നിയമസഭാ തെരഞ്ഞെടുപ്പ് പ്രധാനമന്ത്രിപദത്തില്‍ മോദിയുടെ ആസന്നമരണത്തിന്റെ മന്ത്രോച്ചാരണമാകുമെന്നേ കരുതാനാവൂ. കാശിയില്‍ ഗംഗാതീരത്തു നാല്‍പത്തൊന്നു കടവുകളുണ്ട്. ഗായ്ഘട്ടം പഞ്ചഗംഗാഘട്ടം, മണികര്‍ണികാഘട്ടം, ദശാശ്വമേധഘട്ടം തുടങ്ങി പ്രധാനപ്പെട്ട പലതും. നാല്‍പത്തൊന്നു കടവുകളിലും ക്ഷേത്രങ്ങളുണ്ട്. അതുപോലെ കുണ്ഡങ്ങളും തീര്‍ത്ഥങ്ങളുമുണ്ട്. നഗരങ്ങളുടെ മാലിന്യങ്ങള്‍ കൊണ്ടു പൊറുതിമുട്ടിയ ഗംഗാനദിയെ രക്ഷിക്കുമെന്ന പ്രഖ്യാപനം കേട്ട് പുണ്യനദിക്കായി സ്വയം സമര്‍പ്പിച്ച് മോദിക്കു മുന്നില്‍ വീണവര്‍ മൂന്നു വര്‍ഷം കഴിഞ്ഞ്് നോക്കുമ്പോഴും നദിക്കു മോക്ഷം ലഭിച്ചതായി കാണാത്തതിന്റെ രോഷത്തിലാണ്.
വാരാണസിയില്‍ അഞ്ചു നിയമസഭാ സീറ്റുകളാണുള്ളത്. സിറ്റി നോര്‍ത്ത്, സിറ്റി സൗത്ത്, സേവാപുരി, റൂഹാനിയ്യ, കന്റോണ്‍മെന്റ്. സൗത്തില്‍ ബിജെപിക്കു വേണ്ടി നീല്‍കാന്ത് തിവാരിയും സേവാപൂരിയില്‍ അപ്‌നാദളിന്റെ നീല്‍കാന്ത് പട്ടേലും റൂഹാനിയ്യയില്‍ സുരേന്ദ്ര നാരായണ്‍ സിങും കന്റോണ്‍മെന്റില്‍ സൗരഭ് ശ്രീവാസ്തവയും എന്‍ഡിഎക്കായി ജനവിധി തേടുന്നു. കന്റോണ്‍മന്റില്‍ കോണ്‍ഗ്രസിന്റെ അനില്‍ ശ്രീവാസ്തവയാണ് ബിജെപിയുടെ മുഖ്യ എതിരാളി. ബിഎസ്പി മുസ്്‌ലിം സ്ഥാനാര്‍ഥിയെ ആണ് പരീക്ഷിക്കുന്നത്. രിള്്‌വാന്‍ അഹമ്മദ്. എന്നാല്‍ കന്റോണ്‍മെന്റ് പൊതുവെ സ്വതന്ത്ര സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാറുള്ള മണ്ഡലമാണ്. ഇത്തവണയും അങ്ങോട്ടാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പ്രധാനപ്പെട്ട ക്ഷേത്രാചാര്യന്മാരും മഹന്തുമാരും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കു പിന്നിലാണ്. സുനില്‍ കുമാര്‍ ശുക്ല ആചാര്യന്മാര്‍ക്കായി മത്സരിക്കും. സൗത്തില്‍ സതീഷ് കുമാര്‍ അഗ്രഹാരിയും ദശാശ്വമേദ്ഘട്ടില്‍ ജനങ്ങളെ സേവിക്കാനായി പ്രതിജ്ഞ ചെയ്ത് രംഗത്തിറങ്ങിക്കഴിഞ്ഞു.
വാരാണസി നോര്‍ത്തില്‍ ബിജെപിയുടെ രവീന്ദ്ര ജയ്‌സ്വാളിനെ നേരിടുന്നത് കോണ്‍ഗ്രസിലെ അബ്ദുല്‍സമദ് അന്‍സാരിയാണ്. ബിഎസ്പിക്കായി സുജിത് കുമാര്‍ മൗര്യയും ആര്‍എല്‍ഡിക്കു വേണ്ടി വിഭ്യകുമാറും മത്സരിക്കുന്നു. കഴിഞ്ഞ തവണ ബിജെപി മണ്ഡലം പിടിച്ചത് വെറും രണ്ടായിരം വോട്ടുകള്‍ക്ക് മാത്രമാണ്.