X

യുപി തെരഞ്ഞെടുപ്പ്: ബിഎസ്പിയെ എഴുതിത്തള്ളരുത് – കാരണം

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മായാവതിയുടെ ബിഎസ്പി കറുത്ത കുതിരകളാവുമോ? അഭിപ്രായ സര്‍വേകള്‍ പാര്‍ട്ടിക്ക് വന്‍ പ്രതീക്ഷകള്‍ നല്‍കുന്നില്ലെങ്കിലും ശുഭപ്രതീക്ഷയില്‍ തന്നെയാണ് മായാവതി.

ഇതുവരെ വന്ന അഭിപ്രായ സര്‍വേകളിലെല്ലാം ബിജെപിക്കും എസ്പിക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ബിഎസ്പി. എബിപി- സിഎസ്ഡിഎസ് സര്‍വേയില്‍ ബിഎസ്പിക്ക് 22 ശതമാനം വോട്ടോടെ 93-103 സീറ്റുകളും, ഇന്ത്യ ടുഡേ 26 ശതമാനം വോട്ടോടെ 75-85 സീറ്റുകളുമാണ് ബിഎസ്പിക്ക് നല്‍കുന്നത്.

2012ലെ തെരഞ്ഞെടുപ്പില്‍ 25 ശതമാനം വോട്ടുകളാണ് ബിഎസ്പിക്ക് ലഭിച്ചത്. അതിനു മുമ്പ് 2007ല്‍ ഇത് 30 ശതമാനമായിരുന്നു. ഈ അഞ്ച് ശതമാനം വോട്ടുകളിലെ കുറവ് 2012ല്‍ സമാജ് വാദി പാര്‍ട്ടിക്ക നല്‍കിയത് 224 സീറ്റുകളാണ്. 126 സീറ്റുകളുണ്ടായിരുന്ന ബിഎസ്പി 80 സീറ്റുകളിലൊതുങ്ങി. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 27 ശതമാനം വോട്ടുകളും 20 സീറ്റുകളുമുണ്ടായിരുന്നു ബിഎസ്പിക്ക്. എല്ലാ തെരഞ്ഞെടുപ്പുകളിലും 25 ശതമാനം വോട്ടുലഭിച്ച പാര്‍ട്ടിക്ക് ഉറച്ച വോട്ടുബാങ്കുണ്ടെന്നര്‍ത്ഥം.

എന്നാല്‍ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ മോദി തരംഗത്തില്‍ ബിഎസ്പിയുടെ വോട്ടിങ് 19 ശതമാനത്തിലേക്ക് വീണു. പാര്‍ട്ടിയുടെ ദലിത് വോട്ടുബാങ്കിലേക്ക് ബിജെപി കടന്നു കയറിയതാണ് ഇതിനിടയാക്കിയത്. ഇതിനു ശേഷം മായാവതിയുടെ പ്രവര്‍ത്തനങ്ങളെല്ലാം അണിയറയിലായിരുന്നു. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാതെ മാറി നിന്ന പാര്‍ട്ടി പക്ഷെ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കി. ബിജെപിയുടെ ദളിത് എതിര്‍പ്പും സര്‍ക്കാര്‍ വിരുദ്ധ വികാരവുമാണ് ബിഎസ്പിക്ക് നേട്ടമുണ്ടാക്കിയത്.

സമാജ് വാദി പാര്‍ട്ടിയിലെ പൊട്ടിത്തെറി ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുക മായാവതിക്കാണ്. എസ്പിയിലെ തര്‍ക്കത്തില്‍ അഖിലേഷ് ശക്തനാവുമെങ്കിലും പിതാവിനെ പോലെ ജാതിസമവാക്യങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ മിടുക്കനല്ല അഖിലേഷ്. എസ്പി പിളരുകയാണെങ്കില്‍ തെരഞ്ഞെടുപ്പ് ഉച്ഛസ്ഥായിയിലെത്തുമ്പോള്‍ അഖിലേഷിന് എത്രത്തോളം ഓളമുണ്ടാക്കാനാവുമെന്ന് കണ്ടറിയണം. അല്ലാത്തപക്ഷം അത്‌നേട്ടമാവുക മായാവതിക്കാണ്.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 42 ശതമാനം വോട്ടു ഷെയര്‍ നേടിയ ബിജെപിക്കും ഇപ്പോള്‍ കാര്യം അത്ര ആശ്വാസ്യകരമല്ല. എബിപി സര്‍വേയില്‍ പാര്‍ട്ടിക്ക് 27 ശതമാനം വോട്ടുകളും ഇന്ത്യ-ടുഡേ ആക്‌സിസ് സര്‍വേയില്‍ 33 ശതമാനം വോട്ടുകളുമാണ് പ്രവചിക്കുന്നത്. 10 ശതമാനത്തിലധികമുള്ള ഈ വോട്ടുചോര്‍ച്ച ദളിത് വോട്ടുകള്‍ ബിഎസ്പിയിലേക്ക് തിരിച്ചുപോകുന്നുവെന്ന സൂചനയാണ് സര്‍വേകള്‍ നല്‍കുന്നത്. ചെറിയ വോട്ടുമാറ്റം പോലും സീറ്റുകളുടെ എണ്ണത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്ന യുപിയില്‍ അത്‌കൊണ്ട് തന്നെ മായാവതിയെയും പാര്‍ട്ടിയെയും എഴുതിത്തള്ളുക മണ്ടത്തരമാകും.

chandrika: