X

യു.പി തദ്ദേശ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു; ബി.ജെ.പിക്ക് നിര്‍ണായകം

ലക്‌നോ: ഉത്തര്‍ പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിന് അടുത്ത മാസം 22ന് തുടക്കമാവും. മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. 2019ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാക്കാനുള്ള അവസരമായതിനാല്‍ തന്നെ തെരഞ്ഞെടുപ്പിനെ അതീവ ഗൗരവത്തോടെയാണ് പാര്‍ട്ടികള്‍ നോക്കിക്കാണുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 73 എം.പിമാരെ സംഭാവന ചെയ്തതിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വിജയവും ബി. ജെ.പിക്ക് വലിയ ആത്മ വിശ്വാസം പകരുമ്പോഴും യോഗി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആറു മാസത്തിനുള്ളില്‍ നടക്കുന്ന തെരഞ്ഞെടുപ്പെന്നതിനാല്‍ ഫലം സര്‍ക്കാറിന് ഏറെ നിര്‍ണായകമാണ്. നോട്ട് അസാധുവാക്കലിന് ജനങ്ങളുടെ പിന്തുണ ലഭിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടത് യു.പി നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാതലത്തിലായിരുന്നു.

അതിനാല്‍ തന്നെ ജി.എസ്.ടി നടപ്പിലാക്കിയ ശേഷം നടക്കുന്ന തെരഞ്ഞെടുപ്പായതിനാല്‍ വലിയ സംസ്ഥാനമായ യു.പിയില്‍ വിജയിക്കാനായാല്‍ അത് ജി.എസ്.ടിക്ക് അനുകൂലമായ വിധിയായി വിലയിരുത്തപ്പെടും. വ്യാപാരികളില്‍ നിന്നും ചെറുകിട വ്യവസായികളില്‍ നിന്നും ജി.എസ്.ടിക്കെതിരായി വലിയ വിമര്‍ശമുയരുമ്പോഴും പരമ്പരാഗത വോട്ടു ബാങ്ക് തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന വിശ്വാസത്തിലാണ് ബി.ജെ.പി. നിലവില്‍ സംസ്ഥാനത്തെ 12 മേയര്‍മാരില്‍ 10 ഉം ബി.ജെ.പിക്കൊപ്പമാണ്. സമാജ് വാദി പാര്‍ട്ടിയില്‍ അഖിലേഷ്, മുലായം പോരും മായാവതിയുടെ ബി.എസ്.പിയില്‍ രണ്ടാം നിര നേതാക്കളുടെ അഭാവവും ബി.ജെ.പിക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ ആനുകൂല്യം നല്‍കുന്നുണ്ട്.

എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്്‌ലിം വോട്ടുകളിലുണ്ടായ ചോര്‍ച്ച ഇത്തവണ സംഭവിക്കില്ലെന്നാണ് എസ്.പി കണക്കു കൂട്ടുന്നത്. കോണ്‍ഗ്രസും ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് ഗൗരവത്തിലാണ് കൈകാര്യം ചെയ്യുന്നത്. മൂന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും തങ്ങളുടെ ശക്തി പരീക്ഷിക്കാനുള്ള അവസരമായിരിക്കും ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാവുക.

തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലമനുസരിച്ചായിരിക്കും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയിലെ പ്രതിപക്ഷ സഖ്യസാധ്യതകള്‍. 3.30 കോടി വോട്ടര്‍മാരാണ് യു.പിയില്‍ മേയര്‍, കോര്‍പറേറ്റര്‍മാര്‍, നഗരപാലിക ചെയര്‍പേഴ്‌സണ്‍സ്, വാര്‍ഡ് അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുക്കുക. നാല് പട്ടണങ്ങള്‍ കൂടി മുനിസിപ്പല്‍ കോര്‍പറേഷനുകളാക്കിയതിനാല്‍ മേയര്‍മാരുടെ എണ്ണം 12ല്‍ നിന്നും 16 ആയി ഉയരും.

chandrika: