ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ഉത്തര്‍പ്രദേശിലെ നോയിഡ ജില്ലാ കളക്ടര്‍ ‘പപ്പു’ എന്ന് വിശേഷിപ്പിച്ച സംഭവത്തില്‍ വിവാദം മുറുകുന്നു. കളക്ടര്‍ മനീഷ് വര്‍മയാണ് രാഹുലിനെ പപ്പുവെന്ന് സോഷ്യല്‍ മീഡിയയില്‍ വിശേഷിപ്പിച്ചത്.
കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റിന്റെ എക്‌സ് പോസ്റ്റിന് കളക്ടറുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് പ്രതികരണമുണ്ടാവുകയായിരുന്നു. ‘നിങ്ങള്‍ നിങ്ങളെ കുറിച്ചും നിങ്ങളുടെ പപ്പുവിനെ കുറിച്ചും മാത്രം ചിന്തിച്ചാല്‍ മതി,’ എന്നായിരുന്നു കമന്റ്. ഇതിനെതിരെ കോണ്‍ഗ്രസ് രൂക്ഷവിമര്‍ശനം ഉയര്‍ത്തിയതോടെ കമന്റ് ഡിലീറ്റ് ചെയ്യുകയുമുണ്ടായി.
സംഭവം വിവാദമായതോടെ പ്രതികരണവുമായി മനീഷ് വര്‍മ രംഗത്തെത്തുകയും ചെയ്തു. സാമൂഹിക വിരുദ്ധരില്‍ ആരോ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തിട്ടുണ്ടെന്നും ദുരുപയോഗം ചെയ്തെന്നും കളക്ടര്‍ എക്സില്‍ പറഞ്ഞു. സംഭവത്തില്‍ കളക്ടര്‍ പൊലീസിന് പരാതി കൈമാറുകയും ചെയ്തു.
പരാതിയില്‍ സൈബര്‍ സെല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. തുടര്‍ന്ന് എഫ്.ഐ.ആറിന്റെ പകര്‍പ്പ് ഉള്‍പ്പെടുത്തി കൊണ്ടായിരുന്നു ജില്ലാ കളക്ടറുടെ പ്രതികരണം. രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതികരിക്കുകയുണ്ടായി.
ഇന്ത്യന്‍ ബ്യൂറോക്രസിയില്‍ രാഷ്ട്രീയവത്ക്കരണം വര്‍ധിക്കുകയാണ്. പണ്ട് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യത്തിന്റെ ഉരുക്ക് ചട്ടക്കൂട് എന്ന് വിശേഷിപ്പിച്ച സിവില്‍ സര്‍വീസിന് മേല്‍ ആരോക്കെയോ തുരങ്കം വെക്കുന്നുണ്ടെന്നുമായിരുന്നു ജയറാം രമേശിന്റെ പ്രതികരണം. അധിക്ഷേപം നടത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം ഒരു ചരിത്രകാരനുമായി നടത്തിയ ചര്‍ച്ചയുടെ ഒരു ഭാഗമായിരുന്നു സുപ്രിയ ശ്രീനേറ്റ് എക്സില്‍ പങ്കുവെച്ചത്.ചരിത്രം നിര്മിച്ചതാണെന്നും മാറ്റാന്‍ കഴിയില്ലെന്നുമാണ് ഈ ഭാഗത്തില്‍ ചരിത്രകാരന്‍ പറയുന്നത്. ചരിത്രം തന്നെ എങ്ങനെ ഒരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയാമെന്നും അതുകൊണ്ടാണ് അദ്ദേഹം ആശങ്കപ്പെടുന്നതെന്നും ചരിത്രകാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ പോസ്റ്റിന് താഴെയായാണ് രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചുകൊണ്ട് ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിന്ന് കമന്റ് വന്നത്.