മഥുര: ജീവിതത്തില്‍ ഇതുവരെ 16 തെരഞ്ഞെടുപ്പുകളിലാണ് ‘ഫക്കഡ് ബാബ’ മത്സരിച്ചത്. എല്ലാം തോല്‍ക്കുകയും ചെയ്തു. പ്രായം 73 ആയെങ്കിലും ഉത്തര്‍പ്രദേശിലെ ആസന്നമായ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബാബ ഉണ്ടാകും. സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള ദിവസങ്ങള്‍ക്ക് തുടക്കമായപ്പോള്‍ ആദ്യദിനം രംഗത്തെത്തിയ ഒരേയൊരാള്‍ ബാബയായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതലോടെ തങ്ങളുടെ സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കുമ്പോള്‍ സമ്മര്‍ദങ്ങളൊന്നുമില്ലാതെ ഊന്നുവടിയുടെ സഹായത്തോടെ എത്തിയ ബാബ മഥുര മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുന്നതിനുള്ള പത്രിക സമര്‍പ്പിച്ചു.
1977 മുതല്‍ക്കാണ് ബാബ മത്സരിക്കാനും തോല്‍ക്കാനും തുടങ്ങിയത്. അതില്‍ എട്ടെണ്ണം ലോക്‌സഭാ തെരഞ്ഞെടുപ്പുകളായിരുന്നു. 1991-ല്‍ ബി.ജെ.പിയുടെ സാക്ഷി മഹാരാജിനെതിരെ 8,000-ലധികം വോട്ടുകള്‍ നേടിയതാണ് ഏറ്റവും മികച്ച പ്രകടനം.
സ്വന്തമായി വീടോ സ്ഥലമോ മറ്റു സമ്പാദ്യങ്ങളോ ഇല്ലാത്ത ബാബ ക്ഷേത്രങ്ങളിലും പൊതു കിടപ്പിടങ്ങളിലുമാണ് അന്തിയുറങ്ങാറുള്ളത്. ‘വിക്കി’ എന്നു വിളിക്കുന്ന ഒരു മോപ്പഡ് മാത്രമാണ് തന്റെ സമ്പാദ്യമെന്ന് ബാബ പറയുന്നു. 2014-ല്‍ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ 84,000 രൂപയാണ് ചെലവിട്ടത്. എല്ലാം സംഭാവനയായിരുന്നു.
തന്റെ ഗുരുവായ ജഗന്നാഥ് പുരിയിലെ ശങ്കരാചാര്യ സ്വപ്‌നത്തില്‍ വന്ന് ഉപദേശിക്കുന്നതു കൊണ്ടാണ് താന്‍ മത്സരിക്കുന്നതെന്ന് ബാബ പറയുന്നു. ഇത്തവണയും താന്‍ ജയിക്കില്ലെന്ന് ബാബക്കറിയാം. പക്ഷേ, തോല്‍ക്കാന്‍ വേണ്ടിയുള്ള ഈ മത്സരങ്ങള്‍ക്കും മറ്റൊരു ലക്ഷ്യമുണ്ട്; 20-ാമത്തെ അങ്കം. ഇരുപതാം തെരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമെന്നാണ് ഗുരു സ്വപ്‌ന ദര്‍ശനം നല്‍കിയതെന്ന് അദ്ദേഹം പറയുന്നു.
Related: